HIGHLIGHTS : Class 12 student arrested for sending bomb threat to schools in Delhi
ഡല്‍ഹിയിലെ വിവിധ സ്‌കൂളുകൡലേക്ക് നിരന്തരം ബോംബ് ഭീഷണി മെയില്‍ അയച്ച പന്ത്രണ്ടാം ക്ലാസുകാരന്‍ പോലീസ് കസ്റ്റഡിയിലായി. ഈ വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കാണ് ഭീഷണി സന്ദേശം അയച്ചത്. ചോദ്യം ചെയ്യലില്‍, മുമ്പ് ഒന്നിലധികം സ്‌കൂളുകളിലേക്ക് സമാനമായ ഭീഷണി ഇമെയിലുകള്‍ അയച്ചതായി വിദ്യാര്‍ത്ഥി സമ്മതിച്ചു. തന്റെ സ്‌കൂളിലെ പരീക്ഷ ഒഴിവാക്കാനുള്ള പദ്ധതിയായിരുന്നു ഇതെന്ന് പോലീസ് പറഞ്ഞു.
വിദ്യാര്‍ത്ഥി കുറഞ്ഞത് ആറ് തവണ ബോംബ് ഭീഷണി ഇമെയിലുകള്‍ അയച്ചിട്ടുണ്ട്. സംശയം തോന്നാതിരിക്കാന്‍ ഓരോ തവണയും തന്റെ സ്വന്തം സ്‌കൂള്‍ ഒഴിവാക്കിയാണ് മെയിലുകള്‍ അയച്ചിരുന്നത്. ഒരിക്കല്‍ 23 സ്‌കൂളുകളിലേക്ക് ഒരുമിച്ച് മെയില്‍ അയച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഡിപിഎസ് ആര്‍കെ പുരം, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂള്‍ എന്നിവയുള്‍പ്പെടെ 40-ലധികം സ്‌കൂളുകള്‍ക്ക് ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചു. സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ ചെറിയ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അവ നിര്‍വീര്യമാക്കാന്‍ 30,000 ഡോളര്‍ നല്‍കണമെന്നും ഇമെയിലില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബോംബ് ഭീഷണിയെ തുടര്‍ന്ന് പരീക്ഷകള്‍ തടസ്സപ്പെടുത്തുക എന്നതായിരുന്നു കുട്ടിയുടെ ലക്ഷ്യമെന്നും പോലീസ് പറഞ്ഞു.ഈ പ്രവൃത്തി കാരണം കഴിഞ്ഞ മാസങ്ങളില്‍ നിരവധി പ്രവര്‍ത്തി ദിവസങ്ങളാണ് ഡല്‍ഹിയിലെ നിരവധി സ്‌കൂളുകള്‍ക്ക് നഷ്ടമായത്.