Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സര്‍വകലാശാലാ കാമ്പസില്‍ നൂറ് തൈകള്‍ നട്ട് സി.ഐ.എസ്.എഫ്. സേനാംഗങ്ങള്‍

HIGHLIGHTS : സര്‍വകലാശാലാ കാമ്പസില്‍ നൂറ് തൈകള്‍ നട്ട് സി.ഐ.എസ്.എഫ്. സേനാംഗങ്ങള്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിലെ ടാഗോര്‍...

സര്‍വകലാശാലാ കാമ്പസില്‍ നൂറ് തൈകള്‍ നട്ട് സി.ഐ.എസ്.എഫ്. സേനാംഗങ്ങള്‍

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിലെ ടാഗോര്‍ നികേതന്‍ വളപ്പില്‍ കോഴിക്കോട് വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നൂറ് തൈകള്‍ നട്ടു. സര്‍വകലാശാലാ എന്‍.എസ്.എസുമായി സഹകരിച്ചായിരുന്നു പരിപാടി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. സി.ഐ.എസ്.എസ്.എഫ്. കമാണ്ടന്റ് പ്രദീപ് കുമാര്‍ വിശ്വകര്‍മ, ഡെപ്യൂട്ടി കമാണ്ടന്റ് അഖിലേഷ് കുമാര്‍ എന്നിവര്‍ക്ക് പുറമെ 83 സേനാംഗങ്ങളും തൈ നടീലിനെത്തി. എന്‍.എസ്.എസ്. പ്രോഗ്രാം കോ – ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.എ. ഷിഹാബ്, പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. റീഷ കാരാളി, ഡോ. പ്രിയ ലേഖ, ഡോ. ഒ.കെ. ഗായത്രി എന്നിവര്‍ നേതൃത്വം നല്‍കി. ഭരണകാര്യാലയത്തിലേക്കുള്ള പുതിയ പാതയോരത്ത് ആലും ഇലഞ്ഞിയും ഉള്‍പ്പെടെ വന്മരങ്ങളുടെ തൈകള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പേറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് നട്ടത്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, ഡോ. ടി. വസുമതി, ഡോ. പി.പി. പ്രദ്യുമ്‌നന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിന്‍ സാംരാജ്, ക്യാമ്പസ് ഗ്രീന്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോണ്‍ ഇ. തോപ്പില്‍, ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. സി.സി. ഹരിലാല്‍, യു.എല്‍.സി.സി.എസ്. ഡയറക്ടര്‍ പി.കെ. സുരേഷ് ബാബു, പ്രൊജക്ട് മാനേജര്‍ ടി.കെ. ജയേഷ്, സൈറ്റ് ലീഡര്‍ എം.ടി. വിജീഷ്, അസി. മാനേജര്‍ അര്‍ജുന്‍ അശോക്, പി. രജീഷ്, ഇ.സി. സനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

ഡേകെയറും ഡോ. ത്രിഗുണ സെന്‍ അറീനയും മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും

സര്‍വകലാശാലയില്‍ ജൂണ്‍ ഏഴിന് എട്ട് ഉദ്ഘാടനങ്ങള്‍

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ നിര്‍മിച്ച പുതിയ ഡേ കെയറിന്റെയും ഡോ. ത്രിഗുണ സെന്‍ അറീനയുടെയും സസ്യോദ്യാനത്തിലെ നവീകരിച്ച നീന്തല്‍ക്കുളത്തിന്റെയും ഉള്‍പ്പെടെ എട്ട് പദ്ധതികള്‍ ഏഴിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. ഹ്യൂമാനിറ്റീസ് ബ്ലോക്ക്, സെന്റര്‍ കോമ്പോസിറ്റ് ബ്ലോക്ക് എന്നിവയുടെ രണ്ടാംനില, കെമിസ്ട്രി പഠനവകുപ്പിന്റെ സ്ഥലസൗകര്യം വര്‍ധിപ്പിക്കല്‍, ദേശീയപാതയോരത്ത് ചെട്ട്യാര്‍മാടിന് സമീപം കാമ്പസ് ഭൂമിയില്‍ നിര്‍മിക്കുന്ന ഐക്കോണിക് കെട്ടിടത്തിന്റെയും ഭരണകാര്യാലയത്തിലേക്കുള്ള നടപ്പാത, റോഡ്, മഴവെള്ള സംഭരണത്തിനുള്ള കുളം എന്നിവയുടെയും പ്രവൃത്തി ഉദ്ഘാടനങ്ങളുമാണ് മന്ത്രി നിര്‍വഹിക്കുക. സര്‍വകലാശാലാ ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ രാവിലെ 10.30-നാണ് ചടങ്ങ്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിക്കും. പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ. മുഖ്യാതിഥിയാകും. സിന്‍ഡിക്കേറ്റംഗങ്ങള്‍ പങ്കെടുക്കും.

വിശാല സൗകര്യങ്ങളുമായി ഡേ കെയര്‍

ആദ്യഘട്ടമായി ഡേകെയര്‍ കെട്ടിടത്തിന്റെ ഒന്നാം നിലയാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ആറു മാസം മുതല്‍ ആറ് വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് ഇവിടെ പരിചരണം. കളി സ്ഥലം, ഉറങ്ങാനുള്ള മുറി, മുലയൂട്ടല്‍ മുറി, അടുക്കള എന്നിവയെല്ലാമുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രത്യേകം സൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇവിടെ കളി സ്ഥലത്തിന് പുറമെ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ ഹാള്‍, തെറാപ്പി സെന്റര്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ പരീക്ഷാഭവന്‍ കെട്ടിടത്തിന് സമീപമുള്ള ഡേകെയര്‍ കേന്ദ്രത്തില്‍ സ്ഥല സൗകര്യം കുറവാണ്. നിലവില്‍ ഇരുപത്തഞ്ചോളം കുഞ്ഞുങ്ങള്‍ ഇവിടെയുണ്ട്. പുതിയ കേന്ദ്രം വരുന്നതോടെ വിശാലമായ സൗകര്യം ലഭിക്കുമെന്ന് ഡേ കെയര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. റീഷ കാരാളി പറഞ്ഞു. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് പ്രവൃത്തി സമയം.

ഡോ. ത്രിഗുണ സെന്‍ അറീന

സര്‍വകലാശാലാ ഭരണകാര്യാലയത്തിന് മുന്നിലായുള്ള 65 സെന്റ് സ്ഥലത്താണ് ഡോ. ത്രിഗുണ സെന്‍ അറീന എന്ന പേരില്‍ തുറന്ന വേദികളൊരുക്കിയിരിക്കുന്നത്. 1968 സെപ്റ്റംബര്‍ 13-ന് അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ത്രിഗുണ സെന്‍ കോഴിക്കോട് മനാഞ്ചിറ മൈതാനത്ത് നടന്ന ചടങ്ങില്‍ വെച്ചാണ് സര്‍വകലാശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഈ ശിലാഫലകം പിന്നീട് കാമ്പസിലെ ഭരണകാര്യാലയത്തിന് സമീപത്തെ ത്രികോണാകൃതിയിലുള്ള മതില്‍ക്കെട്ടിനകത്ത് സ്ഥാപിക്കുകയായിരുന്നു. പഴയ ശിലാഫലകം സംരക്ഷിച്ചതിനോടൊപ്പം പുതിയ നിര്‍മിതികളിലൂടെ കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ട്. ചെറിയ കൂട്ടായ്മകള്‍ക്കും കൂടിച്ചേരലുകള്‍ക്കും കലാപ്രകടനത്തിനും പറ്റുന്ന തരത്തിലുള്ള തുറന്ന വേദികളാണ് അറീനയിലുള്ളത്. ഭിന്നശേഷിക്കാര്‍ക്ക് എത്തിച്ചേരാവുന്ന തരത്തില്‍ എല്ലായിടത്തും റാമ്പുകളുണ്ട്. നിലത്ത് കട്ടകള്‍ വിരിച്ചും ചെടികള്‍ നട്ടും ലൈറ്റുകള്‍ സ്ഥാപിച്ചും ഒരുക്കിയ അറീന കാമ്പസ് ചര്‍ച്ചകള്‍ക്കുള്ള വേദിയാകുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ട പ്രവൃത്തികള്‍ 25 ലക്ഷം രൂപ ചെലവിട്ട് രണ്ട് മാസത്തിനകമാണ് പൂര്‍ത്തിയാക്കിയത്. അസി. രൂപരേഖ തയ്യാറാക്കി നിര്‍മാണ മേല്‍നോട്ടം നിര്‍വഹിച്ചത് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.എല്‍. രഞ്ജിത്താണ്.

സര്‍വകലാശാലാ പാര്‍ക്ക് ഇനി ഗ്രെറ്റ തുംബര്‍ഗിന്റെ പേരില്‍

കാലിക്കറ്റ് സര്‍വകലാശാലാ പാര്‍ക്ക് ഇനി അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബര്‍ഗിന്റെ പേരില്‍ അറിയപ്പെടും. ലോക പരിസ്ഥിതിദിനത്തില്‍ തൈ നട്ടുകൊണ്ട് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മനുഷ്യര്‍ നടത്തുന്ന പാരിസ്ഥിതികാതിക്രമങ്ങളെ ധീരമായി പ്രതിഷേധിച്ചു കൊണ്ടിരിക്കുന്ന സ്വീഡിഷ് യുവതിയാണ് ഗ്രെറ്റ. 1999 ജനുവരി 15-ന് ഉദ്ഘാടനം ചെയ്ത സര്‍വകലാശാലാ പാര്‍ക്കിന് ആറേക്കര്‍ വിസ്തൃതിയുണ്ട്. ചെടികളും തണല്‍മരങ്ങളും ഫലവൃക്ഷങ്ങളും പുല്‍ത്തകിടികളും നിറഞ്ഞ പാര്‍ക്കിന്റെ മനോഹാരിത ആസ്വദിക്കാന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് വന്‍ജത്തിരക്കാണ്.

കാലിക്കറ്റിൽ ഡാറ്റാ സയൻസ് ആന്റ് അനലറ്റിക്സ് പി.ജി. ഡിപ്ലോമ 

കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പില്‍ ഒരു വർഷത്തെ ഡാറ്റ സയൻസ് ആന്റ് അനലിറ്റിക്സ് പി.ജി. ഡിപ്ലോമ പ്രോഗ്രാം ( PG Diploma in Data Science and Analytics ) ആരംഭിക്കുന്നു. വ്യാവസായിക രംഗത്ത്  ഡാറ്റാ പ്രൊഫഷണലുകളുടെ വർധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്തുകൊണ്ട് അതിവേഗം വളരുന്ന ഡാറ്റാ സയൻസ് മേഖലയിൽ മികവ് പുലർത്തുന്നതിന് ആവശ്യമായ അറിവും വൈദഗ്ധ്യവുമുള്ള വിദ്യാർഥികളെ സജ്ജമാക്കുന്നതിനുതകും വിധമാണ്  ഈ അത്യാധുനിക പ്രൊജക്റ്റ് മോഡ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ പ്രോഗ്രാം വിദ്യാർഥികൾക്ക്  ആധുനിക ഡാറ്റാധിഷ്ഠിത ജോലികളിലെ വെല്ലുവിളികളെ നേരിടാൻ ആവശ്യമായ ഡാറ്റ സയൻസ്, അനലറ്റിക്സ്, ഡാറ്റ മൈനിംഗ്,  ഡാറ്റ  വിഷ്വലൈസേഷൻ, ബിസിനസ് അനലറ്റിക്സ്, അഡ്വാൻസ്‌ഡ് മെഷീൻ ലേർണിംഗ്, ഡീപ് ലേർണിംഗ് ടൂളുകൾ, ടെക്നിക്കുകൾ, ബിഗ് ഡാറ്റ ടെക്നോളജി എന്നിവയിൽ ശക്തമായ അടിത്തറ നൽകുന്നു. ഇതിനോടൊപ്പം ഇൻഡസ്ട്രി പ്രൊഫഷനലുകളുടെയും പരിചയസമ്പന്നരായ അധ്യാപകരുടെയും മാർഗനിർദ്ദേശത്തിൽ ആറ് മാസത്തെ ഇൻഡസ്ട്രിയൽ പ്രോജക്ട് വർക്ക് ചെയ്യാനുള്ള അവസരവും ലഭിക്കും.  പ്രവേശന യോഗ്യത : കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / എഞ്ചിനീയറിംഗ് / ടെക്‌നോളജി എന്നിവയിൽ ഏതിലെങ്കിലും ബിരുദം. അല്ലെങ്കിൽ ബി.എസ്.സി / ബി.ബി.എ /ബി.കോം. / ബി.വോക്. ബിരുദം (ഇവർ പ്ലസ്ടു തലത്തിലോ ബിരുദതലത്തിലോ ഗണിതം ഒരു ഐച്ഛിക വിഷയമായി പഠിച്ചിരിക്കണം). കുറഞ്ഞത് 55 ശതമാനം മാർക്ക് / തത്തുല്യ ഗ്രേഡ് ഉണ്ടായിരിക്കണം. സർവകലാശാല നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം ( സീറ്റുകളുടെ എണ്ണം 25 ) കൂടുതൽ വിവരങ്ങൾക്ക് പ്രവേശന വിഭാഗം വെബ്‌സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് പഠന വകുപ്പുമായി നേരിട്ട് ബന്ധപ്പെടുക. ഫോൺ: 0494 2407325.

വൈവ

കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിലെ പി.ജി. നാലാം സെമസ്റ്റർ ഹിന്ദി ലിറ്ററേച്ചർ, ഹിന്ദി എഫ്.എച്ച്.ടി. എന്നീ കോഴ്‌സുകളുടെ വൈവ ജൂൺ 10-ന് രാവിലെ 10.30-ന് ഹിന്ദി പഠന വകുപ്പിൽ നടക്കും.

പരീക്ഷാ അപേക്ഷ

സർവകലാശാലാ പഠനവകുപ്പുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. (2021 പ്രവേശനം) എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ്, എം.എസ് സി. ഫിസിക്സ്, എം.എസ് സി. കെമിസ്ട്രി, എം.എസ് സി. ബയോ-സയൻസ് ആറാം സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 12 വരെയും 190/- രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബി.വോക്. (CBCSS-V-UG 2018 മുതൽ 2021 വരെ പ്രവേശനം) അക്കൗണ്ടിംഗ് ആന്റ് ടാക്സേഷൻ, പ്രൊഫഷണൽ അക്കൗണ്ടിംഗ് ആന്റ് ടാക്സേഷൻ, ബാങ്കിങ് ഫിനാൻഷ്യൽ സർവീസ് ആന്റ് ഇൻഷുറൻസ്, ലോജിസ്റ്റിക്സ് മാനേജ്‌മന്റ്, റീടൈൽ മാനേജ്‍മെന്റ്, ഹോട്ടൽ മാനേജ്‌മന്റ്, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ്, ബ്രോഡ്‌കാസ്റ്റിംഗ്‌ ആന്റ് ജേണലിസം, ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ, ഡാറ്റാ സയൻസ് ആന്റ് അനലറ്റിക്‌സ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ, മൾട്ടിമീഡിയ, ജെമ്മോളജി, ജ്വല്ലറി ഡിസൈനിങ്, ഫാഷൻ ഡിസൈനിങ് ആന്റ് മാനേജ്മെന്റ്, ഫാഷൻ ടെക്‌നോളജി, അപ്ലൈഡ് ബയോടെക്‌നോളജി, ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താൽമോളജിക്കൽ ടെക്‌നിക്‌സ്, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, നഴ്സറി ആന്റ് ഒർണമെന്റൽ ഫിഷ് ഫാമിങ്, ഓർഗാനിക് ഫാമിങ്, അഗ്രികൾച്ചർ, ഫുഡ് സയൻസ്, ഡയറി സയൻസ് ആന്റ് ടെക്നോളജി, ഫിഷ് പ്രോസസിങ് ടെക്‌നോളജി ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 21 വരെയും 190/- രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. ലിങ്ക് 10 മുതൽ ലഭ്യമാകും.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ (CUCBCSS-UG & CBCSS-UG) ബി.കോം., ബി.കോം. വൊക്കേഷണൽ, ബി.ബി.എ., ബി.എച്ച്.എ., ബി.ടി.എച്ച്.എം., ബി.കോം. പ്രൊഫഷണൽ, ബി.കോം. ഹോണേഴ്‌സ്, ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എസ് സി., ബി.എസ് സി. ഇൻ ആൾട്ടർനേറ്റ് പാറ്റേൺ, ബി.സി.എ., ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബാച്ചിലർ ഓഫ് ടെലിവിഷൻ ആന്റ് ഫിലിം പ്രൊഡക്ഷൻ, ബി.എ. മൾട്ടിമീഡിയ, ബി.എ. അഫ്സൽ-ഉൽ-ഉലമ, ബി.കോം. (കമ്പ്യൂട്ടർ അപ്ലിക്കേഷൻ) വൊക്കേഷണൽ സ്ട്രീം, ബി.എസ് സി. ഹോട്ടൽ മാനേജ്‌മന്റ് ആന്റ് കാറ്ററിംഗ് സയൻസ്, ബി.എസ് സി. ഹോട്ടൽ മാനേജ്‌മന്റ് ആന്റ് കളിനറി ആർട്സ്, ബി.എസ് സി. ബോട്ടണി ആന്റ് കമ്പ്യൂട്ടേഷണൽ ബയോളജി (ഡബിൾ മെയിൻ), ബി.എസ് സി. മാത്തമാറ്റിക്സ് ആന്റ് ഫിസിക്സ് (ഡബിൾ മെയിൻ), ബി.എ. ടെലിവിഷൻ ആന്റ് ഫിലിം പ്രൊഡക്ഷൻ, ബി.എ. ഗാഫിക്സ് ഡിസൈൻ ആന്റ് അനിമേഷൻ, ബി.ഡെസ്. (ഗ്രാഫിക്സ് ആന്റ് കമ്മ്യൂണികേഷൻ ഡിസൈൻ), ബി.ടി.എ. ഏപ്രിൽ 2024, ബി.ടി.എ. ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ എട്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!