ഹഥ്‌റാസിലെ മതപരമായ ചടങ്ങില്‍ തിക്കിലും തിരക്കിലുംപെട്ട് 107 പേര്‍ക്ക് ദാരുണാന്ത്യം

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹഥ്‌റാസിലെ ഫുല്‍റായ് ഗ്രാമത്തില്‍ നടന്ന ‘സത്സംഗ’ത്തിന്റെ സമാപനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 107 ആയി. സാധാരണയായി അര്‍ദ്ധരാത്രിയില്‍ നടക്കുന്ന ഹിന്ദുവിഭാഗക്കാരുടെ മതചടങ്ങാണ് സത്സംഗ്. 27 മൃതദേഹങ്ങള്‍ ഇതുവരെ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 2 ലക്ഷം രൂപ പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ യുപി സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. യുപി ഡിജിപിയും ചീഫ് സെക്രട്ടറിയും ഹത്രാസിലേക്ക് തിരിച്ചു.

ഹഥ്‌റാസ് ജില്ലയിലെ മുഗള്‍ഗര്‍ഹി ഗ്രാമത്തില്‍ മതപരമായ ഒരു പരിപാടി നടക്കുമ്പോഴാണ് തിക്കും തിരക്കുമുണ്ടായി ദുരന്തമുണ്ടാകുന്നത്. 23 സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 27 മൃതദേഹങ്ങളാണ് ആശുപത്രിയില്‍ ഇതുവരെ എത്തിച്ചത്. പരിക്കേറ്റവരെയും ആശുപത്രിയില്‍ പ്രവേശിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ക്കുള്ള തിരച്ചില്‍ നടന്നുവരികയാണ്. കണ്ടെടുത്ത 27 മൃതദേഹങ്ങളുടെ തിരിച്ചറിയല്‍ നടപടികള്‍ പുരോഗമിക്കുകയാണ്’, എത്താ എസ്എസ്പി രാജേഷ് കുമാര്‍ സിങ് പറഞ്ഞു.

പ്രാദേശികമായി നടന്ന ‘സത്സംഗ്’ പരിപാടിക്കിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആളുകള്‍ കൂട്ടത്തോടെ ഓടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് അറിയിച്ചു. മാനവ് മംഗള്‍ മിലന്‍ സദ്ഭാവന സമാഗം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, അലിഗഡ് പൊലീസ് കമ്മീഷണര്‍ എന്നിവരുള്‍പ്പെടെ ഒരു സംഘത്തെ രൂപീകരിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top