ഡൽഹി : ജമ്മു കശ്മീരിൽ വീണ്ടും ഡ്രോൺ സാന്നിധ്യം കണ്ടെത്തി. സാംബ ജില്ലയിലെ മൂന്ന് ഇടങ്ങളിലാണ് ഡ്രോൺ ഒരേ സമയം പ്രത്യക്ഷപ്പെട്ടത്. ഇന്നലെ രാത്രി 8.30 ഓടെ ബരി-ബ്രാഹ്മണ, ചിലാഡ്യ, ഗാഗ്വാൾ എന്നീ പ്രദേശങ്ങളിൽ ഒരേ സമയം ഡ്രോൺ കണ്ടെത്തിയത്.
ചിലാഡ്യയിൽ ഡ്രോൺ പ്രത്യക്ഷപ്പെട്ടതോടെ സുരക്ഷാ സേന വെടിയുതിർക്കുകയായിരുന്നു. തുടർന്ന് അത് പാക് പ്രദേശത്തേയ്‌ക്ക് തിരികെ പോയി. മറ്റ് രണ്ട് പ്രദേശങ്ങളിലും എത്തിയ ഡ്രോണുകൾക്ക് നേരെ സുരക്ഷാ സേനയ്‌ക്ക് വെടിയുതിർക്കാൻ സാധിച്ചില്ല. അവ ഉടൻ തിരികെ പോകുകയായിരുന്നു.
ഡ്രോൺ ആക്രമണങ്ങൾ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ജമ്മു കശ്മീരിൽ നേരത്തെയും പാക് ഡ്രോണുകൾ കണ്ടെത്തിയിരുന്നു. വ്യോമ താവളത്തിന് നേരെ പാകിസ്താൻ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തുകയുമുണ്ടായി. രാജ്യം ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് അറിയിച്ചത്.




