കേരളത്തിന്റെ വികസന മാതൃകകളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും വരും ദശകത്തിലേക്കുള്ള വികസന രേഖ തയ്യാറാക്കാനുമായി സംഘടിപ്പിച്ച ‘വിഷൻ 2031’ ജനാധിപത്യം, മതനിരപേക്ഷത, ജനകീയ പങ്കാളിത്തം എന്നിവയിലൂന്നിയുള്ള ഭരണക്രമത്തെക്കുറിച്ചാണ് ഗൗരവകരമായ ചർച്ചകൾ മുന്നോട്ടുവെച്ചതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ധനമന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു.
കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാഷ്ട്രീയ സാമൂഹിക നേതാക്കളുടെയും വിദ്ഗ്ധരുടെയും സാന്നിധ്യം ഈ ചർച്ചകളെ സമ്പന്നമാക്കി. കാശ്മീരിൽ നിന്നുള്ള പ്രമുഖ നേതാവ് ഫറൂഖ് അബ്ദുള്ള ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തം ദേശീയ തലത്തിൽ തന്നെ ഈ സെമിനാറിന് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സെമിനാറുകളിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരടക്കമുള്ള പ്രതിനിധികളാണ് പങ്കെടുത്തത്. ജനങ്ങളുമായും വിദഗ്ധരുമായും ചർച്ച ചെയ്ത് വികസന നയങ്ങൾ രൂപീകരിക്കുന്ന കേരളത്തിന്റെ ജനാധിപത്യപരമായ പാരമ്പര്യത്തിന്റെ തുടർച്ചയാണിത്. ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും സാമൂഹിക നീതിയിലധിഷ്ഠിതമായ സാമ്പത്തിക വളർച്ചയിലും കേരളം കൈവരിച്ച നേട്ടങ്ങൾ യൂറോപ്യൻ രാജ്യങ്ങളോട് കിടപിടിക്കുന്നതാണെന്നും ഇത് കേവലം അലങ്കാരമല്ല, മറിച്ച് വരാനിരിക്കുന്ന വലിയ ലക്ഷ്യങ്ങളിലേക്കുള്ള നാഴികക്കല്ലുകളാണെന്നും മന്ത്രി പറഞ്ഞു.
വികേന്ദ്രീകൃത ആസൂത്രണം ശക്തിപ്പെടുത്തിക്കൊണ്ട് ജനാധിപത്യത്തെ കൂടുതൽ ആഴത്തിൽ ജനങ്ങളിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ അന്താരാഷ്ട്ര സെമിനാറിൽ നിന്ന് ലഭിച്ച ഉൾക്കാഴ്ചകൾ വരുംകാല വികസന പദ്ധതികൾ രൂപീകരിക്കുന്നതിനും നിലവിലെ പോരായ്മകൾ പരിഹരിക്കുന്നതിനും വലിയ സഹായമാകുമെന്നും കേരളത്തിന്റെ വികസന ചരിത്രത്തിൽ ഇതൊരു സുപ്രധാന ഏടായി മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന സമാപന സെഷനിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സ്വാഗതം ആശംസിച്ചു. പ്ലാനിംഗ് ബോർഡ് മെമ്പർ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് ചർച്ചകളുടെ സംഗ്രഹം അവതരിപ്പിച്ചു. ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്ദുള്ള, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ്, മുൻ ഡൽഹി ഹൈ കോർട്ട് ചീഫ് ജസ്റ്റിസ് എ.പി. ഷാ, ദ ഹിന്ദു ഗ്രൂപ്പ് ഡയറക്ടർ എൻ. റാം, കനിമൊഴി കരുണാനിധി എം. പി, സിപിഐഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് ഡയറക്ടർ സയീദ് അക്തർ മിർസ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്‌സൺ പ്രൊഫ. വി. കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ആസൂത്രണ കമ്മീഷൻ അംഗം ജിജു പി അലക്‌സ് ചടങ്ങിൽ നന്ദി പറഞ്ഞു. നിരവധി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പങ്കാളിത്തത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി നിശാഗാന്ധിയിൽ ഫോട്ടോ പ്രദർശനവും ഒരുക്കിയിരുന്നു.




