HIGHLIGHTS : District Development Committee meeting demands action to prevent attacks by wild animals

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചോര്‍ച്ചയടയ്ക്കാന്‍ മൂന്നര വര്‍ഷമായിട്ടും സാധിച്ചിട്ടില്ലെന്നും ജില്ലാ കളക്ടര്‍ നേരിട്ടിടപെട്ട് പരിഹാരം കാണണമെന്നും പി. നന്ദകുമാര്‍ എം.എല്‍.എ ജില്ലാ വികസന സമിതി യോഗത്തില്‍ പറഞ്ഞു. പൊന്നാനി സിവില്‍ സ്റ്റേഷനില്‍ നിര്‍മിക്കുന്ന അനക്‌സ് കെട്ടിടത്തിന്റെ നിര്‍മാണം വേഗത്തിലാക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. സാങ്കേതികാനുമതിക്കായി എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് ചീഫ് എഞ്ചിനീയര്‍ പരിശോധിച്ചുവരികയാണെന്നും എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.
മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസ് സമുച്ചയത്തിനായുള്ള കെട്ടിടനിര്‍മാണം ഭാരപരിശോധന നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രവൃത്തി ആരംഭിക്കാത്തത് സംബന്ധിച്ചും പി. നന്ദകുമാര്‍ എം.എല്‍.എ ജില്ലാ വികസന സമിതി യോഗത്തില്‍ ആരാഞ്ഞു. ഫയര്‍ എന്‍.ഒ.സി ഉള്‍പ്പെടെ ലഭിക്കുന്നതിന് ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്താനുണ്ടെന്നും ഡിസൈനിങ് വിങ് ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നുണ്ടെന്നും പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സി. എഞ്ചിനീയര്‍ അറിയിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടറേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ അറിയിച്ചു. ഇത് ലഭ്യമായാല്‍ ഉടന്‍ നിര്‍മാണപ്രവര്‍ത്തനം തുടങ്ങും.
കടലുണ്ടിപ്പുഴയിലെ ചാമക്കയം പമ്പ് ഹൗസില്‍ നിന്ന് വിതരണം ചെയ്യുന്ന കുടിവള്ളം കലങ്ങിയതും മാലിന്യമുള്ളതുമാണെന്ന പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് പി. ഉബൈദുള്ള എം.എല്‍.എ യോഗത്തില്‍ ആരാഞ്ഞു. പമ്പ് ഹൗസിന് സമീപം പ്രഷര്‍ ഫില്‍റ്റര്‍, ക്ലോറിനേഷന്‍ യൂനിറ്റ് എന്നിവ സ്ഥാപിച്ച് ശുദ്ധജല ലഭ്യത ഉറപ്പാക്കുമെന്ന് വാട്ടര്‍ അതോറിറ്റി എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.
കൊണ്ടോട്ടി വിദ്യാഭ്യാസ സമുച്ചയത്തിന്റെ കരാര്‍ ഏറ്റെടുത്തയാളെ മാറ്റിയിട്ടുണ്ടോ എന്നും പ്രവൃത്തി തുടരുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും ടി.വി ഇബ്രാഹിം എം.എല്‍.എ യോഗത്തില്‍ ആരാഞ്ഞു. കരാറില്‍ അധികയിനമായി ഉള്‍പ്പെടുത്തിയ റോക്ക് കട്ടിംഗിന് അനുവദനീയമായതിലധികം തുകയാണ് കരാറുകാരന്‍ ആവശ്യപ്പെടുന്നത്. അതിനാല്‍ നിലവിലെ കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്യുവാനും പുതിയ ടെന്‍ഡര്‍ നടപടികളിലൂടെ ബാക്കി പ്രവൃത്തികള്‍ ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി പൊതുമരാമത്ത് കെട്ടിടവിഭാഗം സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ കാര്യാലയത്തിലേക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ചേളാരി പടിക്കല്‍ ദേശീയപാതയില്‍ നിന്നുള്ള ഡ്രൈനേജ് പൈപ്പ് ഇടവഴിയിലേക്ക് തുറക്കുന്നതിനാല്‍ പരിസരത്തെ വീടുകളിലെ കുടിവെള്ളം മലിനമാകുന്നതായി പി. അബ്ദുൽ ഹമീദ് എം.എല്‍.എ പറഞ്ഞു. വെള്ളം സമീപത്തെ തോട്ടിലേക്ക് ഒഴുക്കിവിടാന്‍ ദേശീയപാതാ അതോറിറ്റി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാങ്കപ്പുഴ റെഗുലേറ്റര്‍ പദ്ധതിയുടെ പ്രയോജനം പൊന്നാനി താലൂക്കിലെ കര്‍ഷകര്‍ക്ക് കൂടി ലഭിക്കാന്‍ പന്താവൂര്‍-കക്കിടി തോട് നവീകരിച്ച് ബന്ധിപ്പിക്കാന്‍ സമഗ്ര പദ്ധതി വേണമെന്ന് ജില്ല വികസന സമിതിയോഗം പ്രമേയത്തിലൂടെ സര്‍ക്കാറിനോടാവശ്യപ്പെട്ടു. ഡോ.അബ്ദുസ്സമ്മദ് സമദാനി എം.പിയുടെ പ്രതിനിധി ഇബ്രാഹിം മൂതൂരാണ് പ്രമേയം അവതരിപ്പിച്ചത്. ആലങ്കോട്, എടപ്പാള്‍, വട്ടംകുളം നന്നംമുക്ക് കപ്പൂര്‍ പഞ്ചായത്തുകളിലെ 6000 ഹെക്ടര്‍ സ്ഥലത്ത് വേണ്ടത്ര വള്ളം കിട്ടാത കര്‍ഷകര്‍ ദുരിതത്തിലാണ്. അയ്യപ്പക്ഷേത്ര പരിസരത്ത് നിന്ന് തുടങ്ങി, പന്നിയൂര്‍ തുറ, ചേക്കോട്, കുറ്റിപ്പാല, കക്കിടിപ്പുറം, പന്താവൂര്‍ വഴിയുള്ള നിലവിലെ തോട് കെ എല്‍.ഡി.സി ഫണ്ട് ഉപയോഗിച്ച് നവീകരിച്ചാല്‍ പദ്ധതി നടപ്പാക്കാവുന്നതാണെന്നും പ്രമേയത്തില്‍ ചുണ്ടിക്കാട്ടി.
യോഗത്തില്‍ ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് അധ്യക്ഷത വഹിച്ചു. എ.ഡി.എം എന്‍.എം മെഹറലി, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.ഡി ജോസഫ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി സലിം കുരുവമ്പലം, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.