ഖത്തറില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ദോഹ: സെയ്‌ലിയയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിക്കടുത്തുള്ള തെച്ച്യാട് പൂവത്തരിമ്മല്‍ ബിച്ച്യാലയുടെയും ഫാത്തിമയുടെയും മകനായ സി സി ഷമീര്‍ (28) ആണ് മരിച്ചത്.
സെയ്‌ലിയ 17ല്‍ അബൂസംറ റോഡിലെ ഗേറ്റ് നമ്പര്‍ ഒന്നില്‍ ഞായറാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം. നേപ്പാള്‍ സ്വദേശിയാണ് ഷമീറിനെ കൊലപ്പെടുത്തിയതെന്ന് ദോഹയിലുള്ള സഹോദരന്‍ സലിം അറിയിച്ചു.
ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളോടൊപ്പം സംഘത്തിലുണ്ടായിരുന്ന ഒമ്പതോളം നേപ്പാള്‍ സ്വദേശികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
സെയ്‌ലിയയില്‍ വെച്ച് സുഹൃത്തിന് മര്‍ദനമേറ്റതായും അദ്ദേഹത്തെ കാണാനില്ലെന്നുമറിഞ്ഞ് സ്ഥലത്തെത്തിയപ്പോള്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തേല്‍ക്കുകയായിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു.
സലീമിന്റേയും ഏതാനും സുഹൃത്തുക്കളുടെയും മുമ്പില്‍ വെച്ചാണ് കുത്തേറ്റത്. ഉടനെ ഇവരുടെ വാഹനത്തിലും പിന്നീട് ആംബുലന്‍സിലും ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ രക്തംവാര്‍ന്ന് മരണപ്പെടുകയായിരുന്നു. അഞ്ചുവര്‍ഷമായി വര്‍ക്കേഴ്‌സ് എന്ന കമ്പനിയില്‍ ട്രെയിലര്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. സഹോദരനൊപ്പം മുര്‍റയിലാണ് താമസം.
ഒമ്പത് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയത്. അടുത്ത ആഴ്ച നാട്ടില്‍ പോകാനിരിക്കെയാണ് ദാരുണമായ അന്ത്യം. പൊലീസ് അന്വേഷണം നടത്തി വരുന്നു.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ശരീഫ. മകള്‍: നിദ ഫാത്തിമ. ദോഹയിലുള്ള സലീമിന് പുറമെ സിദ്ദീഖ് (ദുബൈ), മുഹമ്മദ് സാജിദ് (സൗദി), സാക്കിര്‍ (സഊദി), സറീന, സക്കീന എന്നീ സഹോദരങ്ങളുണ്ട്.
Share news
error: Content is protected !!
Scroll to Top