കള്ളപ്പണ ഇടപാട് ആരോപണ കേസ്; പഞ്ചാബില്‍ എഎപി മന്ത്രി സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് ഇഡി

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പഞ്ചാബ് ക്യാബിനറ്റ് മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സഞ്ജീവ് അറോറയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ മുതല്‍ അറോറയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ റെയ്ഡുകള്‍ നടന്നിരുന്നു. ഡല്‍ഹി, ഗുരുഗ്രാം, ഛണ്ഡീഗഡ് എന്നിവിടങ്ങളിലും ഛണ്ഡിഗഡിലെ ഔദ്യോഗിക വസതിയിലും നടന്ന റെയ്ഡിലണ് പഞ്ചാബ് വ്യവസായ മന്ത്രിയായ സഞ്ജീവ് അറോറയെ ഇഡി കസ്റ്റഡിയിലെടുത്തത്. ഇത് രണ്ടാം തവണയാണ് അറോറയുടെ വസതിയിലും സ്ഥാപനങ്ങളിലുമായി ഇഡി റെയ്ഡ് നടത്തുന്നത്. 62കാരനായ സഞ്ജീവ് അറോറ ലുധിയാന വെസ്റ്റില്‍ നിന്നുള്ള എംഎല്‍എയാണ്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് അറസ്റ്റ് എന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപോര്‍ട്ട്. സഞ്ജീവ് അറോറ തന്റെ കമ്പനി വഴി നൂറു കോടിയിലധികം രൂപയുടെ മൊബൈല്‍ ഫോണുകള്‍ വ്യാജ ജിഎസ്ടി ബില്ലുകള്‍ വഴി വാങ്ങി എന്നാണ് പ്രധാന ആരോപണം. ഡല്‍ഹിയിലില്ലാത്ത വ്യാജ കമ്പനികളുടെ പേരില്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റും എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റും ഉണ്ടാക്കി. ഡ്യൂട്ടി ഡ്രോബാക്കില്‍ ജിഎസ്ടി റീഫണ്ട് നേടുന്നതിനായി നിരവധി വ്യാജ ജിഎസ്ടി പര്‍ച്ചേസ് ബില്ലുകള്‍ ഉണ്ടാക്കിയതിലൂടെ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം വരുത്തിവച്ചു. ഈ പണം ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് കള്ളപ്പണമായി എത്തിച്ചു എന്നതാണ് കേസ്. ഇതിലൂടെ അദ്ദേഹം വ്യക്തിപരമായി വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

പഞ്ചാബില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സഞ്ജീവ് അറോറയുടെ അറസ്റ്റുണ്ടായിരിക്കുന്നത്. മന്ത്രിക്കെതിരായ നടപടി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണെന്ന ആരോപണവുമായി എഎപി നേതാക്കള്‍ രംഗത്തെത്തി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയ വേട്ടയാടല്‍ നടത്തുകയാണെന്നും എഎപി ആരോപിച്ചു. നേരത്തെ എഎപി രാജ്യസഭാ എംപിയായിരുന്ന അശോഖ് കുമാര്‍ മിത്തലും സമാന റെയ്ഡ് നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മിത്തല്‍ അടക്കം ഏഴു രാജ്യസഭാ എംപിമാര്‍ എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top