Section

malabari-logo-mobile

ഖത്തറില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നഴ്‌സറികള്‍ക്കെതിരെ സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കും;തൊഴില്‍ മന്ത്രാലയം

HIGHLIGHTS : ദോഹ: രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന നഴ്‌സറികള്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി തൊഴില്‍ മന്ത്രാലയം രംഗത്ത്. ലൈസന്‍സില്ലാതെ വീടുകള്‍ കേന്ദ...

ദോഹ: രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന നഴ്‌സറികള്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി തൊഴില്‍ മന്ത്രാലയം രംഗത്ത്. ലൈസന്‍സില്ലാതെ വീടുകള്‍ കേന്ദ്രീകരിച്ച് നഴ്‌സറികള്‍ നടത്തുന്നവര്‍ക്കെതിരെ സിവില്‍,ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയം അറിയിച്ചു. ഈ വിഷയത്തില്‍ പ്രാദേശിക അറബിക് പത്രങ്ങളിലൂടെ മന്ത്രാലയം പരസ്യം നല്‍കി തുടങ്ങിയിട്ടുണ്ട്.

നാലുവയസില്‍ താഴെയുള്ള കുട്ടികളെ കൂട്ടമായി ഒരു സ്ഥലത്ത് കുറേനേരം പിടിച്ചിരുത്തുന്നത് നഴ്‌സറിയായി കണക്കാക്കുമെന്ന് മന്ത്രാലയം പുറത്തുവിട്ട പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്. 2014ലെ ഒന്നാം നമ്പർ നിയമത്തിലാണ്‌ നഴ്‌സറികളുടെ ലൈസൻസും നടത്തിപ്പും സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്നത്‌.  കുട്ടികളുടെ സുരക്ഷയെക്കരുതിയാണ്‌ നഴ്‌സറി നടത്തിപ്പിനു ഖത്തർ ശക്‌തമായ വകുപ്പുകളും നിയമലംഘകർക്ക്‌ കടുത്ത ശിക്ഷയും വ്യവസ്‌ഥ ചെയ്യുന്ന നിയമം പാസാക്കിയത്‌.

sameeksha-malabarinews

സ്‌ഥാപന ഉടമയ്‌ക്ക് പുറമേ അനധികൃത നഴ്‌സറിയിലെ ജോലിക്കാർക്കും സഹായികൾക്കും എതിരെയും 2014ലെ ഒന്നാം നമ്പർ നഴ്‌സറി നിയമം അനുസരിച്ചും 2004ലെ 11-ാം നമ്പർ കുറ്റകൃത്യ നിയമമനുസരിച്ചും നിയമ നടപടിയുണ്ടാകുമെന്നാണ്‌ മുന്നറിയിപ്പ്‌.

ഖത്തറിൽ പല സ്‌ഥലങ്ങളിലും വീടുകൾ കേന്ദ്രീകരിച്ച്‌ നഴ്‌സറികൾക്കു സമാനമായ സ്‌ഥാപനങ്ങൾ ലൈസൻസില്ലാതെ നടത്തുന്നുണ്ട്‌. പലപ്പോഴും കുറഞ്ഞ വരുമാനക്കാരായ രക്ഷിതാക്കളാണ്‌ വീടുകൾ കേന്ദ്രീകരിച്ച്‌ താൽക്കാലികമായി കുട്ടികളെ നോക്കാനേൽപിക്കുന്നത്‌. അനധികൃത നഴ്‌സറിയിൽ കുട്ടിയെ നോക്കുന്നതിന്‌ പ്രതിമാസം 300-400 റിയാൽ നൽകിയാൽ മതിയാവും. മൂന്നു കുട്ടികളുണ്ടെങ്കിൽപോലും പരമാവധി 1,200 റിയാൽ നൽകിയാൽ മതിയാവും. എന്നാൽ ലൈസൻസുള്ള നഴ്‌സറിയിൽ ഒരു കുട്ടിക്ക്‌ ഒരുമാസം നൽകേണ്ട ചുരുങ്ങിയ ഫീസ്‌ 1,200-1,500 റിയാലാണ്‌. മികച്ച നിലവാരമുള്ള നഴ്‌സറികളാണെങ്കിൽ പ്രതിമാസ ഫീസ്‌ 3,000 റിയാൽ വരെയാകും. ഉയർന്ന ഫീസ്‌ താങ്ങാനാവാത്തതിനാലാണ്‌ പല രക്ഷിതാക്കളും ഉഭയസമ്മതപ്രകാരം കുട്ടികളെ മറ്റു വീടുകളിൽ ഏൽപ്പിക്കുന്നത്‌.

തൊഴില്‍ മന്ത്രാലയത്തിന്റെ ഈ തീരുമാനം പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ്. കുറഞ്ഞ ഫീസില്‍ പ്രവര്‍ത്തിക്കുന്ന ഡേ കെയറുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ജോലിസ്ഥലത്തോടും ചേര്‍ന്ന് ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കമ്പനികള്‍ മുന്‍കയ്യെടുക്കുകയും ചെയ്യണമെന്നാണ് പ്രശ്‌നപരിഹാരമായി രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!