തൊടുപുഴ: ഇടുക്കി എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കുറ്റം സമ്മതിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി. പോലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ ഇക്കാര്യം സമ്മതിക്കുകയായിരുന്നു. നിഖിലിന് പുറമേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജെറിന്‍ ജോജോയെയും പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. സംഭവശേഷം ഇടുക്കി കരിമണലില്‍നിന്ന് ബസില്‍ യാത്രചെയ്യുന്നതിനിടെയാണ് നിഖില്‍ പൈലിയെ പോലീസ് പിടികൂടിയത്.
ധീരജിന്റെ കൊലപാതകത്തില്‍ നാല് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാല് പേരും എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍ ആണ്. എല്ലാവരും കെഎസ് യു പ്രവര്‍ത്തകരാണ്. അക്രമത്തില്‍ ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം ആറ് ആയി.
അതേസമയം, ഇടുക്കി എന്‍ജനീയറിങ് കോളേജ് വിദ്യാര്‍ത്ഥി ധീരജിന്റെ കൊലപാതകം ആസൂത്രിതമാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ജില്ലാ പോലീസ് മേധാവി പ്രതികരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണവും പരിശോധനകളും തുടരുകയാണ്.
സംഭവത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണം ഉയര്‍ന്നിരുന്നു. കുത്തേറ്റ ധീരജിനെ ആശുപത്രിയിലെത്തിക്കാന്‍ കോളേജിലൂണ്ടായിരുന്ന പോലീസുകാരോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും നിഷേധാത്മക സമീപനമായിരുന്നു പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
തിങ്കളാഴ്ച കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ക്യാമ്പസിന് പുറത്തുവെച്ച് ധീരജിനും മറ്റുരണ്ടുപേര്‍ക്കും കുത്തേറ്റത്. കുത്തേറ്റ ഒരാഴുടെ നില ഗുരുതരമാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം.




