ജാതി മാറി പ്രണയിച്ചതിന്‌ 22 കാരനെ പട്ടാപകല്‍ കാമുകിയുടെ മുന്നില്‍ വെച്ച്‌ കൊലപ്പെടുത്തി

ചെന്നൈ:  ജാതിയുടെ പേരിലുള്ള ദുരഭിമാനകൊലകള്‍ക്ക്‌ ഒരു രക്തസാക്ഷികൂടി. ജാതി മാറി പ്രണയിച്ചതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ 22കാരനായ ഹരിഹരന്‍ എന്ന യുവാവിനെ ജനക്കുട്ടം നോക്കി നില്‍ക്കെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കുത്തിക്കൊന്നു. തമിഴ്‌നാട്ടിലെ കരൂരിലാണ്‌ ഈ ക്രൂരമായ കൊലപാതകം നടന്നത്‌. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛനടക്കം മൂന്ന്‌ പേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

ചര്‍ച്ചക്കായി വിളിച്ചുവരുത്തി ക്ഷേത്രത്തിന്റെ മുന്നില്‍ വെച്ചായിരുന്നു കൊല. ഈ സമയത്ത്‌ പെണ്‍കുട്ടിയും അവിടെയുണ്ടായിരുന്നു.

കോളേജില്‍ പഠിക്കുമ്പോള്‍ സഹപാഠിയായിരുന്ന അയല്‍വാസി പെണ്‍കുട്ടി മീനയുമായി ഹരിഹരന്‍ പ്രണയത്തിലായിരുന്നു. ബാര്‍ബറായ ഹരിഹരന്‍ സവര്‍ണ്ണ ജാതിക്കാരിയായ മീനയെ പ്രണയിച്ചത്‌ ബന്ധുക്കള്‍ക്ക്‌ അംഗീകരിക്കാന്‍ ആകുമായിരുന്നില്ല.

രണ്ടാഴ്‌ച മുമ്പ്‌ വീട്ടുകാരുടെ കടുത്ത സമ്മര്‍ദ്ധത്തെ തുടര്‍ന്ന്‌ പെണ്‍കുട്ടി ഹരിഹരനെ കാണുന്നതും ഫോണ്‍വിളിക്കുന്നതും നിര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന്‌ ഹരിഹരന്‍ പെണ്‍കുട്ടിയെ കാണാന്‍ പലതവണ ശ്രമിച്ചുവെങ്ങിലും നടന്നില്ല.

പിന്നീട്‌ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചര്‍ച്ചക്കെന്ന പേരില്‍ ഹരിഹരനേയും കൂട്ടുകാരെയും ക്ഷേത്രത്തിലേക്ക്‌ വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ച്‌ വാക്കേറ്റമുണ്ടാകുകയും, തുടര്‍ന്ന ഹരിഹരനെ പ്രതികള്‍ കത്തികൊണ്ട്‌ കുത്തുകയും, ക്രൂരമായി മര്‍ദ്ധിക്കുകയുമായിരുന്നു. കൂട്ടുകാര്‍ ഇയാളെ രക്ഷിച്ചുകൊണ്ടുപോയി ആശപത്രിയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛനായ ശങ്കര്‍, അമ്മാവന്‍ കാര്‍ത്തികേയന്‍, ബന്ധുവായ വേലുച്ചാമി എന്നിവരാണ്‌ അറസ്റ്റിലായത്‌. മറ്റുള്ളവര്‍ ഒളിവിലാണ്‌.

Share news
error: Content is protected !!
Scroll to Top