കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; അസമത്വങ്ങള്‍ സാമൂഹ്യനീതി ഇല്ലാതാക്കുന്നു- ഡോ. സുഖ്ദേവ് തൊറാട്ട്

അസമത്വങ്ങള്‍ സാമൂഹ്യനീതി ഇല്ലാതാക്കുന്നു- ഡോ. സുഖ്ദേവ് തൊറാട്ട്

വൈജാത്യങ്ങള്‍ക്കൊപ്പം തന്നെ അസമത്വങ്ങളും തുടരുന്നതാണ് ഇന്ത്യയില്‍ സാമൂഹ്യനീതി എല്ലാവരിലേക്കും എത്താതിരിക്കാനുള്ള കാരണമെന്ന് യു.ജി.സി. മുന്‍ ചെയര്‍മാന്‍ ഡോ. സുഖ്ദേവ് തൊറാട്ട് അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗത്തിന് കീഴിലുള്ള ഡോ. ബി.ആര്‍. അംബേദ്കര്‍ ചെയര്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു ചെയറിന്റെ വിസിറ്റിങ് പ്രൊഫസര്‍ കൂടിയായ അദ്ദേഹം. വിവിധ മതങ്ങള്‍, ജാതികള്‍, നിറം, ഭാഷ എന്നിവ മാത്രമല്ല, ലിംഗഭേദം പോലും സാമൂഹ്യനീതി നടപ്പാകുന്നതില്‍ സ്വാധീനിക്കപ്പെടുന്നുണ്ട്. ഇവയുണ്ടാക്കുന്ന വൈജാത്യങ്ങളേക്കാള്‍ അതുവഴിയുണ്ടാക്കുന്ന അസമത്വങ്ങളാണ് കാരണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ കേന്ദ്രസര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. സാബു തോമസ് അധ്യക്ഷത വഹിച്ചു. പോണ്ടിച്ചേരി സര്‍വകലാശാലാ മുന്‍ പ്രൊഫസര്‍ ഡോ. എന്‍.കെ. കുമരേശന്‍ രാജ, സിന്‍ഡിക്കേറ്റംഗം ഡോ. ടി. വസുമതി, ഡോ. അബ്ദുള്‍ നാസര്‍, ഡോ. പി.വി. അനൂപ് എന്നിവര്‍ സംസാരിച്ചു. സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആഴമേറിയ ഗവേഷണ പദ്ധതികള്‍ക്ക് തുടക്കമിടാന്‍ അംബേദ്കര്‍ ചെയര്‍ തീരുമാനിച്ചു. ചെയറിന്റെ പ്രഥമ പ്രൊഫസര്‍ ഡോ. സുഖ്ദേവ് തൊറാട്ട് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രശ്ന പരിഹാരത്തിനായിരിക്കും ചെയര്‍ നേതൃത്വം നല്‍കുക. ഇതിനായി ഒരു പഠനകേന്ദ്രം തുടങ്ങുന്നത് ഗുണകരമാകുമെന്ന് ഡോ. സുഖ്ദേവ് അഭിപ്രായപ്പെട്ടു. ഗവേഷകരുടെ ഒരു കൂട്ടായ്മ രൂപവത്കരിച്ച് അംബേദ്കറുടെ ആശയങ്ങള്‍ സാക്ഷാത്കരിക്കുകയാണ് ചെയറിന്റെ ലക്ഷ്യം. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഫിനാന്‍സ് ഓഫീസര്‍ എന്‍.എ. അബ്ദുള്‍ റഷീദ്, ചെയര്‍ ഭരണസമിതി അംഗങ്ങളായ ഡോ. വി.വി. ഹരിദാസ്, ഡോ. പി.കെ. ശശി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 11-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 17. യോഗ്യതയും മറ്റ് വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.

ഹാള്‍ടിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2023 അദ്ധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശന പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ എം.സി.എ. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 11 വരെയും 180 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 11 വരെയും 180 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.

സര്‍വകലാശാലാ പഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ 7 വരെയും 180 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.

സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സിലെ മൂന്നാം സെമസ്റ്റര്‍ എം.ടി.എ. നവംബര്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 30 വരെയും 180 രൂപ പിഴ യോടെ ഡിസംബര്‍ 2 വരെയും അപേക്ഷിക്കാം.

2018, 2019 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി സപ്തംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ

ലോ കോളേജുകളിലെ നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഡിസംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഡിസംബര്‍ 21-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
error: Content is protected !!
Scroll to Top