കൊച്ചി: ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ച് കൊലപ്പെടുത്തിയ പ്രതി ഋതു ജയന്‍ സ്ഥിരം കുറ്റവാളി. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. പ്രതി കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്നയാളാണെന്നും അയല്‍വാസികളുമായി നിരന്തരം പ്രശ്‌നമുണ്ടാക്കിയിരുന്നെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് പൊലീസ് ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതികുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. പ്രതി എത്തിയത് ജിതിനെ അക്രമിക്കാന്‍ തീരുമാനിച്ച്. തടയാന്‍ ശ്രമിച്ച കുടുംബത്തെയും ആക്രമിച്ചു. സഹോദരിയെ കുറിച്ച് ജിതിന്‍ മോശമായി സംസാരിച്ചതാണ് പ്രകോപന കാരണമെന്ന് പ്രതി ഋതു ജയന്റെ മൊഴി.
കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടക്കും. വേണു, ഉഷ, വിനീഷ എന്നിവരെയാണ് അയല്‍വാസി റിതു അടിച്ചു കൊലപ്പെടുത്തിയത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്നു. ഇവരെ കൂടാതെ രണ്ട് പെണ്‍കുട്ടികളും വീട്ടിലുണ്ടായിരുന്നു. കുട്ടികള്‍ക്ക് പരിക്കില്ല.
പ്രതിയായ ഋതുവിനെതിരെ സമീപവാസികള്‍ക്കെല്ലാം പരാതിയുണ്ട്. കൊല്ലപ്പെട്ട കുടുംബം ഉള്‍പ്പെടെ പലരും ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇയാള്‍ മാനസിക രോഗത്തിനുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങി വെച്ചിരിക്കുകയാണെന്നും അത് കാണിച്ചാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നതെന്നും അയല്‍വാസികള്‍ പറയുന്നു.
ഋതു ജയന്‍ മൂന്നോളം കേസുകളില്‍ പ്രതിയാണെന്നും. ഇയാള്‍ നോര്‍ത്ത് പറവൂര്‍ പൊലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണെന്നുമാണ് വിവരം. പ്രതി വടക്കേക്കര പൊലീസ് സ്റ്റേഷനില്‍ അറസ്റ്റിലാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹം വടക്കന്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
ബെംഗളൂരുവില്‍ ജോലി ചെയ്യുന്നതായി പറയുന്ന ഋതു രണ്ടുദിവസം മുന്‍പാണ് നാട്ടിലെത്തിയത്. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണ് പ്രതി ക്രൂരമായ ഈ കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥിക വിവരം.




