തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. രണ്ട് പേര്‍ കണ്ണൂര്‍ സ്വദേശികള്‍. തൃശൂര്‍, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളില്‍ ഓരോ ആള്‍ക്ക് വീതം രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 164 ആയി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയധികം ആളുകള്‍ ഒരു ദിവസം അസുഖബാധിതരായ ഫലം പുറത്തുവരുന്നത്.
ഒരു ലക്ഷത്തി പതിനായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റി ഒന്ന് പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഒരുലക്ഷത്തി ഒന്‍പതിനായിരത്തി അറുനൂറ്റി എണ്‍പത്തിമൂന്ന് പേര്‍ വീടുകളിലും 616 പേര്‍ ആശുപത്രികളിലുമാണ്. 112 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.ഇന്ന് മോശം ദിവസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.




