Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കാലിക്കറ്റ് ബിരുദഫലം പ്രസിദ്ധീകരിച്ചു

HIGHLIGHTS : Calicut University News; Calicut Graduation Published

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കാലിക്കറ്റ് ബിരുദഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ ബിരുദഫലം പ്രഖ്യാപിച്ചു. ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദൂരവിഭാഗത്തിന്റെ ഫലം അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും. നാനൂറിലധികം കോളേജുകളിലായി 58626 പേര്‍ പരീക്ഷയെഴുതിയതില്‍ 48599 പേരാണ് വിജയിച്ചത്. മൊത്തം വിജയശതമാനം 82.9 ആണ്. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഫലപ്രഖ്യാപനം നടത്തി. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ജി. റിജുലാല്‍, കെ.കെ. ഹനീഫ, പ്രൊഫ. എം.എം. നാരായണന്‍, എ.കെ. രമേഷ് ബാബു, യൂജിന്‍ മൊറേലി, ഡോ. പി. റഷീദ് അഹമ്മദ്, ഡോ. ഷംസാദ് ഹുസൈന്‍, എം. ജയകൃഷ്ണന്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പരീക്ഷാ ഭവന്‍ ബ്രാഞ്ച് മേധാവികള്‍, കംപ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ് തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും യഥാസമയം ഫലം പ്രസിദ്ധീകരിച്ച് വിദ്യാര്‍ഥികളുടെ ഉന്നതപഠനം ഉറപ്പാക്കാന്‍ സഹായിച്ച ജീവനക്കാരെയും അധ്യാപകരെയും യോഗം അഭിനന്ദിച്ചു.

sameeksha-malabarinews

കോഴ്‌സുകളും വിജയശതമാനവും : BCom(84.55), BBA( 85.89), BCom. Prof.( 96.55). BTHM (96.67), BHD(91.17), BHA (100), BA (82.67), AFU (91.51), BSW(81.39). BTFP (91.30), BVC (91.67), BSc. (80.89), BCA (75.11), BMMC (61.61).

സര്‍വകലാശാലയില്‍ ബഷീര്‍ അനുസ്മരണം

കാലിക്കറ്റ് സര്‍വകലാശാലാ വൈക്കം മുഹമ്മദ് ബഷീര്‍ ചെയര്‍ ജൂലായ് അഞ്ച്, ആറ് തീയതികളിലായി ബഷീര്‍ അനുസ്മരണം നടത്തും. അഞ്ചിന് രാവിലെ 10 മണിക്ക് മലയാളം പഠനവകുപ്പ് സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. സാഹിത്യനിരൂപകനും കാലടി സംസ്‌കൃത സര്‍വകലാശാലാ മുന്‍ പ്രൊ വൈസ് ചാന്‍സലറുമായ പ്രൊഫ. കെ.എസ്. രവികുമാര്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ആറിന് രാത്രി ഏഴ് മണിക്ക് ഗൂഗിള്‍ മീറ്റ് വഴി നടക്കുന്ന ‘ ബഷീറിന്റെ ഇന്ത്യ ‘ പ്രഭാഷണ പരമ്പരയില്‍ ‘ ബഷീറിന്റെ കാലത്തെ മറാത്തി സാഹിത്യം ‘ എന്ന വിഷയത്തില്‍ ബറോഡ സര്‍വകലാശാലയിലെ പ്രൊഫ. സച്ചിന്‍ സി. ഖേത്കര്‍ പ്രഭാഷണം നടത്തും.

കുഞ്ഞിരാമന്‍ വൈദ്യര്‍ സ്വര്‍ണമെഡല്‍ സഹലഫര്‍സാനക്ക്

കാലിക്കറ്റ് സര്‍വകലാശാലയില്‍ മികച്ച വിജയം നേടുന്ന നിയമ വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ കുഞ്ഞിരാമന്‍ വൈദ്യര്‍ സ്വര്‍ണ മെഡല്‍ ജൂലായ് അഞ്ചിന് സമ്മാനിക്കും. 2020-21 വര്‍ഷത്തെ പുരസ്‌കാരത്തിന് ലക്കിടി നെഹ്‌റു അക്കാദമി ഓഫ് ലോയിലെ ബി.ബി.എ. എല്‍.എല്‍.ബി. വിദ്യാര്‍ഥിനിയായിരുന്ന സി.കെ. സഹല ഫര്‍സാനയാണ് അര്‍ഹത നേടിയത്. അഞ്ചിന് രാവിലെ 11 മണിക്ക് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനാകും. പുരസ്‌കാരം ഏര്‍പ്പെടുത്തിയ മുന്‍ ചീഫ് സെക്രട്ടറിയും അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ കേരള ബെഞ്ച് മേധാവിയുമായ ഇ.കെ. ഭരത് ഭൂഷണ്‍ മുഖ്യപ്രഭാഷണം നടത്തും.

എം.ബി.എ. അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസിലെയും സ്വാശ്രയ സെന്ററുകളിലെയും 2022 വര്‍ഷത്തെ ഫുള്‍ടൈം, പാര്‍ട്ട് ടൈം എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 830 രൂപ രജിസ്ട്രേഷന്‍ ഫീസടച്ച് ജൂലൈ 18-ന് മുമ്പായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യണം. സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണം. ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍ 0494 2407017, 2407363.

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

ജൂണ്‍ 30-ന് തുടങ്ങുന്ന എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2022 പരീക്ഷക്ക് പുതുക്കാട് സി.സി.എസ്.ഐ.ടി. കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ THAUBG0307 മുതല്‍ THAUBG0337 വരെയുള്ള വിദ്യാര്‍ത്ഥികള്‍ അതേ ഹാള്‍ടിക്കറ്റുമായി പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജില്‍ പരീക്ഷക്ക് ഹാജരാകണം.

സിസ്റ്റം മാനേജനര്‍ – വാക് ഇന്‍ ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ സിസ്റ്റം മാനേജരുടെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ക്ക് ജൂലൈ 6-ന് നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ ഐ.ഇ.ടി. വെബ്സൈറ്റില്‍.

എന്‍വയോണ്‍മെന്റല്‍ സയന്‍സ് റിഫ്രഷര്‍ കോഴ്സ്

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി എന്‍വയോണ്‍മെന്റല്‍ സയന്‍സ് റിഫ്രഷര്‍ കോഴ്സ് സംഘടിപ്പിക്കുന്നു. ജൂലൈ 13 മുതല്‍ 26 വരെ നടക്കുന്ന കോഴ്സിലേക്ക് ജൂലൈ 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (ugchrdc.uoc.ac.in), ഫോണ്‍ 0494 2407351.

പ്രിന്റിംഗ് ടെക്നോളജി പ്രാക്ടിക്കല്‍ ക്ലാസ്

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എസ് സി. പ്രിന്റിംഗ് ടെക്നോളജി പ്രാക്ടിക്കല്‍ ക്ലാസുകള്‍ സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ ജൂലൈ 13-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ പി.ജി. സപ്തംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 11-ന് സര്‍വകലാശാലാ കാമ്പസിലെ ടാഗോര്‍ നികേതനില്‍ നടക്കും.

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ ജൂലൈ 19-ന് തുടങ്ങും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂലൈ 12 വരെയും 170 രൂപ പിഴയോടെ 14 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!