കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; കാലിക്കറ്റ് ബിരുദപരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 23 പ്രവൃത്തി ദിവസത്തിനുള്ളില്‍

കാലിക്കറ്റ് ബിരുദപരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 23 പ്രവൃത്തി ദിവസത്തിനുള്ളില്‍

ആറാം സെമസ്റ്റര്‍ ബിരുദപരീക്ഷാഫലം 23 പ്രവൃത്തിദിവസം കൊണ്ട് പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല. റഗുലര്‍ വിഭാഗത്തില്‍ എല്ലാ കോഴ്‌സുകളിലുമായി 62,459 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുകയും 51,469വിദ്യാര്‍ത്ഥികള്‍ വിജയിക്കുകയും ചെയ്തു. ശരാശരി വിജയ ശതമാനം 82.40. വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ എല്ലാ കോഴ്‌സുകളിലുമായി 22,750 പേര്‍ പരീക്ഷ എഴുതുകയും 14285 പേര്‍ വിജയിക്കുകയും ചെയ്തു. ശരാശരി വിജയ ശതമാനം 62.79. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഫലപ്രഖ്യാപനം നിര്‍വഹിച്ചു. ഫലം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ജൂണ്‍ ആദ്യവാരത്തോടെ ഗ്രേഡ് കാര്‍ഡ് വിതരണം തുടങ്ങും.

ബിരുദ റഗുലര്‍ വിദൂരവിഭാഗം കോഴ്‌സുകളുടെ ആറാം സെമസ്റ്റര്‍ പരീക്ഷ ഏപ്രില്‍ ഒന്ന് മുതല്‍ 12 വരെയാണ് നടന്നത്. 428 പരീക്ഷാകേന്ദ്രങ്ങളിലായി 85,209 വിദ്യാര്‍ഥികള്‍ എഴുതിയ 4,30,182 ഉത്തരക്കടലാസുകള്‍ തപാല്‍ വകുപ്പ് മുഖേനയാണ് മൂല്യനിര്‍ണയ കേന്ദ്രങ്ങളിലെത്തിച്ചത്. 22 കേന്ദ്രീകൃത മൂല്യനിര്‍ണയ കേന്ദ്രങ്ങളിലെ 148 ക്യാമ്പുകളിലായി മെയ് രണ്ടു മുതല്‍ ഏഴു വരെ അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തി. അനുബന്ധജോലികള്‍ പരീക്ഷാഭവനിലെ ജീവനക്കാര്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിച്ചു. പൊതു തിരഞ്ഞെടുപ്പിന്റെ ക്ലാസ്, മൈക്രോ ഒബ്‌സെര്‍വര്‍ ജോലി, തിരെഞ്ഞെടുപ്പ് ജോലികള്‍ എന്നിവയ്ക്കിടയിലും പരീക്ഷാജോലികള്‍ ചെയ്ത ജീവനക്കാരെ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. ടി. വസുമതി എന്നിവര്‍ പ്രത്യേകം അനുമോദിച്ചു. ചടങ്ങില്‍ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിന്‍ സാംരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്,  സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. പി.പി. പ്രദ്യുമ്‌നന്‍, സെനറ്റംഗം വി.എസ്. നിഖില്‍, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ്, ഫിനാന്‍സ് ഓഫീസര്‍ വി. അന്‍വര്‍, ജോ. രജിസ്ട്രാര്‍ വി. സുരേഷ്, പരീക്ഷാഭവനിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാലിക്കറ്റ് സര്‍വകലാശാലയില്‍ 2022 അധ്യയന വര്‍ഷം മുതല്‍ ബാര്‍കോഡ് അധിഷ്ഠിത സംവിധാനം ഉപയോഗിച്ച് പരീക്ഷ നടത്തുകയും അതിവേഗം പരീക്ഷാഫലം പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന പ്രക്രിയ ആരംഭിച്ചിരുന്നു.

ബി.എഡ്. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ സെഷനില്‍ (04/2022) ആണ് ആദ്യമായി ബാര്‍കോഡ് അധിഷ്ഠിത സംവിധാനം ഉപയോഗിച്ച് പരീക്ഷ, മൂല്യനിര്‍ണയം എന്നിവ നടത്തുകയും ഫലപ്രഖ്യാപനം അതിവേഗത്തില്‍ പ്രഖ്യാപിക്കുവാനും കുട്ടികള്‍ക്ക് ഗ്രേഡ് കാര്‍ഡ് 10 ദിവസം കൊണ്ട് ലഭ്യമാക്കുവാനും സാധിച്ചു. രണ്ടാം ഘട്ടമായി എല്‍.എല്‍.ബി.യിലും മറ്റു പ്രൊഫഷണല്‍ പ്രോഗ്രാമുകളിലും മൂന്നാം ഘട്ടമായി അഫിലിയേറ്റഡ് കോളേജുകളുടെ നാലാം സെമസ്റ്റര്‍ എം.എ / എം.എസ് സി. / എം.കോം. എന്നീ പ്രോഗ്രാമുകളിലും നടപ്പിലാക്കി. ഉത്തരക്കടലാസുകള്‍ സൂക്ഷിക്കുന്ന സംവിധാനം (CEAM) ഉപയോഗിച്ച് കൊണ്ട് പത്തു മുതല്‍ പതിനാലു ദിവസം (പ്രവൃത്തി ദിവസം) കൊണ്ട് ഈ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിക്കുവാനും സാധിച്ചു. നാലാം ഘട്ടമായി അഞ്ചാം സെമെസ്റ്റര്‍ ബിരുദതത്തിലും (11/2023) നടപ്പിലാക്കി. നിലവില്‍ അപൂര്‍വം ചില കോഴ്‌സുകള്‍ ഒഴികെ മറ്റെല്ലാത്തിന്റെയും പരീക്ഷാനടത്തിപ്പ് ബാര്‍കോഡ് അധിഷ്ഠിത സംവിധാനത്തിലൂടെയാണ്.

വിജയശതമാനം

റഗുലര്‍

ബി.എ.- 84

ബി.കോം.- 87

ബി.ബി.എ.-75

ബി.സി.എ.-75

ബി.എസ് സി.- 78

ബി.എസ്.ഡബ്ല്യു.-84

അഫ്‌സല്‍ ഉല്‍ ഉലമ-95

വിദൂരവിഭാഗം

ബി.കോം.- 58.97

ബി.ബി.എ.- 37.96

ബി.എ.- 66.48

ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ- 75.87

കാലിക്കറ്റ് സര്‍വകലാശാല ഗ്രാജുവേഷന്‍ സെറിമണി 2024

കാലിക്കറ്റ് സര്‍വകലാശാല ചരിത്രത്തില്‍ ആദ്യമായി ഡിഗ്രി പാസ് ആകുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഒരു മാസത്തിനുള്ളില്‍ ‘ഗ്രാജുവേഷന്‍ സെറിമണി 2024’ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 2024 സെഷനില്‍ പാസ് ആകുന്ന (2021 പ്രവേശനം) വിദ്യാര്‍ഥികള്‍ക്കാണ് ഈ രീതിയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ജൂണ്‍ അവസാന ആഴ്ചയില്‍ വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദമാകും വിധം അഞ്ചു ജില്ലകളിലെ തിരെഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ വച്ച് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഈ സെഷനില്‍ പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് മെയ് 20 മുതല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുവാനുള്ള ലിങ്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാകും. വിശദ വിവരങ്ങള്‍ക്ക് സർവകലാശാലാ വെബ്‌സൈറ്റ് (uoc.ac.in) സന്ദര്‍ശിക്കുക.

റേഡിയോ സിയു ശില്പശാല

കാലിക്കറ്റ് സര്‍വകലാശാലയുടെ ഔദ്യോഗിക മാധ്യമമായ റേഡിയോ സിയു സംഘടിപ്പിക്കുന്ന ശില്പശാലക്ക് തുടക്കമായി. റേഡിയോ അവതരണം, സൗണ്ട് ഡിസൈനിങ്, കോണ്ടെന്റ് ക്രിയേഷന്‍, വോയിസ് ഓവര്‍ എന്നിവയില്‍ പരിശീനം നല്‍കുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. റേഡിയോ സിയു ഡയറക്ടര്‍ ഡോ. ശ്രീകല മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി.കെ. ഷിജിത്ത്, സെക്ഷന്‍ ഓഫീസര്‍ നുസൈബ ബായ് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം എക്‌സിക്യുട്ടീവ് പി. സുജ, സൗണ്ട് ഡിസൈനര്‍ എം. ഷൈജു എന്നിവര്‍ ക്ലാസെടുത്തു. 18-നാണ് സമാപനം.

സ്‌പോര്‍ട്‌സ് ഒളിമ്പ്യാഡിന്റെ ബ്രോഷര്‍ പ്രകാശനം

ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് ഒളിമ്പ്യാഡിന്റെ ബ്രോഷര്‍ പ്രകാശനം സിന്‍ഡിക്കേറ്റ് സ്ഥിരംസമിതി കണ്‍വീനര്‍ അഡ്വ. എല്‍.ജി. ലിജീഷ് നിര്‍വഹിക്കുന്നു. സിന്‍ഡിക്കേറ്റംഗം ഡോ. ടി. വസുമതി ഏറ്റുവാങ്ങി. കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ഹുസൈന്‍, സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ ഡോ. രാജു, പി.ആര്‍.ഒ. സി.കെ. ഷിജിത്ത്, ഡോ. മുഹമ്മദലി മൂന്നിയൂര്‍, എ.കെ. രാജ് കിരണ്‍, ബി. അജ്മല്‍ ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പരീക്ഷാ

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഓൺലൈൻ ആൻ്റ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എം.എ. / എം.എസ് സി./ എം.കോം. (PG-CDOE-CBCSS 2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ജൂലൈ ഒന്നിന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എ. / എം.എസ്.സി. / എം.കോം. / എം.എസ്.ഡബ്ല്യൂ. / എം.എച്ച്.എം. / എം.ടി.എച്ച്.എം. / എം.ടി.ടി.എം. / എം.എ. ജേണലിസം ആൻ്റ് മാസ് കമ്മ്യൂണിക്കേഷൻ / എം.എ. ഡെവലപ്മെന്റ് ഇക്കണോമിക്സ് / എം.എ. ബിസിനസ് ഇക്കണോമിക്സ് / എം.എ. ഇക്കണോമെട്രിക്സ് / എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ് / എം.എസ് സി. ബയോളജി /  എം.എസ് സി. ഫോറൻസിക് സയൻസ് (CBCSS-PG 2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ജൂലൈ ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പുനർമൂല്യനിർണയ ഫലം

വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് (CBCSS) നവംബർ 2022, നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top