കണ്ടെയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നെന്ന് ഉറപ്പാക്കാന്‍ പോലീസിന് കൂടുതല്‍ ചുമതലകള്‍

തിരുവനന്തപുരം:കോവിഡ് രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ എന്‍ഫോഴ്സിങ്ങ് ഏജന്‍സിയായ പോലീസിന് കൂടുതല്‍ ചുമതല നല്‍കി ഉത്തരവായി.
ജില്ലാ മജിസ്ട്രേറ്റ് കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളെ സംബന്ധിച്ച് ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവി വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് അവ കര്‍ശനമായി പാലിക്കുന്നെന്ന് ഉറപ്പുവരുത്തണം. കണ്ടെയിന്‍മെന്റ് സോണുകളില്‍ രോഗപ്രതിരോധ മാര്‍ഗ്ഗങ്ങളായ സാമൂഹിക അകല പാലനം, മാസ്‌ക് ധരിക്കല്‍, ഹോം ക്വാറന്റയിന്‍ ഉറപ്പുവരുത്തല്‍, അനാവശ്യ യാത്രകള്‍ ഒഴിവാക്കല്‍ തുടങ്ങിയവ ബന്ധപ്പെട്ട ജില്ലാ പോലീസ് ഉറപ്പാക്കണം.

ഒരു പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പോലുള്ള നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ആവശ്യമാണെന്ന് ബോധ്യപ്പെടുന്ന പക്ഷം ജില്ലാ പോലീസ് മേധാവി ഇത് സംബന്ധിച്ച ശിപാര്‍ശ ജില്ലാ മജിസ്ട്രേറ്റിന് നല്‍കുകയും ജില്ലാ മജിസ്ട്രേറ്റ് അത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും വേണം.

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളിലേക്കും കണ്ടെയിന്‍മെന്റ് സോണുകളിലേക്കുമുള്ള എന്‍ട്രി, എക്സിറ്റ് പോയിന്റുകള്‍ ജില്ലാ പോലീസ് തീരുമാനിച്ച് ഈ പ്രദേശങ്ങളിലേക്കുള്ള സഞ്ചാരം ഈ മാര്‍ഗ്ഗങ്ങളിലൂടെ മാത്രമാണെന്ന് ഉറപ്പുവരുത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top