കര്‍ണാടകയില്‍ ഇന്ന് ബന്ദ്; ബംഗളൂരുവില്‍ നിരോധനാജ്ഞ

ബെംഗളൂരു: തമിഴ്‌നാടിന് കാവേരി വെള്ളം വിട്ടുനല്‍കാനുള്ള ഉത്തരവിനെതിരെ കന്നട അനുകൂല സംഘടനകള്‍ ആഹ്വാനം ചെയ്ത കര്‍ണാടക ബന്ദ് വെള്ളിയാഴ്ച നടക്കും. അതേസമയം, ബെംഗളൂരുവില്‍ ബന്ദ് അനുവദിക്കില്ലെന്നും നഗരത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുമെന്നും ബെംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ബി. ദയാനന്ദ പറഞ്ഞു. വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ശനിയാഴ്ച അര്‍ധരാത്രി വരെയാണ് ബന്ദ്. ബെംഗളൂരു നഗരത്തില്‍ പ്രതിഷേധ റാലിയോ മറ്റു പ്രതിഷേധ പരിപാടികളോ അനുവദിക്കില്ല. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടി നില്‍ക്കാനും പാടില്ല. പ്രതിഷേധക്കാര്‍ക്ക് ഫ്രീഡം പാര്‍ക്കില്‍ ധര്‍ണ്ണ നടത്താം.

ബന്ദ് ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ ബന്ദ് പ്രഖ്യാപിച്ചാല്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെയും സ്വകാര്യ വസ്തുക്കള്‍ നശിപ്പിക്കുന്നതിനെയും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ദയാനന്ദ പറഞ്ഞു. ബന്ദിന് ആഹ്വാനം ചെയ്യുന്നവര്‍ നാശനഷ്ടങ്ങള്‍ക്ക് സര്‍ക്കാരിനോ പൗരന്മാര്‍ക്കോ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവാദിത്തമുണ്ടെന്നും ദയാനന്ദ കൂട്ടിചേര്‍ത്തു. സംസ്ഥാനത്തെ മിക്ക ജില്ലകളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.

സെപ്റ്റംബര്‍ 13 മുതല്‍ 27വരെ 15 ദിവസത്തില്‍ കര്‍ണാടക തമിഴ്‌നാടിന് 5000 ഘന അടി കാവേരി വെള്ളം നല്‍കണമെന്നാണ് സി.ഡബ്ല്യൂ.എം.എ ഉത്തരവ്. സംസ്ഥാനം വന്‍ വരള്‍ച്ച നേരിടുകയാണെന്നും ഇത്തവണ തമിഴ്‌നാടിന് കനത്ത മഴ ലഭിച്ചപ്പോള്‍ കര്‍ണാടകക്ക് മതിയായ മഴ ലഭിച്ചിട്ടില്ലെന്നും ഇതിനാല്‍ വെള്ളം നല്‍കാന്‍ കഴിയാത്ത സാഹചര്യമാണെന്നുമാണ് കര്‍ണാടകയുടെ നിലപാട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top