കോട്ടയം: സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. കാന്‍സര്‍ രോഗബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
സംസ്‌ക്കാരം ഞായറാഴ്ച. മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിക്കും. പൊതുദര്‍ശത്തിന് ശേഷം ചങ്ങനാശേരി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. ഇവിടെ പൊതുദര്‍ശനത്തിന് ശേഷം ചങ്ങനാശേരി തെങ്ങണയിലെ വീട്ടിലേക്കും. ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടുളപ്പില്‍ സംസ്‌ക്കരിക്കും.
2021ല്‍ ജില്ലാ സെക്രട്ടറിയായിരുന്ന വി എന്‍ വാസവന്‍ നിയമസഭാംഗമായതോടെ റസല്‍ ആദ്യമായി ജില്ലാ സെക്രട്ടറിയായത്. പിന്നീട് കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ വീണ്ടും ജില്ലാ സെക്രട്ടറിയാവുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും വാസവന്‍ മത്സരിച്ചപ്പോള്‍, റസലാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്.
1981 ല്‍ പാര്‍ടി അംഗമായ റസല്‍ 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. 12 വര്‍ഷമായി ജില്ലാ സെക്രട്ടറിയേറ്റിലും 24 വര്‍ഷമായി ജില്ലാ കമ്മിറ്റിയിലും റസല്‍ അംഗമായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വര്‍ഷം കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്നു. സിഐടിയു അഖിലേന്ത്യാ പ്രവര്‍ത്തകസമിതി അംഗമാണ് റസല്‍. 2006 ല്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2000-05 ല്‍ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. ചങ്ങനാശ്ശേരി അര്‍ബന്‍ ബാങ്ക് പ്രസിഡന്റായിരുന്നു.
ചങ്ങനാശേരി തെങ്ങണ ആഞ്ഞിലിമൂട്ടില്‍ അഡ്വ. എ കെ വാസപ്പന്റെയും പി ശ്യാമയുടെയും മകനാണ്. ഭാര്യ: ബിന്ദു. മകള്‍:ചാരുലത (എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ എച്ച്ആര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്). മരുമകന്‍: അലന്‍ ദേവ് (ഹൈക്കോടതി അഭിഭാഷകന്‍.)




