HIGHLIGHTS : Drought Prevention District Disaster Management Authority
കോഴിക്കോട്:വരള്‍ച്ച നേരിടുന്നതിന് വിവിധ വകുപ്പുകളെ സജ്ജമാക്കുന്നതിന് കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്നു. വേനല്‍ കടുക്കുന്നതോടെ വരള്‍ച്ച സാധ്യത മുന്‍കൂട്ടി കണ്ടു കൊണ്ടുള്ള സംസ്ഥാന ദുരന്തം നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ജില്ലയില്‍ സ്ഥാപിച്ചിട്ടുള്ള 451 ശുദ്ധ ജല കിയോസ്‌ക്കുകള്‍ പരിശോധിച്ച് പ്രവര്‍ത്തിക്കാത്തവ പ്രവര്‍ത്തന യോഗ്യമാക്കാന്‍ തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജല ക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ കണ്ടെത്തി ടാങ്കര്‍ ലോറികള്‍ വഴി ശുദ്ധ ജലം വിതരണം ചെയ്തു വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കണം.
അടഞ്ഞു കിടക്കുന്ന കനാലുകള്‍ നന്നാക്കുന്നതിനും പൊതുസ്ഥലങ്ങളില്‍ അഗ്‌നി ബാധക്ക് കാരണമാകുന്ന ചപ്പുചവറുകള്‍ കൂട്ടിയിടുന്നത് തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗം തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.
ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ തൊഴില്‍ സമയം ക്രമീകരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയക്രമം രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെയായി ക്രമീകരിച്ചിട്ടുണ്ട്. ഇതില്‍ രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ ഒഴിവ് നല്‍കണം. ഈ നിര്‍ദേശം പാലിക്കുന്നുണ്ടോ എന്ന് ലേബര്‍ ഓഫീസുകള്‍ക്ക് കീഴിലെ സ്‌ക്വാഡുകള്‍ പരിശോധിക്കും.
വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജലസേചന വകുപ്പ് മുഖേന ജില്ലയില്‍ പുതിയ തടയണകളുടെയും വിസിബി (വെന്റഡ് ക്രോസ് ബാര്‍) കളുടെയും നിര്‍മ്മാണം, നിലവിലുള്ള വിസിബികളുടെ പുനരുദ്ധാരണം, കുളങ്ങളുടെ നവീകരണം, ഉപ്പുവെള്ള പ്രതിരോധ പ്രവൃത്തികള്‍ എന്നിങ്ങനെ 28 വിവിധ ജലസംരക്ഷണ പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നുണ്ട്.
ജില്ലാ അഗ്‌നിരക്ഷാ സേനയുടെ ഓഫീസിന് കീഴിലുള്ള മുഴുവന്‍ അഗ്‌നിരക്ഷാ നിലയങ്ങളിലും മോക്ഡ്രില്‍, ബോധവത്കരണ ക്ലാസുകള്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സ്വകാര്യ- പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും നല്‍കിവരുന്നുണ്ട്. ജില്ലയിലെ മാലിന്യ സംസ്‌കരണ പ്ലാന്റകളില്‍ തുടര്‍ച്ചയായ ഇടവേളകളില്‍ പരിശോധന നടത്തുകയും ചെയ്തു വരുന്നു.
കൃഷി, വനം, മൃഗ സംരക്ഷണം തുടങ്ങിയ വിവിധ വകുപ്പുകളും വരള്‍ച്ച നേരിടുന്നതിനുള്ള നിര്‍ദ്ദേശങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. മഴയ്ക്ക് മുന്നേ മാലിന്യമുക്ത ക്യാമ്പയിന്‍ ജനങ്ങളുടെ പങ്കാളിത്തത്തോടെ നടത്താനും യോഗം നിര്‍ദ്ദേശിച്ചു.
ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഇ അനിത കുമാരി, തദ്ദേശ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ സരുണ്‍ കെ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍ രാജേന്ദ്രന്‍, ഡിഎഫ്ഒ ആഷിഖ് അലി, എസിപി കെ എ ബോസ്, ജില്ലാ ഫയര്‍ ഓഫീസര്‍ കെ എം അഷ്റഫ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജേഷ് ടി ജി, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു