ബെംഗളൂരു: കര്‍ണാടകയില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. രാമനാട്ടുകര സ്വദേശി ഫ്രാങ്ക്ളിന്റെ മകന്‍ അമല്‍ ഫ്രാങ്ക്ളിന്‍(22) ആണ് മരിച്ചത്. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. അമലിന്റെ സഹോദരന്‍ വിനയ്ക്കും പരിക്കുണ്ട്. ഇരുവരും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ബെംഗളൂരു- മൈസൂരു പാതയില്‍ ഉന്‍സൂരില്‍ ആണ് അപകടമുണ്ടായത്. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന എസ്‌കെഎസ് ട്രാവല്‍സിന്റെ എസി സ്ലീപ്പര്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സഹയാത്രക്കാരില്‍ നിന്നും ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.




