കാലിക്കറ്റ് സർവകലാശാല വാർത്തകൾ; ലൈബ്രറിയില്‍ ലിനക്‌സ് പരിശീലന ശില്പശാല

ലൈബ്രറിയില്‍ ലിനക്‌സ് പരിശീലന ശില്പശാല

ആധുനിക ലൈബ്രറികളുടെ നടത്തിപ്പിനാവശ്യമായ സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനവകുപ്പ് പ്രായോഗിക പരിശീലന ശില്പശാല തുടങ്ങി. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവിയും സിന്‍ഡിക്കേറ്റംഗവുമായ ഡോ. കെ. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. ഡോ. ടി.എം. വാസുദേവന്‍, ഡോ. സി. ശ്യാമിലി എന്നിവര്‍ സംസാരിച്ചു. സി.എച്ച്.എം.കെ. ലൈബ്രറിയിലെ എന്‍.പി. ജംഷീര്‍, സി. മനു, എ. മോഹന്‍, കെ. ശ്രീലത എന്നിവരാണ് ക്ലാസുകള്‍ നയിക്കുന്നത്.

ഫോട്ടോ- സ്വതന്ത്ര സോഫ്റ്റ്വെയര്‍ പരിശീലന ശില്പശാല രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു


കാലിക്കറ്റില്‍ അസി. പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ പരിസ്ഥിതി ശാസ്ത്രപഠനവകുപ്പില്‍ (സ്വാശ്രയം) അസി. പ്രൊഫസര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി 2026 ജനുവരി ഒമ്പതിനുള്ള വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ഫെബ്രുവരി 19-ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദിപഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഹിന്ദി ഭാഷാസാഹിത്യത്തിലുള്ള പി.ജിയോ തത്തുല്യ ബിരുദമോ ആണ് അടിസ്ഥാന യോഗ്യത. നെറ്റ്/ ജെ.ആര്‍.എഫ്., എം.ഫില്‍, പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണനയുണ്ടാകും. താത്പര്യമുള്ളവര്‍ ഫെബ്രുവരി 13-ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി അസല്‍രേഖകളും പകര്‍പ്പുകളും സഹിതം പഠനവകുപ്പില്‍ ഹാജരാകണം.

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലയില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ നിയമനത്തിന് സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍/ സ്വയംഭരണസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.ഇ./ എം.ടെക്. കമ്പ്യൂട്ടര്‍സയന്‍സ്/  എം.സി.എ./ എം.എസ് സി. കമ്പ്യൂട്ടര്‍സയന്‍സ് അല്ലെങ്കില്‍ തത്തുല്യയോഗ്യത. അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. വിജ്ഞാപനം പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം സര്‍വകലാശാലാ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി വയസ്സ്, യോഗ്യത, പരിചയം, ചലാന്‍ രസീത്, അവശ്യമായ മറ്റുരേഖകള്‍ എന്നിവയുടെ ആറ് സെറ്റ് പകര്‍പ്പ് സഹിതം രജിസ്ട്രാര്‍, കാലിക്കറ്റ് സര്‍വകലാശാല 673635 എന്ന വിലാസത്തില്‍ ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തീയതി അവസാനിച്ച് അഞ്ച് ദിവസത്തിനകം ലഭ്യമാക്കണം. അപേക്ഷാഫീസ്: 1165 രൂപ. എസ്.സി./ എസ്.ടി.: 280 രൂപ. വിശദവിജ്ഞാപനം സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

ആറാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി ഹോണേഴ്‌സ് റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2025
(2019 മുതല്‍ 2022 വരെ പ്രവേശനം), സപ്ലിമെന്ററി നവംബര്‍ 2025 (2017, 2018 പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.എ. സംസ്‌കൃതം നവംബര്‍ 2025 (സി.സി.എസ്.എസ്. 2024 പ്രവേശനം), ഒന്നാം സെമസ്റ്റര്‍ എം.എ. ഉര്‍ദു (2024, 2025 പ്രവേശനം) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കൊമേഷ്യല്‍ ആന്‍ഡ് സ്‌പോക്കണ്‍ ഹിന്ദി ജൂണ്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. (സി.ബി.സി.എസ്.എസ്.) സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ട്, നാല് സെമസ്റ്റര്‍ എം.എസ് സി. ഫിസിക്‌സ് സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാടൈംടേബിള്‍

വിദൂരവിഭാഗം, പ്രൈവറ്റ് വിദ്യാര്‍ഥികളുടെ ആറാം സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ്.-യു.ജി.) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ബി.എ., ബി.കോം., ബി.ബി.എ., ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ, ബി.എ. മള്‍ട്ടിമീഡിയ,  ബി.എസ് സി. (സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) ഏപ്രില്‍ 2026 പരീക്ഷകളും ബി.എ. മള്‍ട്ടിമീഡിയ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2025 പരീക്ഷകളും മാര്‍ച്ച് 13-ന് തുടങ്ങും.

സൂക്ഷ്മപരിശോധനാഫലം

ഒന്നാം സെമസ്റ്റര്‍ ബി.കോം. എല്‍.എല്‍.ബി. ഹോണേഴ്‌സ് ഒക്ടോബര്‍ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ മാറ്റി

മൂന്നാം സെമസ്റ്റര്‍ എം.ബി.എ. (ഫുള്‍ടൈം ആന്‍ഡ് പാര്‍ട്ട് ടൈം 2016 മുതല്‍ 2023 വരെ പ്രവേശനം) ജനുവരി 2026 സപ്ലിമെന്ററി പരീക്ഷയുടെ ഫെബ്രുവരി 12-ന് നടത്താനിരുന്ന   BUS 3E F04 Indian Financial System പരീക്ഷ 17-ലേക്ക് മാറ്റി. മറ്റുപരീക്ഷകള്‍ക്ക് മാറ്റമില്ല.

അഫിലിയേറ്റഡ് കോളേജുകളിലെയും വിദൂരവിഭാഗത്തിലെയും എല്ലാ അവസരങ്ങളും നഷ്ടമായ (2014 മുതല്‍ 2016 വരെ പ്രവേശനം) ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ, ബി.എസ് സി., ബി.എസ് സി ഇന്‍ ആള്‍ട്ടര്‍നേറ്റീവ് പാറ്റേണ്‍, ബി.സി.എ., ബി.എസ്.ഡബ്ല്യൂ, ബി.എം.എം.സി. സെപ്റ്റംബര്‍ 2022 പരീക്ഷയില്‍ ഫെബ്രുവരി 12-ന് നടത്താനിരുന്ന പരീക്ഷ 19-ലേക്ക് മാറ്റി. സമയം: ഉച്ചക്ക് 1.30 പരീക്ഷാ കേന്ദ്രം: സെമിനാര്‍ഹാള്‍, ടാഗോര്‍നികേതന്‍, സര്‍വകലാശാലാ കാമ്പസ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
Share news
error: Content is protected !!
Scroll to Top