കാലിക്കറ്റ് സർവകലാശാല വാർത്തകൾ; കൊതുക് നിയന്ത്രണത്തിന് ജനിതക എന്‍ജിനിയറിംഗ്: കാലിക്കറ്റ് സർവകലാശാലയിൽ സ്റ്റാർട്ടപ്

കൊതുക് നിയന്ത്രണത്തിന് ജനിതക എന്‍ജിനിയറിംഗ്: കാലിക്കറ്റ് സർവകലാശാലയിൽ സ്റ്റാർട്ടപ്

കൊതുകുകളുടെ കൂത്താടികളെ നശിപ്പിക്കുന്ന ജനിതക എൻജിനീയറിങ് സാങ്കേതിക വിദ്യ വിപണിയിലെത്തിക്കാൻ കാലിക്കറ്റ് സർവകലാശാലയിൽ സ്റ്റാർട്ടപ് ട്രിപ്സിന്‍ മോഡുലേറ്റിങ്ങ് ഊസ്റ്റാറ്റിക് ഫാക്ടര്‍ (ടി.എം.ഒ.എഫ്.) എന്ന പെപ്റ്റൈഡിന്റെ ജീന്‍ ബാക്ടീരിയയില്‍ ക്ലോണ്‍ ചെയ്ത് ടി.എം.ഒ.എഫ്. ഉത്പാദിപ്പിച്ച് അത് ഉപയോഗിച്ച് കൊതുകുകളുടെ കൂത്താടികളെ നശിപ്പിക്കാനാവും എന്ന കണ്ടെത്തലിനെ അടിസ്ഥാന മാക്കിയാണ് സംരംഭം.  ഈ കണ്ടുപിടുത്തത്തിന് കാലിക്കറ്റ് സർവകലാശാലാ മുന്‍ പ്രൊഫസറും സെന്റര്‍ഫോര്‍ അഡ്വാന്‍സസ് ഇന്‍ മോളിക്കുലാര്‍ ബയോളജിയുടെ ഡയറക്ടറുമായിരുന്ന ഡോ. വി.എം. കണ്ണനും അദ്ദേഹത്തിന്റെ ഗവേഷണ വിദ്യാര്‍ത്ഥി ആയിരുന്ന ദീപ്തിക്കും പേറ്റന്‍റ് ലഭിച്ചിട്ടുണ്ട്.  കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തി ചെലവ് കുറഞ്ഞ രീതിയില്‍ ഈ ജൈവ കീടനാശിനി ഉത്പാദിപ്പിക്കാനും അത് വഴി വ്യാവസായിക ഉത്പാദനത്തിനായി കമ്പനികളെ കണ്ടെത്താനുള്ള ശ്രമമമാണ് കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോര്‍ ഇന്നോവേഷനിലെ ഇന്‍കുബേഷന്‍ സെന്ററില്‍ ആരംഭിച്ചിരിക്കുന്ന സ്റ്റാർട്ടപ്പിന്റെ പ്രധാന ലക്ഷ്യം.

നിലവില്‍ കൊതുകുകളുടെ ലാര്‍വകളെ നശിപ്പിക്കാനുപയോഗിക്കുന്ന ടെമിഫോസ് പോലുള്ള കീടനാശിനികള്‍ മനുഷ്യനടക്കമുള്ള മറ്റ് ജീവജാലങ്ങള്‍ക്കും വിഷമാണ്.  എന്നാല്‍ ടി.എം.ഒ.എഫ്. പെപ്റ്റൈഡ് വെള്ളത്തിലെ കൊതുകിന്റെ ലാര്‍വകളെ മാത്രമേ നശിപ്പിക്കുകയുള്ളൂ.  ടി.എം.ഒ.എഫ്. കൊതുകിന്റെ ലാര്‍വകളിലെ അന്നപദത്തില്‍ കാണപ്പെടുന്ന ഒരു പ്രത്യേക റിസപ്റ്ററുമായി സംയോജിക്കുകയും അത് വഴി ലാര്‍വകളിലെ അന്നപഥത്തിലെ ട്രിപ്സിന്‍ എന്ന രാസാഗ്നിയുടെ ഉത്പാദനത്തെ തടയുകയും ചെയ്യുന്നു.  ട്രിപ്സിന്‍ പ്രോട്ടീന്‍ ദഹനത്തിന് ആവശ്യമായതു കൊണ്ട് ദഹന പ്രക്രിയ തടസ്സപ്പെടുകയും കൂത്താടികള്‍ 48 മണിക്കൂറിനകം നശിക്കുകയും ചെയ്യുന്നു.  

കൂടാതെ ടി.എം.ഒ.എഫ്. പെപ്റ്റൈഡ് ഒരു വലിയ പ്രോട്ടീനുമായി സംയോജിപ്പിച്ചാണ് ഉത്പാദിപ്പിക്കുന്നത്. ഈ പ്രോട്ടീന്‍ അന്നപഥത്തിലെ ട്രിപ്സിനുമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രം ടി.എം.ഒ.എഫ്. പെപ്റ്റൈഡ് സ്വതന്ത്രമാവുന്ന രീതിയിലാണ് ജനിതക എന്‍ജിനിയറിംഗ് വഴി ക്ലോണ്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ട് കൂത്താടികളുടെ അന്നപഥത്തില്‍ വെച്ച് മാത്രമെ ഇത് പ്രവര്‍ത്തനക്ഷമമാവുകയുള്ളൂ.  

ടി.എം.ഒ.എഫ്. ജീന്‍ ക്ലോണ്‍ ചെയ്ത ബാക്ടീരിയയെ വളര്‍ത്തിയ ശേഷം, അവയില്‍ നിന്ന് വേര്‍തിരിക്കുന്ന ടി.എം.ഒ.എഫ്. പെപ്റ്റൈഡ് അടങ്ങിയ പ്രോട്ടീനോ നിര്‍ജ്ജീവമാക്കിയ  ബാക്ടീരിയകളെതന്നെ നേരിട്ടോ കൊതുകുകളുടെ ലാര്‍വകളുള്ള വെള്ളത്തില്‍ തളിച്ച് കൊതുക് നിയന്ത്രണം സാധ്യമാക്കാം.  പരിസ്ഥിതിയെയും മറ്റ് ജീവികളെയും ബാധിക്കാത്ത ഈ കൊതുക് നിയന്ത്രണമാര്‍ഗ്ഗം പ്രായോഗിക തലത്തിലേയ്ക്ക് എത്തിക്കാനുള്ള പരിശ്രമത്തിലാണ് ഗവേഷകര്‍.

ഈ ഗവേഷണ ഫലങ്ങള്‍ മാര്‍ച്ച് 22-ന് പുറത്തിറങ്ങിയ നേച്ചറിന്റെ ജേണലായ സയന്റിഫിക് റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ചിരിച്ചിട്ടുണ്ട്.  അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് മിഷഗണില്‍ നിന്ന് മോളിക്കുലാര്‍ ബയോളജിയില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം നടത്തിയ ഡോ. കണ്ണനാണ് ഈ ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. ഇത്തരം ഗവേഷണങ്ങള്‍ക്കായി സ്വന്തമായി സ്ഥാപിച്ച ബയോസേജ് റിസർച്ച് എന്ന കമ്പനിയുടെ ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം.

യാത്രയയപ്പ് നൽകി

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം വിരമിക്കുന്ന അസിസ്റ്റന്റ് രജിസ്ട്രാർ ഇ.എൻ. ഷിബ, സെക്‌ഷൻ ഓഫീസർമാരായ എൻ. ബിലു ബാലകൃഷ്ണൻ, പി.വി. മാർട്ടിൻ, യു.കെ. മനോജ്, ഓഫീസ് സൂപ്രണ്ട് പി.വി. ഷൈലജ, അസിസ്റ്റന്റ് സെക്‌ഷൻ  ഓഫീസർ സൗമ്യജ ശിവരാജ്, കമ്പ്യൂട്ടർ അസ്സിസ്റ്റന്റുമാരായ സി. സതീദേവി, എം.പി. രമണി എന്നിവർക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. രജിസ്ട്രാർ ഡോ. ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഫിനാൻസ് ഓഫീസർ കെ. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. പരീക്ഷാ കണ്‍ട്രോളറുടെ ചുമതലയുള്ള ജോയന്റ് രജിസ്ട്രാർ സി. തബീത ജോർജ്, സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ട് ഭാരവാഹികളായ പി. നിഷ, ഡോ. എം.ബി. മനോജ്, വിവിധ സംഘടനാ പ്രതിനിധികളായ എൻ.പി. ജംഷീർ, ടി. സുനിൽ കുമാർ, റനീബ്, ടി.കെ. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായ അഫിലിയേറ്റഡ് കോളേജ് / വിദൂര വിഭാഗം വിദ്യാർഥികൾക്കുള്ള ആറാം സെമസ്റ്റർ ബി.എ., ബി.എസ് സി., ബി.എസ് സി. ഇൻ ആൾട്ടർനേറ്റിവ് പാറ്റേൺ, ബി.കോം., ബി.കോം. ഹോണേഴ്‌സ്, ബി.ബി.എ., ബി.എം.എം.സി., ബി.സി.എ., ബി.എസ്.ഡബ്ല്യൂ., ബി.ടി.എ., ബി.ടി.എച്ച്.എം., ബി.വി.സി., ബി.എച്ച്.എ., ബി.എ.എച്ച്., ബി.എച്ച്.ഡി., ബി.വി.എസ്., ബി.ടി.എഫ്.പി., ബി.എൽ.ഐ.എസ്‌സി., ബി.ടി.ടി.എം., ബി.എ. അഫ്സൽ – ഉൽ – ഉലമ (CUCBCSS UG – 2017, 2018 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് മെയ് 20 വരെ അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top