ഷാര്‍ജ പെണ്‍വാണിഭം: യുവതിയെ കാണാനില്ല

പത്തനംതിട്ട : ഷാര്‍ജ പെണ്‍വാണിഭ കേസിലെ വാദിയായ യുവതിയെ കാണാനില്ലെന്ന് അമ്മയുടെ പരാതി. കേസിലെ വിചാരണനടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പീഡനത്തിനിരയായ പരാതിക്കാരിയെ കാണാതായിരിക്കുന്നത്. രണ്ട് സുരക്ഷ പോലീസുകാരുണ്ടായിട്ടും യുവതിയെ കാണാതായതില്‍ ദുരൂഹത വര്‍ദ്ധിച്ചിരിക്കുകയാണ്്. യുവതി വ്യാഴാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരായ പോലീസ്‌കാര്‍ക്കൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സക്ക് പോയിരുന്നു. ഇവിടെ നിന്ന് വീട്ടില്‍ മടങ്ങിയെത്തി രാത്രി ഏഴരയോടെയാണ് കാണാതായതെന്ന് യുവതിയുടെ അമ്മ പരാതിയില്‍ പറയുന്നു. സുരക്ഷാ ചുമതലയുള്ള പൊലീസുകാരോട് അനേ്വഷിച്ചപ്പോള്‍ വീടിന് താഴത്തെ കടയില്‍ ഉണ്ടെന്ന് പറഞ്ഞു. പിന്നീട് കാണാതാകുകയായിരുന്നു. ജില്ലാ പോലീസ് ചീഫ് പത്തനംതിട്ട ഡിവൈഎസ്പിയെ അനേ്വഷണചുമതലയേല്‍പ്പിച്ചു. യുവതിയുടെ അമ്മയില്‍ നിന്ന് പോലീസ് മൊഴിയെടുത്ത് കേസെടുത്തു.

പത്തനംതിട്ട കുലശേഖരപതി കൊപ്ലിവീട്ടീല്‍ സൗദ ഷാര്‍ജയില്‍ ജോലി വാഗ്ദാനം ചെയ്ത് കൊണ്ട് പോയി യുവതിയെ ലൈംഗികമായ വാണിഭത്തിന് ഉപയോഗിച്ചെന്നാണ് കേസ്. കേസില്‍ സൗദയുടെ മകള്‍ ഷെമിയ 2011 മെയില്‍ ആദ്യം അറസ്റ്റിലായി. പിന്നീട് സൗദയും കീഴടങ്ങി. ഇവരുടെ സഹായി കാസര്‍കോഡ് സ്വദേശി അഹമ്മദും പിടിയിലായി. പത്തനം തിട്ട അഡീഷണല്‍ ജില്ലാ കോടതിയില്‍ (ഫാസ്റ്റ് ട്രാക്ക് ഒന്ന്) കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകുകയാണ്. പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു. 28 ന് ക്രോസ് വിസ്താരം ആരംഭിക്കാനിരിക്കെയാണ് വാദിയെ കാണാതായത്. സുരക്ഷാ ചുമതലയുള്ള പോലീസുകാരോട് യുവതി പലകാര്യത്തിലും വഴക്കുണ്ടാക്കി പിണങ്ങി പോയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top