
തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് മത സംഘടനകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകീട്ട് നാലരയ്ക്കു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ചേംബറില്‍ വച്ചാണ് ചര്‍ച്ച. മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. ബുധനാഴ്ച നടത്താനിരുന്ന ചര്‍ച്ചയാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.
സമസ്ത ഏകോപന സമിതിയില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ മന്ത്രിക്കു സമര്‍പ്പിക്കും. സമസ്തയടക്കം വിവിധ സംഘടനകള്‍ സ്‌കൂള്‍ സമയമാറ്റത്തെ ശക്തമായി എതിര്‍ത്തിരുന്നു. സമര പ്രഖ്യാപനമടക്കം ഉണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറായത്.
ഭൂരിപക്ഷം രക്ഷിതാക്കളും സ്‌കൂള്‍ സമയ മാറ്റത്തെ അംഗീകരിക്കുന്നു എന്ന പഠന റിപ്പോര്‍ട്ടിലെ എതിര്‍പ്പായിരിക്കും സമസ്ത ഉന്നയിക്കുക എന്നാണ് സൂചന. സര്‍വേ നടത്തിയാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത് എന്നും ആറ് ജില്ലകളില്‍ മാത്രം നടത്തിയ സര്‍വേ പര്യാപ്തമല്ലെന്നും സമസ്ത പറയുന്നു.
സ്‌കൂള്‍ സമയം മാറുന്നത് മദ്രസാ വിദ്യാഭ്യാസത്തിനു തടസമാകുമെന്നാണ് സമസ്തയുടെ പ്രധാന ആരോപണം. എന്നാല്‍ സര്‍ക്കാര്‍ സമയ മാറ്റ തീരുമാനത്തില്‍ നിന്നു പിന്നോട്ടില്ലെന്ന ശക്തമായ നിലാപടില്‍ തന്നെയാണ്. തീരുമാനം മാറില്ലെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. മത സാമുദായിക സംഘടനകള്‍ക്കു അടിമപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനസമയം അരമണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് കഴിഞ്ഞ മാസമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് സമയം നീട്ടിയത്. സമയം വര്‍ധിപ്പിച്ചതില്‍ പുനഃരാലോചന വേണമെന്ന സമസ്തയുടെ ആവശ്യം തള്ളിയായിരുന്നു ഉത്തരവ്. ഇതിനെതിരെ സമസ്ത പ്രതിഷേധത്തിനൊരുങ്ങുകയാണ്.
അതേസമയം സമയം മാറ്റുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പിന്റേത്. 220 ദിവസം പ്രവര്‍ത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തിയത്. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് 1,100 മണിക്കൂര്‍ പഠനസമയം വേണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




