
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് വാട്‌സാപ് പോലെയുള്ള സമൂഹമാധ്യമങ്ങളിലൂടെ നോട്ടുകള്‍ നല്‍കുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്. വിദ്യാര്‍ഥികളുടെ അമിത പഠനഭാരവും നോട്ടുകള്‍ പ്രിന്റൗട്ട് എടുക്കുന്നതിലെ ബുദ്ധിമുട്ടും ബോധ്യപ്പെടുത്തിയുള്ള പരാതികളുടെ സാഹചര്യത്തിലാണ് നടപടി. ഓണ്‍ലൈന്‍ പഠനരീതി ഒഴിവാക്കണമെന്ന നിര്‍ദേശം കര്‍ശനായി പാലിക്കുന്നുണ്ടെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരും ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്.
ഓണ്‍ലൈന്‍ പഠനരീതി തുടര്‍ന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസില്‍നിന്ന് നേരിട്ടു ലഭിക്കേണ്ട പഠനാനുഭവം നഷ്ടപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനകാര്യങ്ങള്‍ ഓര്‍ക്കാനും ശരിയായ രീതിയില്‍ മനസിലാക്കാനും സംശയനിവാരണത്തിനും ഓണ്‍ലൈന്‍ പഠനരീതി ഒഴിവാക്കണം. റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഇടവിട്ട് സ്‌കൂളുകള്‍ സന്ദര്‍ശിച്ച് നിര്‍ദേശം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഇതിനായി വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരില്‍നിന്നും പ്രതികരണങ്ങള്‍ ആരായണമെന്നും നിര്‍ദേശമുണ്ട്.
കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ക്ലാസില്‍ ഹാജരാകാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ പഠനരീതി ഏര്‍പ്പെടുത്തിയത്. എന്നാല്‍ കോവിഡിനുശേഷവും പഠനവിവരങ്ങള്‍ വാട്സാപിലൂടെ നല്‍കുന്ന പ്രവണത തുടരുന്നുണ്ടെന്നാണ് വിലയിരുത്തല്‍. സ്വകാര്യ ഏജന്‍സികളും ട്യൂഷന്‍ സെന്ററുകളുമിത് മുതലെടുക്കുന്നതായും വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ചില രക്ഷിതാക്കള്‍ ബാലാവകാശ കമീഷനില്‍ പരാതിയും നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




