HIGHLIGHTS : Agneepath Recruitment; Army notification issued, registration from July

മെഡിക്കല്‍ ബ്രാഞ്ചിലെ ടെക്‌നിക്കല്‍ കേഡര്‍ ഒഴികെ ഇന്ത്യന്‍ സൈന്യത്തിലേക്കുള്ള ഏക പ്രവേശനമാര്‍ഗം അഗ്‌നിപഥ് മാത്രമാണ്. അഗ്‌നിവീരന്‍മാര്‍ ഒരു പ്രത്യേക റാങ്കായിരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ആദ്യവര്‍ഷം, മൂന്നുസേനകളിലേക്കുമായി 45,000 അഗ്‌നിവീരന്മാരെ നിയമിക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. വീരമൃത്യു വരിക്കുന്ന അഗിനിവീരന്മാരുടെ കുടുംബത്തിന് ഒരുകോടി രൂപ സഹായധനം നല്‍കും. സൈനികര്‍ക്ക് നിലവിലുള്ള അപായസാധ്യതാ (റിസ്‌ക്) ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ അഗ്‌നിവീരര്‍ക്കും നല്‍കും. സേവനവ്യവസ്ഥകളില്‍ വേര്‍തിരിവുണ്ടാകില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
അഗ്‌നിപഥിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുകയാണ്. പ്രതിഷേധങ്ങള്‍ ശക്തമാണെങ്കിലും പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കേന്ദ്രം. അഗ്‌നിപഥിനെതിരെ പ്രതിഷേധം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാന, ഉത്തര്‍ പ്രദേശ്, ബിഹാര്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ബിഹാറില്‍ സംസ്ഥാന പൊലീസിനും റെയില്‍വ പൊലീസിനും സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കി. റെയില്‍വെ സ്റ്റേഷനുകള്‍ക്ക് കാവല്‍ വര്‍ധിപ്പിച്ചുണ്ട്. യുപിയില്‍ ഗൗതം ബുദ്ധ നഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ അടച്ചിടാനാണ് തീരുമാനം.

നാലുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്ന അഗ്‌നിവീരര്‍ക്ക് പോലീസ് സേനയില്‍ നിയമനം നല്‍കുമെന്ന് ചില സംസ്ഥാനങ്ങള്‍ അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളോടും ഇക്കാര്യം അഭ്യര്‍ഥിക്കുമെന്ന് സൈനികകാര്യ അഡീഷണല്‍ സെക്രട്ടറി ലെഫ്. ജനറല്‍ അനില്‍പുരി വ്യക്തമാക്കിയിരുന്നു.
രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ച പ്രക്ഷോഭകാരികള്‍ക്ക് പദ്ധതിയിലൂടെ നിയമനമുണ്ടാകില്ലെന്ന് ലെഫ്, ജനറല്‍ അനില്‍ പുരി പറഞ്ഞു. അക്രമങ്ങളില്‍ പങ്കെടുത്തില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന പ്രതിജ്ഞാപത്രം ഉദ്യോഗാര്‍ഥികള്‍ നല്‍കണം. കേസുണ്ടെങ്കില്‍ നിയമനം ലഭിക്കില്ല.