
വയനാട് ദുരിതബാധിതര്‍ക്ക് വാടക വീടിനായുള്ള തുക നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്. പ്രതിമാസം 6000 രൂപ വരെ വാടക അനുവദിക്കും. ബന്ധു വീടുകളിലേക്ക് മാറുന്നവര്‍ക്കും ഈ തുക ലഭിക്കും. എന്നാല്‍ സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്ക് വാടക തുക കിട്ടില്ല. സ്വകാര്യ വ്യക്തികള്‍ സൗജന്യമായി വിട്ട് കൊടുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്കും മുഴുവന്‍ സ്‌പോണ്‍സര്‍ഷിപ്പ് വഴി താമസ സൗകര്യം കിട്ടുന്നവര്‍ക്കും വാടക തുക ലഭിക്കില്ല. ഭാഗിക സ്‌പോണ്‍സര്‍ഷിപ്പ് കിട്ടുന്നവര്‍ക്ക് സഹായം ലഭിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
അതേസമയം വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള അടിയന്തര ധനസഹായമായ 10000 രൂപ ഇന്നലെ മുതല്‍ നല്‍കി തുടങ്ങിയിട്ടുണ്ടെന്ന് റവന്യു മന്ത്രി കെ രാജന്‍ അറിയിച്ചു. അക്കൗണ്ട് നമ്പറുകള്‍ നല്‍കിയവര്‍ക്കാണ് തുക നല്‍കിയെന്നും എത്ര പേര്‍ക്ക് ഇതുവരെ നല്‍കിയെന്നതിന് കണക്ക് ലഭ്യമാക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. ഓഗസ്റ്റ് 20നുള്ളില്‍ ദുരന്ത ബാധിതരെ വാടക വീടുകളിലേക്ക് മാറ്റാമെന്നാണ് കരുതുന്നത്. അതിനുള്ളില്‍ വാടക വീടുകള്‍ കൈമാറാനാണ് ശ്രമമെന്നും മന്ത്രി അറിയിച്ചു.
അഞ്ച് പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായാണ് ആളുകളെ താമസിപ്പിക്കുന്നത്. എല്ലാ മെമ്പര്‍മാരെയും രംഗത്തിറക്കി വാടക വീട് അന്വേഷിക്കുന്നുണ്ട്. നഷ്ടപ്പെട്ട 138 രേഖകള്‍ ഇതുവരെ കൈമാറിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




