കാലിക്കറ്റിലെ മള്‍ട്ടിഡിസിപ്ലിനറിമ്യൂസിയത്തിന്;12.35 കോടി രൂപയുടെ ഭരണാനുമതി

കാലിക്കറ്റ് സര്‍വകലാശാലയില്‍ മള്‍ട്ടി ഡിസിപ്ലിനറി മ്യൂസിയം ഒരുക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖക്ക് സര്‍ക്കാര്‍ അംഗീകാരം. 12.35 കോടി രൂപയുടെ ഭരണാനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് സര്‍വകലാശാലക്ക് ലഭിച്ചു.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു സര്‍വകലാശാല അഞ്ച് വിഷയങ്ങളിലായി ഒരു മ്യൂസിയം സമുച്ചയം ഒരുക്കുന്നത്. ജൈവ വൈവിധ്യം, ചരിത്രം, ഭാഷ, സാഹിത്യം, നാടോടി വിജ്ഞാനീയം എന്നീ വിഭാഗങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന സ്വപ്‌ന പദ്ധതിയാണിത്. പഠനം, ഗവേഷണം എന്നിവക്ക് പുറമെ മലബാര്‍ മേഖലയുടെ സാമൂഹ്യ-സാംസ്‌കാരിക-ജൈവ വൈവിധ്യം ചരിത്രം എന്നിവയെക്കുറിച്ചെല്ലാം പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആഴത്തിലറിയാനും ഇതുപകരിക്കും.
പ്രൊ വൈസ് ചാന്‍സലറായി വിരമിച്ച ഡോ. എം. നാസര്‍ മ്യൂസിയം കമ്മിറ്റിയുടെ അധ്യക്ഷനായിരിക്കെയാണ് പദ്ധതിയ്ക്കായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മ്യൂസിയത്തിനായുള്ള കെട്ടിടം വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ സജ്ജമാക്കിയിരുന്നു.
ജൈവ വൈവിധ്യ മ്യൂസിയത്തില്‍ ജന്തു, സസ്യ ജാലങ്ങളുടേത് പ്രത്യേകമായി ഉള്‍പ്പെടുത്തും. ചരിത്രവിഭാഗത്തില്‍ മലബാറിന്റെ പ്രാദേശിക ചരിത്രത്തിനാകും പ്രാധാന്യം. സാഹിത്യത്തില്‍ ബഷീര്‍ ചെയറിനും നിലവിലുള്ള ബഷീര്‍ മ്യൂസിയത്തിനും മുന്‍ഗണന നല്‍കും. വൈക്കം മുഹമ്മദ് ബഷീറിന്റെ കൈയെഴുത്ത് പ്രതികളും അപൂര്‍വ ചിത്രങ്ങളും സ്വകാര്യ വസ്തുക്കളുമെല്ലാം ഇവിടെ നേരത്തേ സംരക്ഷിക്കപ്പെടുന്നുണ്ട്.

മ്യൂസിയം സമുച്ചയം തയ്യാറാകുന്നതോടെ സര്‍വകലാശാലാ പഠനവകുപ്പുകള്‍ പലപ്പോഴായി ശേഖരിച്ച പുരാരേഖകളും വസ്തുക്കളുമെല്ലാം ഇവിടേക്ക് മാറ്റാനും ശാസ്ത്രീയമായി സംരക്ഷിക്കാനും കഴിയും.

കേരള മ്യൂസിയം ഓഫ് ഹിസ്റ്ററി ആന്‍ഡ് ഹെറിറ്റേജ് വഴിയാണ് വിശദമായ പദ്ധതി രേഖ തയ്യാറാക്കിയത്. ആധുനിക രീതിയുള്ള വെളിച്ച സംവിധാനങ്ങളും ഇന്ററാക്ടീവ് ഡിസ്പ്ലേയുമെല്ലാം ഉള്‍പ്പെടുത്തിയാണ് മ്യൂസിയം ഒരുക്കുക. നിര്‍മിതബുദ്ധിയും പരമാവധി പ്രയോജനപ്പെടുത്തും.

Share news
error: Content is protected !!
Scroll to Top