മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ഫിറ്റ്നെസ് ഇല്ലെന്ന് ബോധ്യമായ 30 സ്‌കൂള്‍ കെട്ടിടങ്ങള്‍ ദുരന്തനിവാരണ നിയമപ്രകാരം പൊളിച്ചു മാറ്റാന്‍ തീരുമാനമായതായി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ജില്ലാ വികസന സമിതിയോഗത്തില്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, പി ഡബ്ലിയു ഡി ബില്‍ഡിങ്സ് തുടങ്ങി വിവിധ വകുപ്പുകളുമായുള്ള യോഗം ഉടന്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ വെള്ളക്കെട്ടുകള്‍, കരിങ്കല്‍ ക്വാറികള്‍ എന്നിവിടങ്ങളില്‍ കുട്ടികളടക്കം അപകടത്തില്‍ പെടുന്നത് ഒഴിവാക്കാന്‍ ദുരന്തനിവാരണ വകുപ്പ് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന ടി വി ഇബ്രാഹിം എം എല്‍ എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിവിധ എ ഇ ഒ മാരുടെ കീഴിലുള്ള പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ എണ്ണം താഴെ പറയുന്നു.
താനൂര്‍-04, കുറ്റിപ്പുറം-01, അരീക്കോട്-06 , നിലമ്പൂര്‍-02 , തിരൂര്‍-01, വണ്ടൂര്‍-03, മഞ്ചേരി-02, മങ്കട-08, പരപ്പനങ്ങാടി-05 റൂമുകള്‍, തിരൂരങ്ങാടി-01 സ്‌കൂള്‍ പാചകപ്പുര, തിരൂരങ്ങാടി ഡി ഇ ഒയ്ക്ക് കീഴില്‍-01, മലപ്പുറം-02 കെട്ടിടങ്ങളും 02 ടോയ്ലറ്റും. ഇവയെല്ലാം വാല്വേഷന്‍, ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്ക്ി 30 ദിവസത്തിനകം പൊളിച്ചി മാറ്റണമെന്ന് അതാത് തദ്ദേശ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായി കളക്ടര്‍ അറിയിച്ചു.
ആസൂത്രണസമിതി ഹാളില്‍ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയോഗം അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനമാചരിച്ചു കൊണ്ടാണ് തുടങ്ങിയത്. യോഗത്തില്‍ രണ്ടു പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിനായി ചെലവഴിക്കേണ്ട സി ഇ ആര്‍ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട പ്രമേയമാണ് ടി.വി.ഇബ്രാഹിം എം എല്‍ എ അവതരിപ്പിച്ചത്. ഫണ്ടുവിനിയോഗത്തെ സംബന്ധിച്ച് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശങ്ങള്‍ ഉന്നയിക്കുകയും അവ മിനുട്സില്‍ രേഖപ്പെടുത്തുകയും ചെയ്തെങ്കിലും ഈ ഫണ്ട് മറ്റു ജില്ലകളിലേയ്ക്ക് വകയിരുത്തുകയാണ് ചെയ്തത്. ഈ ഫണ്ട് എയര്‍പോര്‍ട്ടിന്റെ വികസനവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനായി വിനിയോഗിക്കണമെന്നും അതിനു വേണ്ട പ്രപ്പോസലുകള്‍ക്ക് അംഗീകാരം നല്‍കണമെന്നുമുള്ള പ്രമേയമാണ് അദ്ദേഹം അവതരിപ്പിച്ചത്.
പൊന്നാനി താലൂക്കിലെ കാപ്പിരിക്കാട് മുതല്‍ അഴിക്കല്‍ വരെയുള്ള ഭാഗങ്ങളില്‍ രൂക്ഷമായ കടലാക്രമണം നേരിട്ട് ജനജീവിതം ദുസ്സഹമായതിനാല്‍ സുനാമി കോളനി മാതൃകയില്‍ പ്രത്യേക സ്ഥലം ഏറ്റെടുത്ത് വിടുകള്‍ വെച്ചു കൊടുത്ത് മത്സ്യ കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരവും അടിയന്തിര സാമ്പത്തികസഹായവും ചെയ്യണമെന്ന പ്രമേയമാണ് എം പി അബ്ദുല്‍ സമദ് സമദാനിയുടെ പ്രതിനിധി ഇബ്രാഹിം മുതൂര്‍ അവതരിപ്പിച്ചത്. വെളിയങ്കോട് തണ്ണിത്തുറ പത്തുമുറി, മാട്ടുമ്മല്‍ മേഖലയിലെ ഫിഷറീസ് ഹാച്ചറി, മത്സ്യഭവന്‍ ആശുപത്രി, കോളനി, സ്‌കൂള്‍എന്നീ മേഖലകളെയാണ് കടലാക്രമണം രൂക്ഷമായി ബാധിച്ചത്. ഈ ഭാഗത്തെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. മാത്രമല്ല, തെങ്ങുകളും കരഭാഗങ്ങളും കടലെടുത്തുകഴിഞ്ഞു. ഏത് സമയത്തും എന്തും സംഭവിക്കുമെന്ന ഭീതിജനകമായ അവസ്ഥയാണെന്നും കനത്ത കാലവര്‍ഷം ഉള്ളപ്പോള്‍ എല്ലാം മത്സ്യ തൊഴിലാളി കുടുംബങ്ങളും ഭീതിയിലും ദുരിതത്തിലുമാണെന്നും ഇതിന് ശാശ്വത പരിഹാരമുണ്ടാകണമെന്നും വികസന സമിതിയോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കടല്‍ ഭിത്തിയിലെ പറക്കല്ലുകള്‍പോലും കടലെടുക്കുന്ന സാഹചര്യമുണ്ട്. പുലിമുട്ടുകളും മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ശാശ്വതമായ പുനരധിവാസവും ആവശ്യമാണ്. പുനര്‍ഗേഹം പദ്ധതിയില്‍ സ്ഥലവും വീടും 10 ലക്ഷം രൂപയ്ക്ക് ഇന്നത്തെ കാലത്ത് ലഭ്യമാക്കുകയെന്നത് നിര്‍മ്മാണ സാമഗ്രികളുടെ വില കാരണം പ്രായോഗികമല്ല.
കരിപ്പൂര്‍ എയര്‍പോര്‍ട്ട് വികസനത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനായി വിനിയോഗിക്കേണ്ട സി ഇ ആര്‍ ഫണ്ട് ജില്ലയ്ക്ക് പുറത്ത് അനുവദിച്ചു കിട്ടിയ വിഷയം അടിയന്തര യോഗം ചേര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ടി വി ഇബ്രാഹിം എം എല്‍ എ ഉയര്‍ത്തിയ ചോദ്യത്തിന് മറുപടിയായാണ് ജില്ലാ കളക്ടര്‍ ഇങ്ങനെ പറഞ്ഞത്.
ജില്ലയില്‍ കോവിഡ് കാലത്തോടനുബന്ധിച്ച് എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നാല് കോടി രൂപ വീതം ഉപയോഗിച്ച് ഓരോ മണ്ഡലത്തിലും രണ്ട് സ്ഥലത്ത് ഐസൊലേഷന്‍ വാര്‍ഡുകള്‍ ഉണ്ടാക്കുന്ന പദ്ധതിയില്‍ ഏഴിടങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പുരോഗമനം സംബന്ധിച്ച ചോദ്യത്തിന് ഏഴു ഇടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതായി ഡി എം ഒ അറിയിച്ചു. കെട്ടിട നിര്‍മാണം പൂര്‍ത്തിയായെങ്കിലും വൈദ്യുതി, വെള്ളം എന്നിവ ഇനിയും ലഭ്യമാകാനുണ്ട്. അഞ്ചിടങ്ങളില്‍ തുടങ്ങാന്‍ സാധിച്ചിട്ടില്ലെന്നും ഡി എം ഒ പറഞ്ഞു. ബാക്കിയുള്ളവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ ഓഗസ്റ്റ് രണ്ടാം വാരം അടിയന്തിര യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലയില്‍ പകര്‍ച്ചപ്പനിയും ഡെങ്കി പനിയും പടരുന്ന സാഹചര്യമുണ്ടെന്നും പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കിയതിലൂടെ മരണനിരക്ക് കുറച്ചു കൊണ്ടുവരാന്‍ കഴിഞ്ഞതായും ഡി എം ഒ യോഗത്തില്‍ അറിയിച്ചു. മഞ്ഞപ്പിത്ത രോഗബാധ തടയുന്നതിന്റെ ഭാഗമായി ചടങ്ങുകളില്‍ വെല്‍കം ഡ്രിങ്കുകള്‍ ഒഴിവാക്കാന്‍ കാറ്ററിങ് സര്‍വീസുകാര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ജനസംഖ്യാനുപാതികമായ ആരോഗ്യസംവിധാനങ്ങള്‍ ജില്ലയില്‍ ഉണ്ടാകണമെന്ന് പി അബ്ദുല്‍ ഹമീദ് എം എല്‍ എ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാഭരണകൂടം ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളെജില്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേയ്ക്ക കൊണ്ടുപോകേണ്ട അവസ്ഥയാണെന്നും അവിടെയും സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളെജില്‍ വിവിധ ചികിത്സാ വകുപ്പുകള്‍ ആരംഭിക്കാന്‍ പ്രപ്പോസല്‍ നല്‍കിയിട്ടുണ്ടെന്ന് ഡി എം ഒ യോഗത്തില്‍ അറിയിച്ചു.
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്ക് ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നു എന്ന പി ഉബൈദുള്ള എംഎല്‍എയുടെ ചോദ്യത്തിന് ഐക്യൂ ടെസ്റ്റ് നല്‍കുന്നതിന് മതിയായ സൗകര്യങ്ങളില്ലെന്നും നിലവില്‍ ജില്ലയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ,് തിരൂര്‍ ജില്ലാ ആശുപത്രി, നിലമ്പൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ഒഴികെ മറ്റെവിടെയും ഐക്യൂ ടെസ്റ്റ് സംവിധാനങ്ങള്‍ നിലവിലില്ല എന്ന് ഡിഎംഒ യാഗത്തില്‍ അറിയിച്ചു. മാത്രമല്ല, യോഗ്യരായ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ അപര്യാപ്തത ഉണ്ടെന്നും ഡി എം ഒ പറഞ്ഞു.
ജില്ലയില്‍ വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ജൂലൈ 29ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ യോഗം ചേരുമെന്നും സ്‌കൂള്‍ പരിസരത്തും മറ്റും പൊട്ടിവീണ ഇലക്ട്രിക് ലൈനുകളും മറ്റും ഉണ്ടോ എന്ന് പരിശോധന നടത്തി സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുമെന്നും കെ എസ് ഇ ബി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. ജില്ലയിലെ വൈദ്യുതി ക്ഷാമത്തിനെ പരിഹാരം എന്ന രീതിയില്‍ അവതരിപ്പിക്കപ്പെട്ട മലപ്പുറം പാക്കേജ് റീ ടെന്‍ഡര്‍ നടപടികളിലാണെന്നും ഓഗസ്റ്റ് രണ്ടാം വാരം യോഗം ചേര്‍ന്ന് ഇതിന്റെ പുരോഗതി വിലയിരുത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലയിലെ റോഡുകളിലെ കുഴിയില്‍ വീണ് രണ്ടു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ റോഡിലെ കുഴികള്‍ അടയ്ക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കുറുക്കോളി മൊയ്തീന്‍ എംഎല്‍എ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മിനി ഊട്ടിയിലേക്കുള്ള റോഡ് അപകടാവസ്ഥയില്‍ ആണെന്നും അത് പരിഹരിക്കാന്‍ ഉടന്‍ നടപടി വേണമെന്നും പി ഉബൈദുള്ള എംഎല്‍എ ആവശ്യപ്പെട്ടു. 2019 പ്രളയത്തില്‍ തകര്‍ന്ന കോട്ടക്കുന്ന് റോഡ് നിര്‍മ്മാണത്തിന്റെ പുരോഗതിയെ കുറിച്ച് അറിയാന്‍ ഓഗസ്റ്റ് രണ്ടാം വാരം മീറ്റിംഗ് യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കൊണ്ടോട്ടി റോഡില്‍ ബൈപ്പാസില്‍ റോഡിന്റെ താല്‍ക്കാലിക റെക്ടിഫിക്കേഷന്‍ ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും മഴ മാറിയതിനുശേഷം പാച്ച് പ്രവൃത്തികള്‍ ആരംഭിക്കുമെന്നും റോഡ് പുനരുദ്ധാരണത്തിനായി 8.5 കോടി രൂപയുടെ എസ്റ്റിമേറ്റ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ദേശീയപാതാ വിഭാഗം അറിയിച്ചു. റോഡ് നിര്‍മാണ പ്രവൃത്തിയുടെ പുരോഗതി സംബന്ധിച്ച ടി വി ഇബ്രാഹിം എം എല്‍ എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കൊണ്ടോട്ടി മണ്ഡലത്തിലെ ചീക്കോട് പഞ്ചായത്തിലെ സി എച്ച് സിക്ക് വേണ്ടി പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് സൈറ്റ് ഒരുക്കുന്നതിനായി നീക്കം ചെയ്യുന്ന മണ്ണ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാന്‍ നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിന്റെ നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശസ്വയംഭരണ വിഭാഗം ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി.
പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയില്‍ കീരനല്ലൂര്‍ ഭാഗത്ത് മുനിസിപ്പാലിറ്റി മുഖേന നടപ്പിലാക്കുന്ന ടൂറിസം പദ്ധതിക്ക് പ്രപ്പോസല്‍ ലഭ്യമാകുന്ന മുറയ്ക്ക് അനുമതി ലഭ്യമാക്കുമെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ ആദ്യമായി ബ്ലൂ ഫ്ളാഗ് പദ്ധതി ലഭിച്ച മംഗലം പഞ്ചായത്തിലെ കൂട്ടായി ബീച്ചില്‍ ജില്ലാ വികസന കമ്മീഷണര്‍, പഞ്ചായത്ത,് ഫിഷറീസ്, ശുചിത്വമിഷന്‍ എന്നിവയുടെ പ്രതിനിധികള്‍ പ്രാഥമിക പരിശോധന നടത്തി കടല്‍ വെള്ളത്തിന്റെ സാമ്പിള്‍ വികസന വിനിയോഗ കേന്ദ്രത്തില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മാത്രമല്ല, ഇഎംഎസ് സ്‌ക്വയര്‍ പാര്‍ക്ക്, പന്തല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ വികസനം എന്നിങ്ങനെയുള്ള പദ്ധതികളും ഭരണാനുമതിക്കായി ടൂറിസം ഡയറക്ടറേറ്റില്‍ സമര്‍പ്പിച്ചിട്ടുണ്ട.
കോട്ടക്കല്‍ ഇന്ത്യന്‍ ഊര്‍ജ് ചാപ്പനങ്ങാടി റോഡില്‍ കാവതി ഗുണം ഭാഗത്ത് വെള്ളക്കെട്ട് പരിഹരിക്കുന്നതിന് 35 ലക്ഷം രൂപയുടെയും 40 ലക്ഷം രൂപയുടെയും രണ്ടു ഭരണാനുമതികള്‍ ലഭിച്ചെങ്കിലും പ്രവൃത്തിയില്‍ നിന്നും കോണ്‍ട്രാക്ടറെ ടെര്‍മിനേറ്റ് ചെയ്തതിനാല്‍ ഭരണ അനുമതിയുടെ കാര്യത്തില്‍ വ്യക്തത ഇല്ലാത്തതിനാല്‍ രണ്ടു ഭരണ അനുമതിയും ഒന്നാക്കി മാറ്റി അനുമതി ലഭിക്കുന്നതിനായി സര്‍ക്കാരിലേക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു പ്രൊഫസര്‍ ആബിദ് സൈന്‍ തങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് ഇങ്ങനെ പറഞ്ഞത്.
വികസന സമിതി യോഗത്തില്‍ എംഎല്‍എമാരായ ടിവി ഇബ്രാഹിം, കുറുക്കോളി മൊയ്തീന്‍, പി അബ്ദുല്‍ ഹമീദ്, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, പി. ഉബൈദുള്ള, എംപി അബ്ദുല്‍ സമദ് സമദാനിയുടെ പ്രതിനിധി, കെപിഎ മജീദ് എംഎല്‍എയുടെ പ്രതിനിധി,എ ഡി എം എന്‍ എം മെഹറലി, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




