കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: ഇ.എം.ഇ.എ. കോളേജും സെന്റ് തോമസ് കോളേജും ജേതാക്കള്‍

HIGHLIGHTS : Calicut University News; Swimming Championships: EMEA College and St. Thomas College are the winners

നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: ഇ.എം.ഇ.എ. കോളേജും സെന്റ് തോമസ് കോളേജും ജേതാക്കള്‍

കാലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍ കോളേജ് നീന്തല്‍ മത്സരത്തില്‍ കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജ് 88 പോയിന്റുമായി വനിതാ വിഭാഗത്തിലും തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് 86 പോയിന്റുമായി പുരുഷവിഭാഗത്തിലും ജേതാക്കളായി. വനിതാവിഭാഗത്തില്‍ 46 പോയിന്റ് വീതം നേടി തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജ്, ചിറ്റൂര്‍ ഗവ. കോളേജ് എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു. പുരുഷവിഭാഗത്തില്‍ കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജ് (64 പോയിന്റ്), എസ്.കെ.വി.സി. കോളേജ് തൃശ്ശൂര്‍ (40) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

sameeksha-malabarinews

അന്താരാഷ്ട്ര ഫൈറ്റോടെക്‌നോളജി സമ്മേളനം കാലിക്കറ്റ് സർവകലാശാലയിൽ 

ഇന്റർനാഷണൽ ഫൈറ്റോടെക്‌നോളജി സൊസൈറ്റിയും ( ഐ.പി.എസ്. ) കാലിക്കറ്റ് സർവകലാശാലാ ബോട്ടണി പഠനവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 18-ാമത് അന്താരാഷ്ട്ര ഫൈറ്റോടെക്‌നോളജി സമ്മേളനത്തിന് ഒക്ടോബർ 22-ന് സർവകലാശാലാ ക്യാമ്പസിൽ തുടക്കമാവും. സുസ്ഥിര പരിസ്ഥിതിക്കും ഭക്ഷ്യസുരക്ഷക്കും വേണ്ടിയുള്ള ഫൈറ്റോടെക്‌നോളജികൾ എന്ന പ്രത്യേക വിഷയത്തിലാണ് സമ്മേളനം. ആവാസവ്യവസ്ഥാ സേവനങ്ങൾ നൽകുന്നതിന് സസ്യങ്ങളെ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ഫൈറ്റോടെക്‌നോളജി. ഇത് ആദ്യമായാണ് ഇന്ത്യ ഫൈറ്റോടെക്‌നോളജി അന്താരാഷ്ട്ര സമ്മേളനത്തിന് വേദിയാകുന്നത്. യുവഗവേഷകർക്കും അക്കാദമിക വിദഗ്ധർക്കും അറിവ് കൈമാറാനും അവരുടെ ഗവേഷണ പുരോഗതികൾ പങ്കിടാനുമുള്ള അവസരമാകുമിത്. സർവകലാശാലാ ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. സി. സി. ഹരിലാൽ സമ്മേളനത്തിന്റെ കൺവീനറും പ്രൊഫ. ഓം പർകാശ് ദംകാർ (മസാച്യുസെറ്റ്സ് യൂണിവേഴ്സിറ്റി, യു.എസ്.എ.), ഡോ. ജോസ് ടി. പുത്തൂർ (കാലിക്കറ്റ് സർവകലാശാലാ) എന്നിവർ കോ-ഓർഡിനേറ്റർമാരുമാണ്. സർവകലാശാലാ സെനറ്റ്ഹാളിൽ നടക്കുന്ന പരിപാടി 22-ന് രാവിലെ 10-മണിക്ക് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. അമ്പതോളം അന്താരാഷ്ട്ര ശാസ്ത്രജ്ഞർ ഉൾപ്പെടെ ഇരുന്നൂറോളം ഗവേഷകർ പങ്കെടുക്കും. ലോഹങ്ങളും മെറ്റലോയിഡുകളും, ഭക്ഷ്യസുരക്ഷയും ആരോഗ്യവും, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ വിഷയങ്ങളിലായി 100-ൽ അധികം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും. 24-നാണ് സമാപനം.

‘കേരള സയന്‍സ് സ്ലാം – 2024’ കാലിക്കറ്റ് സർവകലാശാലയിൽ നവംബർ 23-ന്

ശാസ്ത്ര ഗവേഷണത്തെ പൊതുജനങ്ങളിലേക്ക് ഇറക്കിക്കൊണ്ടുവരുന്ന മത്സരമായ കേരള സയന്‍സ് സ്ലാം 2024 – ന് കാലിക്കറ്റ് സര്‍വകലാശാലയിലും വേദിയൊരുങ്ങുന്നു. സയൻസ് ജനങ്ങളിലേക്ക് എന്ന ഹാഷ് ടാഗോടെ കേരള ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക സയൻസ് പോർട്ടലും ചേർന്ന് കേരളത്തിലെ പ്രമുഖ അക്കാദമിക സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ അ‍ഞ്ചു കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന‍ കേരള സയന്‍സ് സ്ലാം 2024 – ന്റെ റീജിയണല്‍ മത്സരം നവംബര്‍ 23 – ന് കാലിക്കറ്റ് സർവകലാശാലയിൽ നടക്കും. സർവകലാശാലയിലെ പ്രൊഫ. എം.എസ്. സ്വാമിനാഥന്‍ ചെയറിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. സയന്‍സ് ഗവേഷകരും പൊതുജനങ്ങളും നേരിട്ട് സംവദിക്കുന്നതിന് വേദിയൊരുക്കിക്കൊണ്ട് സയന്‍സ് ഗവേഷണ വിഷയങ്ങള്‍ സാധാരണക്കാര്‍ക്ക് ലളിതവും സരസവുമായി പറഞ്ഞുകൊടുക്കുന്ന മത്സരമായ സയന്‍സ് സ്ലാം കേരളത്തില്‍ ആദ്യമായാണ് സംഘടിപ്പിക്കുന്നത്. സയന്‍സിന്റെ ഈ ജനകീയ വിനിമയ പരിപാടിയുടെ ആദ്യറൗണ്ട് നവംബർ മാസത്തിൽ കണ്ണൂർ, കോഴിക്കോട്, കൊച്ചി സർവകലാശാലാ ആസ്ഥാനങ്ങളിലും തിരുവനന്തപുരം വിമൻസ് കോളേജിലുമായാണ് നടക്കുക. ഡിസംബർ 14 – ന് പാലക്കാട് ഐ.ഐ.ടി.-യിലാണ് ഫൈനല്‍ മത്സരം. സയൻസ് വിഷയങ്ങളിലെ ഗവേഷകർ, ഗവേഷണ വിദ്യാർഥികൾ, ഗവേഷണത്തിനൊരുങ്ങുന്ന ഉന്നത ബിരുദ വിദ്യാർഥികൾ എന്നിവര്‍ അവതരണങ്ങള്‍ നടത്തും. കാലിക്കറ്റ് സർവകലാശാലയിൽ മത്സരത്തിന് വൈസ് ചാന്‍സിലര്‍‍ ഡോ. പി. രവീന്ദ്രന്‍ മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപവത്കരിച്ചു. യോഗം സിന്‍ഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡോ. പി. സുനോജ് കുമാർ അധ്യക്ഷത വഹിച്ചു. ഡോ. പി. പ്രസീത, ഡോ. എൻ.ആർ. റസീന, സി.എന്‍. സുനില്‍, എ. പ്രഭാകരന്‍ തുടങ്ങിയവർ സംസാരിച്ചു.

ഗ്രേസ് മാർക്ക് അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ( CBCSS – UG – 2022 പ്രവേശനം മാത്രം ) ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ വിദ്യാർഥികളിൽ എൻ.സി.സി., സ്പോർട്സ്, ആർട്സ് തുടങ്ങിയ ഗ്രേസ് മാർക്കുകൾക്ക് അർഹരായവർ സ്റ്റുഡന്റസ് പോർട്ടലിലെ ഗ്രേസ് മാർക്ക് പ്ലാനർ വഴി ഓപ്‌ഷൻ നൽകിയ ശേഷം പരീക്ഷാ ഭവനിലെ അതത് ബ്രാഞ്ചുകളിൽ അപേക്ഷ നേരിട്ട് സമർപ്പിക്കേണ്ടതാണ്. അവസാന തീയതി നവംബർ ആറ്.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളായിലെ ഒന്നാം സെമസ്റ്റർ (CBCSS – V – UG 2024 പ്രവേശനം മാത്രം) വിവിധ ബി.വോക്. നവംബർ 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ നാല് വരെയും 190/- രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 21 മുതൽ ലഭ്യമാകും.

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ ബി.വോക്. മൊബൈൽ അപ്ലിക്കേഷൻ ഡെവലപ്മെന്റ് ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 21 – ന് തുടങ്ങും. കേന്ദ്രം : അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ശാന്തിഗ്രാമം നിലമ്പൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

അഡീഷണൽ സപ്ലിമെന്ററി പരീക്ഷ

തേർഡ് പ്രൊഫഷണൽ ( 2008 സ്‌കീം – 2008, 2007 പ്രവേശനവും അതിന് മുമ്പുള്ളതും ) ബി.എ.എം.എസ് സെപ്റ്റംബർ 2024 അഡീഷണൽ സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ 28 – ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

സൂക്ഷ്മപരിശോധനാഫലം

ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് മൂന്നാം സെമസ്റ്റർ (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024, മൂന്നാം സെമസ്റ്റർ (2019 മുതൽ 2022 വരെ പ്രവേശനം) നവംബർ 2023, ഏഴാം സെമസ്റ്റർ (2019 മുതൽ 2020 വരെ പ്രവേശനം) നവംബർ 2023, ഏഴാം സെമസ്റ്റർ (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024, മൂന്നാം സെമസ്റ്റർ എൽ.എൽ.എം. ജൂൺ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ ( CBCSS – 2021, 2022 പ്രവേശനം ) ബി.എ. മൾട്ടി മീഡിയ നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!