ഇനി ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് 2ജി, 3ജി നെറ്റ്‌വര്‍ക്കുകളില്‍ ആജീവനാന്ത സൗജന്യ കോള്‍

ദില്ലി: ബിഎസ്എന്‍എല്‍ 2ജി, 3ജി ഉപയോക്താക്കള്‍ക്ക് കിടിലന്‍ ഓഫറുമായി രംഗത്ത്. 4 ജിയില്‍ വമ്പന്‍ ഓഫറുമായി റിലയന്‍സ് ജിയോ എത്തിയതോടെ ടെലികോം മേഖലയില്‍ പോരാട്ടം ശക്തമായിരിക്കാനൊരുങ്ങി ബിഎസ്എന്‍എല്ലും രംഗത്തെത്തിയിരിക്കുകായണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗത്തിലുള്ള 2ജി, 3ജി നെറ്റ്‌വര്‍ക്കുകളില്‍ ആജീവനാന്ത സൌജന്യ കോള്‍ സംവിധാനം ബിഎസ്എന്‍എല്‍ നടപ്പാക്കും. 4ജി ഉപയോക്താക്കള്‍ക്ക് സൌജന്യ കോള്‍ ആണ് ജിയോ നല്‍കുന്ന ഓഫര്‍.

അടുത്ത വര്‍ഷം ജനുവരിയോടെ 2ജി, 3ജി നെറ്റ്വര്‍ക്കുകളില്‍ ആജീവനാന്ത സൌജന്യ കോള്‍ സംവിധാനം നടപ്പിലാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ പറഞ്ഞു. ടെലികോം മേഖലയും ജിയോയുടെ പ്രകടനവും സൂക്ഷ്മമായി തങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും ശ്രീവാസ്തവ പറഞ്ഞു.

കേരളം, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഒഡീഷ, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കൂടുതല്‍ ഉപയോക്താക്കളുള്ള ബിഎസ്എന്‍എല്‍ ജനുവരിയില്‍ സൌജന്യ വോയ്സ് താരിഫ് പദ്ധതികള്‍ പ്രഖ്യാപിക്കും. ജിയോയുടെ അടിസ്ഥാന താരിഫായ 149 രൂപയില്‍ താഴെയാവുമിത്.

Related Articles