ഖത്തറില്‍ അസ്ഥിര കാലാവസ്ഥ തുടരുന്നു; ശക്തമായ കാറ്റും മഴയും തുടരും

ദോഹ: രാജ്യത്ത് ശക്തമായ കാറ്റും മഴയും തുടരുമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച വരെ ഇടിയോടു കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചിരിക്കുന്നത്. ഉൾക്കടലിൽ 38 നോട്ടിക്കൽ മൈൽ വരെ വേഗത്തിലാണ്‌ കാറ്റു വീശിയത്‌. തിങ്കൾ വൈകിട്ടുവരെ കടലിൽ പോകരുതെന്നു കാലാവസ്‌ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ട്‌. കനത്ത മഴയെത്തുടർന്ന്‌ അന്തരീക്ഷ താപനിലയിൽ പകലും രാത്രിയും നാലു ഡിഗ്രി സെൽഷ്യസ്‌ മുതൽ അഞ്ചു ഡിഗ്രിവരെ കുറവുണ്ടായി. ദോഹയിലും പരിസരത്തും ഇന്നലെ പകൽ താപനില 19 ഡിഗ്രി സെൽഷ്യസായിരുന്നു.

തെക്കുകിഴക്കുനിന്ന്‌ വടക്കുകിഴക്കു ദിശയിലേക്കാവും കാറ്റു വീശുക. 15 നോട്ടിക്കൽ മൈൽ മുതൽ 25 നോട്ടിക്കൽ മൈൽ വരെയാവും കാറ്റിന്റെ വേഗം.എല്ലാ നഗരസഭകളിലും വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിനു വിളിക്കേണ്ട ഫോൺ നമ്പറുകൾ നഗരസഭ പരിസ്‌ഥിതി മന്ത്രാലയം (ബലദിയ) വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഈ നമ്പറുകളിൽ വിളിക്കുന്നതിനു പൊതുജനങ്ങൾ മടിക്കരുതെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്‌. എട്ടു നഗരസഭകളിലെയും എമർജൻസി നമ്പറുകൾ ചുവടെ: ദോഹ നഗരസഭ: 50332521, 55396342, 55333253. അൽ റയ്യാൻ നഗരസഭ: 30526816, 30526818, 30526841. അൽ വക്ര നഗരസഭ: 55482183, 77191198, 55083000. ഉംസലാൽ നഗരസഭ: 55552775, 55122009, 55552775. അൽ ഖോർ നഗരസഭ: 55868313, 55888600, 66612834. അൽ ദായീൻ നഗരസഭ: 55691712, 55808077, 30060504. അൽ ഷമാൽ നഗരസഭ: 55077550, 55400888, 55218520. അൽ ഷീഹാനിയ നഗരസഭ: 55551939, 55550282, 77602116.

കനത്ത മഴമൂലം അൽ റയ്യാനിലെ ചില നിർമാണ മേഖലകളിൽനിന്നു വെള്ളം പമ്പ്‌ ചെയ്‌തു നീക്കുന്നത്‌ നിർത്തിവച്ചതോടെയാണ്‌ ഇവിടെ താഴ്‌ന്ന സ്‌ഥലങ്ങളിലെ വീടുകളിൽ വെള്ളം കയറിയത്‌. ബർവ സിറ്റിയിൽ നിന്നു രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റോഡിലും കനത്ത വെള്ളക്കെട്ടുണ്ട്‌. ശക്‌തമായ കാറ്റിൽ ഇവിടെ ചില മരങ്ങൾ ഒടിഞ്ഞുവീഴുകയും ചെയ്‌തു. റോഡുകളിലെ വെള്ളക്കെട്ട് വാഹനാപകടങ്ങൾ വർധിപ്പിച്ചേക്കാമെന്നതിനാൽ ആഭ്യന്തരമന്ത്രാലയവും കാലാവസ്‌ഥാ നിരീക്ഷണ വിഭാഗവും ഡ്രൈവർമാർക്ക്‌ ട്വിറ്ററിലൂടെയും ഫെയ്‌സ്‌ബുക്കിലൂടെയും നിരന്തരം മുന്നറിയിപ്പു നൽകിയിരുന്നു. ദോഹ, അബുഹമൂർ, അൽവക്ര, അൽ റയ്യാൻ, അൽഖോർ, ഉം സലാൽ, അൽ ദായീൻ, ദൂഖാൻ, ഷഹാനിയ, റുവായിസ്‌, മിസൈദ്‌, അബുസംറ തുടങ്ങി ഖത്തറിന്റെ എല്ലാ ഭാഗങ്ങളിലും കനത്ത മഴയാണ്‌ ലഭിച്ചത്‌.

 

Related Articles