വില വര്‍ധന ബഹ്‌റൈനില്‍ പുകവലിയോടുള്ള പ്രിയം കുറയുന്നു

മനാമ: വിലകൂടുമ്പോള്‍ ഉപഭോഗം കുറയുമെന്ന സാമ്പത്തിക ശാസ്ത്രം ബഹ്‌റൈനില്‍ പുകവലിയുടെ കാര്യത്തില്‍ വിജയിക്കുന്നു. രാജ്യത്ത് രണ്ട് മാസം മുന്‍പ് പുകയില ഉല്‍പ്പനങ്ങളുടെ എക്‌സൈസ് തീരുവ കുത്തനെ വര്‍ദ്ധിപ്പിച്ചത് മറ്റൊരു തരത്തില്‍ സമൂഹത്തിന് ഗുണകരമായി.

വില കൂടിയതോടെ പുകവലി മാസ ബജറ്റിനെ ബാധിക്കുമെന്ന ആശങ്കയും ഇത് ഒരു കാരണമാകട്ടെയെന്ന ചിന്തയുമാണ് പലരെയും പുകവലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത്.

രാജ്യത്ത് ആരോഗ്യ വകുപ്പിന് കീഴിലുള്ള പുകവലി നിയന്ത്രിക്കാനുള്ള ക്ലിനുക്കുകളില്‍ ഇതോടെ തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. മുന്‍ മാസത്തെ അപേക്ഷിച്ച് നൂറ് ശതമാനം കൂടുതല്‍ ആളുകളാണ് കഴിഞ്ഞമാസം പുകവലി നിര്‍ത്താന്‍ ചികിത്സ തേടിയതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

വില കൂടിയാല്‍ ഉപഭോഗം കുറയുമെന്ന സാമ്പത്തിക നീതിശാസ്ത്രത്തിന്റെ കണക്ക് കേരളത്തില്‍ മാത്രമാണ് തെറ്റിയത്. മദ്യത്തിന്റെ വില ഇടയ്ക്കിടെ വര്‍ദ്ധിപ്പിച്ചിട്ടും കേരളത്തില്‍ ഉപഭോഗം കൂടിക്കൂടി വരികയാണ്.