പത്രാധിപർ കേസിലുൾപ്പെട്ടു എന്നതിന്റെ പേരിൽ സ്ഥാപനത്തിലെ ജീവനക്കാരെയും മാധ്യമ പ്രവർത്തകരെയും വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്ന് കോം ഇൻഡ്യ

കണ്ണൂര്‍: ഓൺലൈൻ പോർടലായ മറുനാടൻ മലയാളിയുടെ ഓഫീസ് റെയ്‌ഡെന്ന പേരിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ പൊലീസ് നടത്തിയത് മാധ്യമ വേട്ടയാടലെന്ന് ഓൺലൈൻ മാധ്യമ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (ഇൻഡ്യ) പ്രസ്താവനയിൽ ആരോപിച്ചു. സർകാരും പൊലീസും തീക്കൊള്ളികൊണ്ട് തലചൊറിയുകയാണ്. പത്രാധിപർ കേസിലുൾപ്പെട്ടു എന്നതിന്റെ പേരിൽ സ്ഥാപനത്തിലെ ജീവനക്കാരെയും മാധ്യമ പ്രവർത്തകരെയും വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല.

മറുനാടൻ മലയാളി ജീവനക്കാരുടെ വീട്ടിൽ അർധരാത്രി പോലും പോലീസ് പരിശോധന നടത്തുകയാണ്. അദ്ദേഹത്തിത്തിന്റെ സുഹൃത്തുക്കളെയും മാധ്യമ പ്രവർത്തകരെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ഫോൺ പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് നല്ല പ്രവണതയല്ല.

മാധ്യമ സ്വാതന്ത്ര്യം നിലനിൽക്കുന്ന ജനാധിപത്യ വ്യവസ്ഥിതിയിൽ ഒരു മാധ്യമ സ്ഥാപനത്തിന്റെ പ്രവർത്തനത്തെ തന്നെ സ്തംഭിപ്പിക്കുന്ന വിധം പോലീസ് പെരുമാറുന്നത് അംഗീകരിക്കാനാവില്ല. നിയമപരമായ നടപടികൾക്ക് പിന്തുണ നൽകുന്നതിനൊപ്പം പോലീസിന്റെ നിയമ വിരുദ്ധ സമീപനത്തെ അംഗീകരിക്കാൻ ജനാധിപത്യ സമൂഹം തയ്യാറാകില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ഡിജിപിയും അടിയന്തരമായി ഇടപെടണം.

നിയമപരമായ രീതിയിലുള്ള പോലീസ് നടപടികളെ കോം ഇൻഡ്യ എതിർക്കില്ല. രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തോട് പരിപൂർണ വിശ്വാസമുള്ളവരാണ് മാധ്യമ പ്രവർത്തകർ. എന്നാൽ നിയമവിരുദ്ധമായ പരിശോധനകൾ ശക്തമായി തന്നെ എതിർക്കും. കണ്ണൂരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇ എം രഞ്ജിത് ബാബുവിന്റെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കടന്നായിരുന്നു പരിശോധന നടത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ തീവ്രവാദികളെ പിടികൂടാനെന്ന പോലെ രണ്ടുവാഹനങ്ങളിലായെത്തിയ പൊലീസ് സംഘം രഞ്ജിത് ബാബുവിന്റെ വീടുവളയുകയും കുടുംബാംഗങ്ങളെ ഉള്‍പെടെ ഭീതിയിലാഴ്ത്തിക്കൊണ്ട് മണിക്കൂറുകളോളം പരിശോധന നടത്തി മാനസികമായി പീഡിപ്പിക്കുകയുമാണ് ചെയ്തത്.

തറവാട് വീട് കുത്തിതുറന്നും പൊലീസ് പരിശോധന നടത്തിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വീട്ടില്‍ പരിശോധന നടത്തുന്നതിന്റെ വീഡിയോ അനുമതിയില്ലാതെ പൊലീസ് ചിത്രീകരിച്ചത് എന്തിനാണെന്ന ചോദ്യവും ബാക്കിയാണ്. രഞ്ജിത് ഉപയോഗിച്ചുവരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ എടുത്തുകൊണ്ടു പോവുകയും ചെയ്തു. സമാനമായിരുന്നു മറുനാടന്‍ മലയാളിയുടെ മറ്റ് ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡിൻ്റെ പേരിൽ പൊലീസ് കാട്ടിക്കൂട്ടിയത്. പത്തനംതിട്ടയിൽ  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും മംഗളം ദിനപത്രം ലേഖകനുമായ ജി വിശാഖന്റെ വീട്ടില്‍ പൊലീസ് റെയിഡ് നടത്തുകയും മൊബൈല്‍ ഫോണ്‍ അടക്കം പിടിച്ചെടുക്കുകയും ചെയ്തു.

ഇത്തരത്തിൽ ജനാധിപത്യത്തിൻ്റെ നാലാംതൂണായ മാധ്യമങ്ങളെ കള്ളക്കേസിൻ്റെ പേരിൽ വേട്ടയാടുന്നത് ജനാധിപത്യവിരുദ്ധമായ നടപടിയാണ്. കേസിൻ്റെ ഭാഗമായി മറുനാടൻ്റെ പ്രധാന ഓഫീസുകൾ റെയിഡ് ചെയ്തത് മനസിലാക്കാം. എന്നാൽ സംസ്ഥാന വ്യാപകമായി തീവ്രവാദികൾക്കെന്ന പോലെ നടത്തിയ റെയ്ഡും പരിശോധനയും നിയമപരമല്ല, പക വീട്ടലാണെന്ന് സംശയിക്കേണ്ടിവരും.

Share news
error: Content is protected !!
Scroll to Top