മത്സ്യബന്ധനത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം താനൂരില്‍ കരക്കടിഞ്ഞു.

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയി കടലില്‍ കാണാതായ ഒട്ടുമ്മല്‍ സ്വദേശി ചെറുപുരക്കല്‍ നിജാസ് (19) ന്റെ മൃതദേഹം താനൂരിലെ ഒട്ടുമ്പുറം കടപ്പുറത്ത് കരക്കടിഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെ ചാപ്പപ്പടിയില്‍ നിന്ന് ആഴക്കടലില്‍ മത്സ്യ ബന്ധനത്തിനായി പോയ കെടി ബ്രദേഴ്‌സ് വള്ളത്തില്‍ നിന്നാണ് മത്സ്യബന്ധനത്തിനിടെ നിജാസിനെ കാണാതായത്. നാല്‍പതിലധികം മത്സ്യത്തൊഴിലാളികളുള്ള വള്ളമാണിത്. നിറയെ ആവോലി മത്സ്യവുമായി മടങ്ങവെയാണ് ഇയാള്‍ തോണിയില്‍ നിന്ന് വെള്ളത്തില്‍ വീണുപോയതാണെന്നു കരുതുന്നു.

കടലില്‍ ഇരുട്ടായതിനാല്‍ വീണതറിഞ്ഞ് തിരഞ്ഞിട്ടും നിജാസിനെ കണ്ടെത്താനായില്ല എന്നാണ് വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികള്‍ പറഞ്ഞത്. നന്നായി നീന്താന്‍ അറിയാവുന്ന ആളായതിനാല്‍ നീന്തി രക്ഷപ്പെട്ടിട്ടുണ്ടാകും എന്ന ധാരണയില്‍ ഇവര്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. എന്നാല്‍ നേരം പുലര്‍ന്നിട്ടും നിജാസ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ 9 മണിയോടെ താനൂര്‍ ഒട്ടുമ്പുറത്ത് ഇജാസിന്റെ മൃതദേഹം കരയ്ക്കടിഞ്ഞത്. ഇജാസിന്റെ മൃതദേഹം ഒട്ടുമ്മല്‍ വലിയ ജുമാ മസ്്ജിദ് പള്ളിയില്‍ കബറടക്കി.

Share news
error: Content is protected !!
Scroll to Top