Section

malabari-logo-mobile

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഐ തങ്ങള്‍ അന്തരിച്ചു

HIGHLIGHTS : എടവണ്ണ: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എടവണ്ണ പത്തപ്പിരിയം ഗ്രീന്‍ഹൗസില്‍ എം.ഐ തങ്ങള്‍ (70) അന്തരിച്ചു. ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശ...

എടവണ്ണ: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എടവണ്ണ പത്തപ്പിരിയം ഗ്രീന്‍ഹൗസില്‍ എം.ഐ തങ്ങള്‍ (70) അന്തരിച്ചു. ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. ഖബറടക്കം നാളെ രാവിലെ 7.30ന് പത്തപ്പിരിയം പെരൂല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍

പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, വിവര്‍ത്തകന്‍ എന്നീനിലകളില്‍ ശ്രദ്ധേയനായിരുന്നു. മഞ്ചേരി കാരക്കുന്നില്‍ എം കുഞ്ഞക്കോയ തങ്ങളുടെയും ഷരീഫാ ബീവിയുടെയും മകനാണ്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളഗ്രന്ഥശ ശാല പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ കണ്‍ട്രോള്‍ ബോര്‍ഡിന്റെ മുഴുവന്‍ സമയ അംഗമായിരുന്നു. 1975ല്‍ ചന്ദ്രിക ദിനപത്രത്തില്‍ സബ് എഡിറ്ററായി പത്രപ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം പിന്നീട് ചന്ദ്രിക ദിനപത്രത്തിന്റെ എഡിറ്ററായി. വര്‍ത്തമാനം ദിനപത്രത്തിന്റെ എക്സിക്യുട്ടീവ് എഡിറ്റര്‍, മാപ്പിളനാട് പത്രത്തിന്റെ പത്രാധിപര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

ആത്മീയതയുടെ അഗ്നിനാളങ്ങള്‍, മുസ്ലിം രാഷ്ട്രീയം ഇന്ത്യയില്‍, ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തിന്റ കഥ, ആഗോള വല്‍ക്കരണത്തിന്റെ അനന്തരഫലങ്ങള്‍, സര്‍ സയ്യിദ് ജീവചരിത്രം എന്നിവയാണ് പ്രധാന കൃതികള്‍. ഇംഗ്ലീഷ്, ഉര്‍ദു, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യംമുണ്ടായിരുന്ന തങ്ങള്‍ ഫിഖ്ഹിന്റ പരിണാമം (അബുആമിന ബിലാല്‍ ഫിലിപ്സ്), നമ്മുടെ സമ്പദ്ശാസ്ത്രം (മുഹമ്മദ് ബാഖിര്‍ സദര്‍), ഖുര്‍ആനിലെ പ്രകൃതി രഹസ്യങ്ങള്‍ (ഐ.എ ഇബ്രാഹിം) എന്നീ കൃതികള്‍ ഇംഗ്ലീഷിലേക്കും വിപ്ലവത്തിന്റ പ്രവാചകന്‍ (മൗലാന വഹീദുദ്ദീന്‍ ഖാന്‍) എന്ന കൃതി ഉറുദുവിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

എ.വി. അബ്ദുറഹിമാന്‍ ഹാജി ഫൗണ്ടേഷന്‍ അവാര്‍ഡ്, ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ മാദ്ധ്യമ പുരസ്‌കാരം, അല്‍കോബാര്‍ കെ.എം.സി.സി രജതജൂബിലി പുരസ്‌കാരം എന്നിവ അദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഭാര്യ: ശറഫുന്നീസ. മക്കള്‍: ശരീഫ നജ്മുന്നീസ, ശരീഫ സബാഹത്തുന്നീസ, സയ്യിദ് ഇന്‍തിഖാബ് ആലം, സയ്യിദ് അമീന്‍ അഹ്‌സന്‍, സയ്യിദ് മുഹമ്മദ് അല്‍ത്താഫ്, സയ്യിദ് മുജ്തബ വസീം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!