തിരൂരങ്ങാടി: കോവിഡ് രണ്ടാം തരംഗത്തിൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒന്നരമാസമായി നിർത്തിവച്ചിരുന്ന വാഹന പരിശോധന പുനരാരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ നിന്ന് ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ റോഡിൽ വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുകയും റോഡ് നിയമങ്ങൾ ലംഘിക്കുന്നത് മൂലം അപകടങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പരിശോധന പുനരാരംഭിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശം നൽകിയത്. നിയമമനുസരിച്ച് റോഡ് ഉപയോഗിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും കോവിഡ് മഹാമാരിയും ജനങ്ങൾ സാമ്പത്തികമായും മറ്റും പ്രയാസം അനുഭവപ്പെടുന്ന സാഹചര്യം റോഡ് നിയമങ്ങൾ ലംഘിക്കുന്നതിന് ന്യായീകരണം അല്ലെന്ന് മലപ്പുറം റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ കെ ജോഷി അറിയിച്ചു.
ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, അമിതവേഗത, വാഹനങ്ങളിൽ അനധികൃത രൂപമാറ്റം വരുത്തൽ,
രണ്ടിലധികം യാത്രക്കാരുമായി ഉള്ള
മോട്ടോർ സൈക്കിൾ ഡ്രൈവിംഗ്, അനധികൃത പാർക്കിംഗ്, സിഗ്നൽ ലൈറ്റ് അവഗണിച്ചുളള ഡ്രൈവിംഗ്, സീബ്ര ക്രോസിൽ കാൽനടയാത്രക്കാരെ അവഗണിച്ചുളള ഡ്രൈവിംഗ്, അമിത ഭാരം കയറ്റൽ, കുട്ടികളുടെ ഡ്രൈവിംഗ് തുടങ്ങിയ നിയമലംഘനങ്ങൾക്ക് കർശന നടപടി ഉണ്ടാകും.
2020 ഫെബ്രുവരി ഒന്നിനു ശേഷം കാലാവധി തീർന്ന രജിസ്ട്രേഷൻ, പെർമിറ്റ്, ഫിറ്റ്നസ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവക്ക് 2021 സപ്തംബർ 30 വരെ സാധുത ഉള്ളതായി കണക്കാക്കും. എന്നാൽ ഇൻഷുറൻസിന് ഇത് ബാധകമല്ലെന്നും ആർടിഒ അറിയിച്ചു.




