Section

malabari-logo-mobile

ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസം ബോബി ചാള്‍ട്ടണ്‍ അന്തരിച്ചു

HIGHLIGHTS : English football legend Bobby Charlton has passed away

മാഞ്ചസ്റ്റര്‍:  ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസവും എക്കാലത്തെയും മികച്ച താരങ്ങളിലൊരാളുമായ സര്‍ ബോബി ചാള്‍ട്ടന്‍ (86) അന്തരിച്ചു.  1966ല്‍ ഇംഗ്ലണ്ടിനെ ലോക ചാമ്പ്യന്‍മാരാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇംഗ്ലണ്ട് ദേശീയ ടീമിനായി 106 മത്സരങ്ങള്‍ കളിച്ച ബോബി 49 രാജ്യാന്തര ഗോളുകള്‍ പേരിലാക്കി. ബോബി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍ കൂടിയാണ്. യുണൈറ്റഡ് കുപ്പായത്തില്‍ 758 മത്സരങ്ങളിലാണ് സര്‍ ബോബി ചാള്‍ട്ടന്‍ മൈതാനത്തിറങ്ങിയത്. ബോബി ചാള്‍ട്ടന്‍ 2020 മുതല്‍ ഡിമെന്‍ഷ്യ രോഗബാധിതനായിരുന്നു. ബോബി മ്യൂണിക്ക് വിമാനദുരന്തത്തില്‍ നിന്ന് രക്ഷപെട്ട എട്ട് താരങ്ങളിലൊരാള്‍ കൂടിയാണ്.

ഫുട്‌ബോള്‍ ചരിത്രത്തിലെ മഹാനായ താരങ്ങളുടെ പട്ടികയിലേക്ക് വളര്‍ന്ന ബോബി ചാള്‍ട്ടന്‍ 1937 ഒക്ടോബര്‍ 11ന് ബ്രിട്ടനിലെ ആഷിങ്ടണിലാണ് ജനിച്ചത്. സ്‌കൂള്‍ പഠനത്തിനിടെ ഫുട്‌ബോള്‍ പരിശീലനം ആരംഭിച്ച ബോബി 1953 ജനുവരി 1ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബില്‍ ചേര്‍ന്നു. 1956ല്‍ യുണൈറ്റഡ് കുപ്പായത്തില്‍ അദേഹം അരങ്ങേറി. 1958 ഫെബ്രുവരിയില്‍ മ്യൂണിക്ക് വിമാനദുരന്തത്തില്‍ നിന്ന് ബോബിയടക്കം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിലെ 8 പേര്‍ രക്ഷപെട്ടിരുന്നു. 1958ല്‍ ഇംഗ്ലണ്ട് ദേശീയ ടീമില്‍ അംഗമായ ബോബി 1958, 1962, 1966, 1970 ലോകകപ്പുകളില്‍ ജഴ്സിയണിഞ്ഞു. 1966ല്‍ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമില്‍ ബോബിയും അംഗമായിരുന്നു. ബോബിയുടെ സഹോദരന്‍ ജാക്ക് ചാള്‍ട്ടനും ആ ടീമിലുണ്ടായിരുന്നു. 1966ല്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം കരസ്ഥമാക്കി ഫുട്‌ബോളിന്റെ പാരമ്യതയിലെത്തി.

ഇംഗ്ലണ്ടിന് ടീമിന് പുറത്ത് യുണൈറ്റഡ് ക്ലബിന്റെ ഐക്കണ്‍ കൂടിയായിരുന്നു ബോബി ചാള്‍ട്ടന്‍. 1968ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുമ്പോള്‍ ബോബി ടീമിന്റെ ക്യാപ്റ്റനായിരുന്നു. 1970ലെ ലോകകപ്പിന് പിന്നാലെ ഇംഗ്ലണ്ട് ദേശീയ ടീമില്‍ നിന്ന് ബോബി വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിന് വേണ്ടി 106 മത്സരങ്ങള്‍ കളിച്ച അദേഹം 49 ഗോളുകള്‍ നേടി. രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന ബോബിയുടെ റെക്കോര്‍ഡ് 2015 സെപ്റ്റംബറില്‍ വെയ്ന്‍ റൂണി മറികടക്കും വരെ തകരാതെ നിന്നു. 1973ല്‍ യുണൈറ്റഡ് ക്ലബില്‍ നിന്നും ബൂട്ടഴിച്ചു. ഇതിഹാസ ക്ലബിന് വേണ്ടി 758 മത്സരങ്ങളില്‍ നിന്ന് 249 ഗോളുകള്‍ നേടി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ബോബിയുടെ റെക്കോര്‍ഡും വെയ്ന്‍ റൂണിയാണ് (2017ല്‍) മറികടന്നത്. ഇംഗ്ലീഷ് ഫുട്‌ബോളിനുള്ള സംഭാവനകള്‍ മാനിച്ച് 1994ല്‍ എലിസബത്ത് രാജ്ഞി അദേഹത്തെ ‘സര്‍’ പദവി നല്‍കി ആദരിച്ചു.

മൈ ഇംഗ്ലണ്ട് ഇയേഴ്‌സ്, മൈ സോക്കര്‍ ലൈഫ്, ഫോര്‍വേഡ് ഫോര്‍ ഇംഗ്ലണ്ട്, മൈ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇയേഴ്‌സ് എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!