HIGHLIGHTS : 40 crore has been sanctioned for 108 ambulance project
തിരുവനന്തപുരം: 108 ആംബുലന്‍സ് പദ്ധതിക്കായി 40 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. സര്‍ക്കാരിന്റെ മുന്‍ഗണനാ പദ്ധതി എന്നനിലയില്‍ ചെലവ് നിയന്ത്രണ നിര്‍ദേശങ്ങളെല്ലാം ഒഴിവാക്കിയാണ് തുക അനുവദിച്ചത്. അപകടങ്ങള്‍ അടക്കം അത്യാഹിതങ്ങളില്‍ രോഗികള്‍ക്കും ആശുപത്രികള്‍ക്കും താങ്ങാവുന്നതാണ് 108 ആംബുലന്‍സ് പദ്ധതി.
അതേസമയം, സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ കര്‍ഷകരില്‍നിന്ന് സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 175 കോടി രൂപ അനുവദിച്ചു. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്. കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തില്‍ 900 കോടി രൂപ കുടിശികയാണ്. 2017 മുതലുള്ള കുടിശിക തുകയാണിത്.
കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തിന് കാത്തുനില്‍ക്കാതെ, നെല്ല് സംഭരിക്കുമ്പോള്‍തന്നെ കര്‍ഷകര്‍ക്ക് വില നല്‍കുന്നതാണ് കേരളത്തിലെ രീതി. സംസ്ഥാന സബ്‌സിഡിയും ഉറപ്പാക്കി നെല്ലിന് ഏറ്റവും ഉയര്‍ന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ താങ്ങുവില നല്‍കുമ്പോള്‍ മാത്രമാണ് കര്‍ഷകന് നെല്‍വില ലഭിക്കുന്നത്.
കേരളത്തില്‍ പിആര്‍എസ് വായ്പാ പദ്ധതിയില്‍ കര്‍ഷകന് നെല്‍വില ബാങ്കില്‍നിന്ന് ലഭിക്കും. പലിശയും മുതലും ചേര്‍ത്തുള്ള വായ്പാ തിരിച്ചടവ് സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കും. കര്‍ഷകന് നല്‍കുന്ന ഉല്‍പാദന ബോണസിന്റെയും വായ്പാ പലിശയുടെയും ബാധ്യത സംസ്ഥാന സര്‍ക്കാരാണ് തീര്‍ക്കുന്നത്. ഇതിലൂടെ നെല്ല് ഏറ്റെടുത്താല്‍ ഉടന്‍ കര്‍ഷകന് വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. വായ്പാ ബാധ്യത കര്‍ഷകന് ഏറ്റെടുക്കേണ്ടി വരുന്നതുമില്ല. കേരളത്തില്‍ മാത്രമാണ് നെല്‍ കര്‍ഷകര്‍ക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു