
ബത്തേരി : അടിവസ്ത്രം മാത്രം ധരിച്ച് അർ ധരാത്രി വീടുകളിൽ കയറി കവർച്ച നടത്തുന്നതിനിടെ തമിഴ്‌നാട് സ്വദേശിയെ ബത്തേരി പൊലീസും നാട്ടുകാരും ചേർന്ന് പിടികൂ ടി. മോഷ്ടാക്കളിൽ ഒരാൾ രക്ഷപ്പെട്ടു. നീലഗിരി എരുമാട് സ്വദേശി വീരമണി (48) ആണ് പിടിയിലായത്.
ശനി അർധരാത്രി 12 മുതലാണ് മണിച്ചിറ മാവാടി വയലിലെ വീടുകളിൽ മോഷ്‌ടാക്കൾ കയറിയത്. ആദ്യം മുന്ന് വീടുകളിൽ മോഷ്ടാക്കൾ പിൻവാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടതോടെ ഓടി രക്ഷപ്പെട്ടു. നാലാമത്തെ വീട്ടിലും കയറിയതോടെ വീട്ടുകാർ ഉണർന്ന് ലൈറ്റിടുകയും ഒച്ചവയ്ക്കുകയും രക്ഷപ്പെട്ടു. നാട്ടുകാരും ബത്തേരി പൊലീസും ചേർന്ന് നടത്തിയ തെരച്ചലിലാണ് വയലിലെ കുറ്റിക്കാട്ടിൽ ഒളിച്ച വീരമണിയെ പിടികൂടിയത്. പൊലീസിന് നേരെ കത്തിവീശിയ പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. കൂട്ടാളി രക്ഷപ്പെട്ടു.
ഇയാൾക്കായി തെരച്ചിൽ ഊർജിതപ്പെടുത്തി. കേരളം, തമിഴ്‌നാട്, കർണാടകം സംസ്ഥാനങ്ങളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകം, കവർച്ച തുടങ്ങിയ കേസുകളിലെ പ്രതിയാണ്.
ഞായർ വൈകീട്ട് മാനന്തവാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നൈറ്റ് പട്രോളിങ് സംഘത്തിലെ എസ്ഐ അർഷിദ്, സിവിൽ പൊലീസ് ഓഫീസർമാരായ സജീവൻ, നിധിൻ എന്നിവരാണ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും മോഷണശ്രമം നടന്ന വീടുകളിൽ പരിശോധന നടത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




