പള്ളി ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

Hakeemപയ്യന്നൂര്‍ : പള്ളി ജീവനക്കാരന്റെ മൃതദേഹം സമീപത്തെ മദ്രസ്സക്ക് പിറകില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊറ്റി വലിയപള്ളിയിലെ ജീവനക്കാരന്‍ തെക്കേമമ്പലത്തെ ഹക്കീമിന്റെ (45) മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ പുക ഉയരുന്നത് കണ്ട മദ്രസ്സ ജീവനക്കാരാണ് മുക്കാല്‍ ഭാഗവും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. മുഖവും നെഞ്ചും ഒഴികെ എല്ലാ ഭാഗങ്ങളും കത്തിക്കരിഞ്ഞിരുന്നു. 4 കല്ല് വെച്ച് അതിനുള്ളില്‍ മൃതദേഹം കിടത്തി വിറക് ഉപയോഗിച്ച് കത്തിച്ച നിലയിലാണ് കണ്ടെത്തിയത്. കത്തിക്കരിഞ്ഞ മൃതദേഹത്തിന് സമീപത്തു നിന്നും ഹക്കീമിന്റെ ഷര്‍ട്ടും ബനിയനും കീറിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഷര്‍ട്ടിനും ബനിയനും മുകളില്‍ മുളകുപൊടി വിതറിയിരുന്നു. മൊബൈല്‍ഫോണും പേഴ്‌സും സമീപത്തു നിന്നും കണ്ടെടുത്തു.

ഹക്കീം കഴിഞ്ഞ ആറു വര്‍ഷത്തോളമായി വലിയപള്ളിയിലെ ജീവനക്കാരനാണ്. ഞായറാഴ്ച രാത്രി 11 വരെ പള്ളികമ്മറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് മമ്പലത്തെ വീട്ടിലേക്ക് പുറപ്പെട്ടുവെങ്കിലും വീട്ടിലെത്തിയിരുന്നില്ല. കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

ഭാര്യ സീനത്ത്, മകന്‍ ഫാരിസ്, തെക്കേമമ്പലത്തെ പരേതനായ നാരായണന്റെ യും കല്ല്യാണിയുടെയും മകനായ എം ദാമോദരനാണ് മതം മാറി ഹക്കീമായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മലപ്പുറത്തേക്ക് നാട് വിട്ട ദാമോദരന്‍ ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. കണ്ണന്‍, രാമചന്ദ്രന്‍, ഭാസ്‌കരന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

 

Share news
error: Content is protected !!
Scroll to Top