തിരുവനന്തപുരം: ട്രിപ്പിള്‍ലോക്ക്ഡൗണുള്ള മലപ്പുറം ജില്ലയില്‍ നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്തിറങ്ങുന്നവരെ പിടികൂടിയാല്‍ ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവാണെങ്കില്‍ സിഎഫ്എല്‍ടിസിയിലാക്കും. സമ്പര്‍ക്കവിലക്കുള്ളവര്‍ പുറത്തിറങ്ങിയാല്‍ കണ്ടെത്തി കേസെടുത്ത് സിഎഫ്എല്‍ടിസികളിലേക്ക് മാറ്റും. പാലക്കാട് ജില്ലയിലും നിയന്ത്രണം കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
ഉന്നത പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം വ്യാപകമായി പരിശോധിക്കുകയാണ്. തക്കതായ കാരണമുണ്ടെങ്കില്‍ മാത്രമേ ആളുകള്‍ വീടിന് പുറത്തിറങ്ങാവൂ. എന്നാല്‍ ജനങ്ങളെ അനാവശ്യമായി ഉപദ്രവിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം നടപടി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ പരിശോധിക്കും.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കരുതല്‍ വാസകേന്ദ്രങ്ങള്‍ ആരംഭിക്കും. എല്ലാ താലൂക്കിലും എല്ലാ സൗകര്യങ്ങളുമുള്ള കോവിഡ് ആശുപത്രികള്‍ സജ്ജീകരിക്കും. ഇതിന് പുറമെ 400 കിടക്കയുള്ള സിഎഫ്എല്‍ടിസികളും ഒരുക്കുന്നുണ്ട്. പ്രാദേശികമായി സ്റ്റെബിലൈസേഷന്‍ സെന്ററുകളൊരുക്കും. ഇവിടെ ഓക്‌സിജന്‍ പാര്‍ലറുകളും അടിയന്തരമായി നല്‍കേണ്ട ചികിത്സകള്‍ക്കുള്ള സൗകര്യങ്ങളുമുണ്ടാകും. 15 മെഡിക്കല്‍ ബ്ലോക്കിലും പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 10,000 ലിറ്റര്‍ ശേഷിയുള്ള ഓക്‌സിജന്‍ സംഭരണി സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന പഴയ ടാങ്കുകള്‍ പെരിന്തല്‍മണ്ണ, തിരൂര്‍ ആശുപത്രികളില്‍ സ്ഥാപിക്കും.
പടരുന്നത് കൂടുതലും വീട്ടില്‍നിന്ന്
സര്‍ക്കാര്‍ നടത്തുന്ന തീവ്ര ശ്രമങ്ങള്‍ക്കനുസരിച്ചുള്ള കുറവ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും മലപ്പുറം ജില്ലയില്‍ ഉണ്ടായിട്ടില്ല. കൂടുതല്‍ പേര്‍ക്കും രോഗം പകരുന്നത് വീടുകളില്‍നിന്ന് തന്നെയാണ്. കൂട്ടുകുടുംബങ്ങള്‍ കൂടുതലുള്ളത് വ്യാപ്തി വര്‍ധിപ്പിക്കുന്നു. കുടുംബത്തിലെ ഒരംഗം രോഗബാധിതനായാല്‍ വീട്ടില്‍തന്നെ സമ്പര്‍ക്കവിലക്കില്‍ തുടരുകയും ഇയാളില്‍നിന്ന് മറ്റംഗങ്ങളിലേക്ക് രോഗം പകരുകയുമാണ്. മതിയായ സമ്പര്‍ക്കവിലക്ക് സൗകര്യമില്ലാത്ത വീടുകളില്‍നിന്ന് രോഗബാധിതരെ സിഎഫ്എല്‍ടിസിയിലേക്ക് മാറ്റും. രോഗലക്ഷണങ്ങളോടെ സമ്പര്‍ക്കവിലക്കില്‍ കഴിയുന്നവരെ താമസിപ്പിക്കാന്‍ പ്രത്യേക വാസസ്ഥലം ഒരുക്കും.




