അവശ്യസാധന വില വര്‍ധന: സ്‌ക്വാഡുകളുടെ പരിശോധന മലപ്പുറം ജില്ലയില്‍ നാളെ തുടങ്ങും; വ്യാപാരികളെ ബുദ്ധിമുട്ടിക്കില്ലെന്ന് ജില്ലാ കലക്ടര്‍

അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനായി സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം രൂപീകരിച്ച സ്‌ക്വാഡുകള്‍ നാളെ മുതല്‍ മലപ്പുറം ജില്ലയില്‍ പരിശോധന ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍.പ്രേംകുമാര്‍ പറഞ്ഞു. അതേ സമയം സ്‌ക്വാഡുകളുടെ പരിശോധന വ്യാപാരികളെ ബുദ്ധിമുട്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ വ്യാപാരി വ്യവസായി പ്രതിനിധികളുമായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.
ജില്ലയിലെ ചില സ്ഥാപനങ്ങള്‍ അവശ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് നിരവധി പരാതികളും ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് പരിശോധന നടത്താന്‍ തീരുമാനിച്ചത്. കോവിഡിനെ തുടര്‍ന്ന് വ്യാപരമേഖല തകര്‍ന്നിട്ടുണ്ട്. എന്നാല്‍ ചിലര്‍ ഈ അവസരം മുതലെടുത്ത് അവശ്യസാധനങ്ങളുടെ വിലകൂട്ടുകയാണ്.
ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. അതിന് ജില്ലയിലെ മുഴുവന്‍ വ്യാപരികളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും ജില്ലാ കലക്ടര്‍ പറഞ്ഞു.  ജില്ലാ വികസന കമീഷണര്‍ എസ് പ്രേംകൃഷ്ണന്‍ അധ്യക്ഷനായി. എ.ഡി.എം എന്‍.എം. മെഹ്റലി, , ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ സുജ എസ് മണി, ഭക്ഷ്യസുരക്ഷ നോഡല്‍ ഓഫീസര്‍ ജി.എസ്. അര്‍ജ്ജുന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ഷാജഹാന്‍ തയ്യില്‍, സിവില്‍  സപ്ലൈസ് , ഭക്ഷ്യസുരക്ഷ, ലീഗല്‍ മെട്രോളജി, റവന്യൂ വകുപ്പ് ജീവനക്കാര്‍, ജില്ലയിലെ മത്സ്യ-മാംസ മൊത്ത -ചില്ലറ വ്യാപാരികള്‍, ഹോട്ടല്‍ ഉടമകള്‍ എന്നിവര്‍ പങ്കെടുത്തു.
Share news
error: Content is protected !!
Scroll to Top