Section

malabari-logo-mobile

വര്‍ഗീയതയ്‌ക്കും തീവ്രവാദത്തിനുമെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം- മന്ത്രി ആര്യാടന്‍

HIGHLIGHTS : മലപ്പുറം: രാജ്യത്തിന്റെ ഏറ്റവും വലിയശത്രു തീവ്രവാദവും വര്‍ഗീയതയുമാണെന്നും അതിനെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഊര്‍ജ വകുപ്പ്‌ മന്ത്രി ആ...

aryadanമലപ്പുറം: രാജ്യത്തിന്റെ ഏറ്റവും വലിയശത്രു തീവ്രവാദവും വര്‍ഗീയതയുമാണെന്നും അതിനെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഊര്‍ജ വകുപ്പ്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ അഭിപ്രായപ്പെട്ടു. 67-ാമത്‌ റിപ്പബ്ലിക്‌ ദിനാഘോഷത്തോടനുബന്ധിച്ച്‌ മലപ്പുറം എം.എസ്‌.പി. ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക്‌ ദിന പരേഡിന്‌ അഭിവാദ്യമര്‍പ്പിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരേപോലെ രാജ്യത്തിനും മനുഷ്യനും ആപത്താണ്‌. തീവ്രതയും വര്‍ഗീയതയും ആര്‍ക്കും ഗുണം ചെയ്യില്ല. മതേതരത്വവും സഹിഷ്‌ണുതയുമാണ്‌ നമ്മുടെ പൈതൃകം. അത്‌ നിലനിര്‍ത്തുകയെന്നതാണ്‌ റിപ്പബ്ലിക്‌ ദിനത്തില്‍ നല്‍കാനുള്ള സന്ദേശമെന്നും മന്ത്രി പറഞ്ഞു.
ലോകത്തെ ഏത്‌ ജനാധിപത്യ രാജ്യത്തെക്കാളും ഉന്നതമാണ്‌ ഇന്ത്യന്‍ ജനാധിപത്യം. എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെ കാണുകയും എല്ലാവര്‍ക്കും സ്വന്തം മതത്തില്‍ വിശ്വസിക്കാനും ജീവിക്കാനും പ്രചരിപ്പിക്കാനും അവകാശം നല്‍കുകയും ചെയ്യുന്ന ഇന്ത്യയുടെ മതേതരത്വവും ലോകത്തിന്‌ മാതൃകയാണ്‌. ദേശീയനേതാക്കളായ ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍, മൗലാനാ ആസാദ്‌, രാജേന്ദ്ര പ്രസാദ്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ലക്ഷക്കണക്കിന്‌ സ്വാതന്ത്ര്യ സമരഭടന്മാര്‍ നേടിത്തന്നതാണ്‌ ഈ അവകാശങ്ങള്‍.

പട്ടിണിയും ദാരിദ്ര്യവും കഷ്‌ടപ്പാടും നിറഞ്ഞതായിരുന്നു ബ്രിട്ടീഷ്‌ ഭരണത്തിലെ ഇന്ത്യാ രാജ്യം. വികസനവും ക്ഷേമവും അന്യമായിരുന്ന ലക്ഷക്കണക്കിന്‌ ഗ്രാമങ്ങളായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്‌. ഇവിടെ ഭക്ഷ്യധാന്യങ്ങളോ വസ്‌ത്രമോ പഠന- ചികിത്സാ സൗകര്യങ്ങളോ ആവശ്യത്തിന്‌ ഗതാഗത സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന്‌ സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ മുഖച്ഛായ മാറ്റിയത്‌ ആസൂത്രണവും പഞ്ചവത്സര പദ്ധതികളുമാണ്‌. 1950-51 ല്‍ തുടങ്ങിയ പഞ്ചവത്സര പദ്ധതികള്‍ ഇന്ന്‌ 12-ാം പദ്ധതിയില്‍ എത്തി നില്‍ക്കുന്നു. അതിന്റെ ഫലമാണ്‌ രാജ്യത്തുണ്ടായ വികസനങ്ങളെല്ലാം.

sameeksha-malabarinews

ഭക്ഷ്യധാന്യ ഉത്‌പാദന രംഗത്ത്‌ 25 വര്‍ഷമായി ഇന്ത്യ സ്വയംപര്യാപ്‌തത നേടി. കരുതല്‍ സ്റ്റോക്ക്‌ വെച്ച്‌ ഭക്ഷ്യധാന്യങ്ങള്‍ ഇന്ന്‌ നാം കയറ്റുമതി ചെയ്യുന്നു. വസ്‌ത്രമില്ലാതിരുന്ന രാജ്യം ഏറ്റവും കൂടുതല്‍ വസ്‌ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഏഴാമത്തെ രാജ്യമായി മാറി. ശാസ്‌ത്ര- സാങ്കേതിക രംഗങ്ങളിലും മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇടംനേടി. ഏറ്റവും കൂടുതല്‍ മാനവ വിഭവശേഷിയുള്ള രാജ്യമാണിന്ന്‌ ഇന്ത്യ. 18- 35 പ്രായമുള്ള ചെറുപ്പക്കാര്‍ ഏറ്റവുമധികം ഇന്ത്യയിലാണുള്ളത്‌. സാമ്പത്തികമായി ഇനിയും ഏറെ ഉയരങ്ങളിലെത്താമെന്നതിന്റെ സൂചകമാണിതെന്നും മന്ത്രി ആര്യാടന്‍ പറഞ്ഞു.

സ്‌ത്രീകളും കുട്ടികളും വൃദ്ധരുമരടക്കം വന്‍ ജനാവലിയെ സാക്ഷിയാക്കി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ദേശീയപതാക ഉയര്‍ത്തി. എം.എസ്‌.പി. അസിസ്റ്റന്റ്‌ കമാന്‍ഡന്റ്‌ ഇ.കെ വിശ്വംഭരന്‍ പരേഡിന്‌ നേതൃത്വം നല്‍കി. സായുധ പൊലീസിലെ ഇന്‍സ്‌പെക്‌ടര്‍ സി. ജാബിര്‍ സെക്കന്‍ഡ്‌ ഇന്‍-കമാന്‍ഡന്റ്‌ ആയി. എം.എസ്‌.പി., പ്രാദേശിക പൊലീസ്‌, സായുധ റിസര്‍വ്‌ പൊലീസ്‌, വനിതാ പൊലീസ്‌, വനം- എക്‌സൈസ്‌ വകുപ്പുകള്‍, വിവിധ കോളെജുകളിലെയും സ്‌കൂളുകളിലെയും സീനിയര്‍- ജൂനിയര്‍ എന്‍.സി.സി, സ്‌കൗട്ട്‌സ്‌-ഗൈഡ്‌സ്‌, ജൂനിയര്‍ റെഡ്‌ ക്രോസ്‌, സ്റ്റുഡന്റ്‌ പൊലീസ്‌ കെഡറ്റ്‌സ്‌ എന്നിവരടങ്ങിയ 35 പ്ലാറ്റൂണുകള്‍ പരേഡില്‍ പങ്കെടുത്തു. ജനുവരി 31 ന്‌ വിരമിക്കുന്ന എം.എസ്‌.പി. അസിസ്റ്റന്റ്‌ കമാന്‍ഡന്റ്‌ ഇ.കെ വിശ്വംഭരന്‌ ജില്ലാ ഭരണകൂടത്തിന്റെ മെമന്റോ മന്ത്രി സമ്മാനിച്ചു.
പരിപാടിയില്‍ പി. ഉബൈദുല്ല എം.എല്‍.എ., ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌ക്കരന്‍, ജില്ലാ പോലീസ്‌ മേധാവി കെ. വിജയന്‍, നഗരസഭാ ചെയര്‍പെഴ്‌സണ്‍ സി.എച്ച്‌. ജമീല, എം.എസ്‌.പി. കമാന്‍ഡന്റ്‌ രാഹുല്‍ ആര്‍. നായര്‍, എ.ഡി.എം. കെ. രാധാകൃഷ്‌ണന്‍, പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍, ഇ. മുഹമ്മദ്‌ കുഞ്ഞി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രാവിലെ ഏഴിന്‌ ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌ക്കരന്‍ സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്‌മാരകത്തില്‍ പുഷ്‌പചക്രം അര്‍പ്പിച്ചു. നഗരത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രഭാതഭേരി സിവില്‍ സ്റ്റേഷന്‍ മൈതാനത്ത്‌ നിന്ന്‌ തുടങ്ങി എം.എസ്‌.പി ഗ്രൗണ്ടില്‍ സമാപിച്ചു. പ്രഭാതഭേരി കലക്‌ടര്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. പ്രഭാതഭേരിയിലും പരേഡിലും മികച്ച പ്രകടനം കാഴ്‌ചവെച്ചവര്‍ക്ക്‌ മുഖ്യാതിഥി റോളിങ്‌ ട്രോഫികള്‍ നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!