കടലുണ്ടി:ഭക്ഷ്യ വസ്തുക്കളിലെ അമിതമായ നിറങ്ങള്‍ കുട്ടികളില്‍ വൈകല്യം സൃഷ്ടിക്കുമെന്ന് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ എ.സക്കീര്‍ ഹുസൈന്‍.
കടലുണ്ടി മണ്ണൂര്‍ വളവില്‍ ‘നിറമല്ല രുചി’ എന്ന സന്ദേശവുമായി ഭക്ഷ്യ സുരക്ഷ വകുപ്പും കോഴിക്കോട് ജില്ല ബേക്കേഴ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ബേപ്പൂര്‍ മണ്ഡലം ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിറങ്ങളുടെ അതിപ്രസരം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും നിറ രഹിത വിഭവങ്ങളെക്കുറിച്ച് പൊതു ജനങ്ങള്‍ക്കിടയില്‍ വിപുലമായ ബോധവല്‍ക്കരണം ആവശ്യമാണെന്നും ഭക്ഷണം തന്നെ ഔഷധമാകണമെന്നും അദ്ദേഹം പറഞ്ഞു.
മണ്ണൂര്‍ സ്‌നേഹ ബേയ്ക്ക്‌സില്‍ നിറ രഹിത പലഹാര വിഭാഗത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.കേരള ബേക്കേഴ്‌സ് അസോസിയേഷന്‍ ജില്ല സെക്രട്ടറി റാഷിക്ക് തൂണേരി അദ്ധ്യക്ഷത വഹിച്ചു.കുട്ടികള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് ബേപ്പൂര്‍ സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷ ഓഫീസര്‍ വി.എസ്. നീലിമ ഉദ്ഘാടനം ചെയ്തു.
കടലുണ്ടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി. സുഷമ, എലത്തൂര്‍ സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷ ഓഫീസര്‍ എ.സി. റിസ്‌ന, ബേക്കേഴ്‌സ് അസോസിയേഷന്‍ ജില്ല പ്രസിഡണ്ട് ദേവദാസന്‍ തായാട്ട്, എ.കെ. മുഹമ്മദ് ഫൗസീര്‍, മണ്ണൂര്‍ നോര്‍ത്ത് എ.യു.പി. സ്‌ക്കൂള്‍ പ്രധാനാധ്യാപിക സിത്താര.വി.ആര്‍,രാജന്‍ പുഴക്കല്‍, ഇ.എം.സുരേഷ് ബാബു, തുടങ്ങിയവര്‍ സംസാരിച്ചു.




