കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; പരീക്ഷാഭവനില്‍ നല്‍കുന്നത് മികച്ച വിദ്യാര്‍ത്ഥി സൗഹൃദ സേവനങ്ങള്‍

പരീക്ഷാഭവനില്‍ നല്‍കുന്നത് മികച്ച വിദ്യാര്‍ത്ഥി സൗഹൃദ സേവനങ്ങള്‍

കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാ ഭവനില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിശ്രമത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കും അവശ്യ സൗകര്യങ്ങള്‍ ലഭ്യമാണ്. 2022 ഓഗസ്റ്റ് മുതല്‍ തന്നെ താല്‍ക്കാലിക ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബി.എ, ബി.എസ്.സി, ബി.കോം, ഇ.പി.ആര്‍, എന്നിങ്ങനെ കൗണ്ടര്‍ തിരിച്ചാണ് താല്‍ക്കാലിക ഫ്രണ്ട് ഓഫീസ്. സന്ദര്‍ശകര്‍ക്ക് യാതൊരു തരത്തിലുമുള്ള സംശയങ്ങള്‍ക്കും ഇടവരാത്ത രീതിയില്‍ ഓരോ ബ്രാഞ്ചിന്റെയും പേരെഴുതിയ ബോര്‍ഡും ഫ്രന്റ് ഓഫിസിനു മുന്‍പില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അന്വേഷണ വിഭാഗം, ഡിജിറ്റല്‍ സ്റ്റുഡന്റ് സര്‍വീസ് സെന്ററായ സുവേഗ, എന്നിവ പ്രവര്‍ത്തിക്കുന്ന ടാഗോര്‍ നികേതനിലാണ് ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ എത്തുന്നത്. ഇവിടെ എല്ലാ സൗകര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റിധാരണ പരത്തുന്നതാണെന്നും പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

പരീക്ഷ ഭവനിലേക്ക് എത്തുന്ന കുട്ടികള്‍ക്ക് ഇരിക്കുന്നതിന് ഇരിപ്പിടം പഴയ ഇ.പി.ആര്‍ പ്രവര്‍ത്തിച്ച കെട്ടിടത്തില്‍ 2022 സെപ്റ്റംബര്‍ മുതല്‍ നിലവിലുണ്ട് . പ്രസ്തുത ഇരിപ്പിടത്തിന് അരികില്‍ തന്നെ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടോക്കണ്‍ നല്‍കുന്നതിനായി സ്റ്റാഫിനെ ഉത്തരവാദിത്വപ്പെടുത്തിയിട്ടുണ്ട്. ടോക്കണ്‍ ക്രമപ്രകാരം വിശ്രമ സ്ഥലത്തു നിന്ന് എഴുന്നേറ്റ് ഫ്രണ്ട് ഓഫീസില്‍ എത്തി അവരുടെ പ്രശ്‌നങ്ങള്‍ അവിടെ അവതരിപ്പിക്കാവുന്നതാണ്. കുട്ടികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും അതിനുവേണ്ടിയുള്ള തുടര്‍ സംവിധാനം അവിടെ നിന്നു തന്നെ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയിലാണ് ഫ്രണ്ട് ഓഫീസ് സംവിധാനം നിലവിലുള്ളത്. വരുന്ന കുട്ടികള്‍ക്ക് പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിന് ആവശ്യമായ ടോയ്‌ലറ്റ് സംവിധാനം പരീക്ഷ ഭവന്റെ ഇരുവശങ്ങളിലുമായി സജ്ജീകരിച്ചിട്ടുണ്ട്. കൈക്കുഞ്ഞുമായി വരുന്ന വിദ്യാര്‍ഥിനികള്‍ക്ക് ഫീഡിങ് നല്‍കുന്നതിനായി വിശ്രമ സ്ഥലത്ത് തന്നെ അതിനുള്ള ക്യാബിന്‍ നിലവില്‍ ലഭ്യമാണ്. മാത്രമല്ല ലഘു ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം പരീക്ഷ ഭവന്‍ പരിസരത്തു തന്നെയുണ്ട്.

ഇ.പി.ആര്‍ മുന്‍പ് പ്രവര്‍ത്തിച്ച സ്ഥലത്തു പുതിയ ആധുനിക സംവിധാനങ്ങളോട് കൂടിയ വിവിധോദ്ദേശ ഹാള്‍ സജ്ജീകരിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. പ്രസ്തുത ഹാളില്‍ രണ്ടു ചലാന്‍ കൗണ്ടര്‍, വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ എല്ലാ തരം ഫോറങ്ങളും ലഭ്യമാകുന്ന കൗണ്ടര്‍, തപാലുകള്‍ സ്വീകരിക്കുന്നത്തിനും കൈമാറുന്നതിനുമുള്ള കൗണ്ടര്‍, 8 ബ്രാഞ്ചുകളുടെയും സേവനം പ്രധാനം ചെയ്യന്ന പ്രത്യേക കൗണ്ടറുകള്‍, വിദ്യാര്‍ത്ഥികള്‍ ഇരുന്നു അവരുടെ കാര്യങ്ങള്‍ നിറവേറ്റി പോകുന്നതിനുള്ള സൗകര്യം, കൈക്കുഞ്ഞുമായി വരുന്ന വിദ്യാര്‍ഥിനികള്‍ക്ക് ഫീഡിങ് നല്‍കുന്നതിനായി ക്യാബിന്‍, പരീക്ഷ ഭവന്റെ സേവനങ്ങള്‍ എങ്ങിനെ പ്രയോജനപ്പെടുത്താം ഒപ്പം പരീക്ഷ കലണ്ടര്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന രീതിയിലുള്ള മോണിറ്റര്‍ സംവിധാനം, പ്രസ്തുത ഹാളിനോട് ചേര്‍ന്ന് തന്നെ ടോയ്‌ലറ്റ് സംവിധാനം എല്ലാമടങ്ങുന്നതാണ്. സര്‍വ്വകലാശാല എഞ്ചിനീയറിംഗ് വിഭാഗം സമര്‍പ്പിച്ച പ്രൊജക്റ്റ് പരീക്ഷ സ്ഥിരം സമിതിയുടെ 29.11.2021-ലെ ശുപാര്‍ശയോടുകൂടി സിണ്ടിക്കേറ്റ് 15.12.2021-ന് അംഗീകരിക്കുകയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു പണി തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തുട്ടുണ്ട്. അടുത്ത അഞ്ചു മാസത്തിനുള്ളില്‍ പുതിയ ഫ്രന്റ് ഓഫീസില്‍ സംവിധാനം നിലവില്‍ വരും.

ബി.കോം., ബി.ബി.എ. – ടോക്കണ്‍ രജിസ്‌ട്രേഷന്‍

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാത്ത 2022 പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ടോക്കണ്‍ രജിസ്‌ട്രേഷന് അവസരം. ബി.കോമിന് 2440 രൂപയും ബി.ബി.എ.ക്ക് 2815 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ അറബിക് മെയ് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ 2009 മുതല്‍ 2013 വരെ പ്രവേശനം ഒന്നാം സെമസ്റ്റര്‍ യു.ജി. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ മെയ് 2-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോബയോളജി നവംബര്‍ 2021 പരീക്ഷയുടെ തടഞ്ഞുവെച്ച പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top