Section

malabari-logo-mobile

തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന സ്വരാജിന്റെ പരാതി; കെ ബാബുവിന് ഹൈക്കോടതി നോട്ടീസ്

HIGHLIGHTS : Swaraj complains of cancellation of election results; High Court notice to K Babu

തൃപ്പൂണിത്തറ: തൃപ്പൂണിത്തറ മണ്ഡലത്തിലെ കെ. ബാബുവിന്റെ വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ടുള്ള സിപിഐഎം നേതാവ് എം സ്വരാജിന്റെ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. കെ ബാബു അടക്കമുള്ളവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

ദൈവത്തിന് പേര് പറഞ്ഞ് കെ. ബാബു വോട്ട് ചോദിച്ചുവെന്നാണ് സ്വരാജ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന വാദം. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തെരഞ്ഞെടുപ്പ് സ്ലിപ്പ് കെ. ബാബു തൃപ്പൂണിത്തറ മണ്ഡലത്തില്‍ വ്യാപകമായി വിതരണം ചെയ്തുവെന്ന് സ്വരാജ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉള്‍പ്പെടുത്തി. മത്സരം ശബരിമല അയ്യപ്പനും എം സ്വരാജ് തമ്മിലാണെന്ന പ്രചരണ മുദ്രാവാക്യവും കെ ബാബു ഉയര്‍ത്തിയതെന്ന് ഹര്‍ജിയില്‍ പറയുന്നു.

sameeksha-malabarinews

വര്‍ഗീയമായ പ്രചാരണം നടത്തിയതായി കോടതിയില്‍ തെളിഞ്ഞാല്‍ കെ. ബാബുവിന് എതിരായ വിധിയുണ്ടാകും. കെ. ബാബുവിന്റെ വിജയം അസാധുവായി പ്രഖ്യാപിക്കുകയും രണ്ടാം സ്ഥാനത്തുള്ള തന്നെ എം.എല്‍എയാക്കണമെന്നും സ്വരാജ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. അഡ്വക്കേറ്റ് കെ എസ് അരുണ്‍കുമാര്‍, പി കെ വര്‍ഗീസ് എന്നിവരാണ് സ്വരാജിന് വേണ്ടി വാദിക്കുന്നത്.

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ 992 വോട്ടുകള്‍ക്കാണ് കെ ബാബു വിജയിച്ചത്.

അതേസമയം, എം സ്വരാജ് പരാജയപ്പെട്ടത് സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ച മൂലമെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. തൃക്കാക്കരയിലും മണ്ഡലം കമ്മിറ്റിയ്ക്ക് വീഴ്ച സംഭവിച്ചതായി സിപിഐഎം അന്വേഷണത്തില്‍ കണ്ടെത്തിട്ടുണ്ട്. സിപിഐഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

ഏരൂര്‍, തെക്കുംഭാഗം, ഉദയംപേരൂര്‍ പഞ്ചായത്തുകളില്‍ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്ന് സിപിഐഎം അന്വേഷണ കമ്മീഷന്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മണ്ഡലത്തിലെ ചിലര്‍ക്ക് സ്ഥാനാര്‍ഥി മോഹമുണ്ടായതും വോട്ടുചോര്‍ച്ചയ്ക്ക് കാരണമായതായി കമ്മീഷന്‍ കണ്ടെത്തിയെന്നും സൂചനയുണ്ട്. പരാജയത്തെക്കുറിച്ച് അന്വേഷിക്കുവാനായി സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിക്കല്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെജെ ജേക്കബ് എന്നിരടങ്ങിയ അന്വേഷണ കമ്മീഷനെയാണ് പാര്‍ട്ടി നിയോഗിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!