പരപ്പനങ്ങാടി: അങ്ങാടികടപ്പുറത്ത് പരപ്പനങ്ങാടി ഫിഷിംങ് ഹാര്‍ബറിന്റെ പ്രാരംഭ പ്രവൃത്തിയായ പൈലിംങ്് തുടങ്ങിയതോടെ ചാപ്പപടി, ഒട്ടുമ്മല്‍ മേഖലകളില്‍ മുസ്ലിം ലീഗില്‍ ആഭ്യന്തര കലാപം. ഫിഷിങ് ഹാര്‍ബര്‍ എവിടെ സ്ഥാപിക്കണമെന്നത് സംബന്ധിച്ച് നേരത്തെ ഉണ്ടായ തര്‍ക്കമാണ് പണിയാരംഭിച്ചതോടെ രൂക്ഷമായത്. തീരദേശ മേഖലയിലെ ലീഗ് നേതാക്കളെ അണികള്‍ നിര്‍ത്തിപ്പൊരിക്കുകയാണ്. ചാപ്പപടിയിലാണ് പ്രതിഷേധം രൂക്ഷം.
ഇന്ന് നൂറുകണക്കിന് കുംടുംബങ്ങള്‍ മുസ്ലിംലീഗില്‍ നിന്ന് രാജിവെച്ചതായി പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന അരയന്റെ പുരയ്ക്കല്‍ സുലൈമാന്‍, പിത്തപ്പേരി അബ്ദുള്‍ നാസര്‍, മാളിയേക്കല്‍ സക്കറിയ എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇതിന്റെ ഭാഗമായി ഈ ഭാഗത്ത് നേതൃത്വത്തിനെതിരെ വ്യാപകമായ ഒപ്പുശേഖരണവും നടക്കുന്നുണ്ട്. എന്നാല്‍ വിവാദങ്ങള്‍ മത്സ്യതൊഴിലാളികളുടെ ഈ സ്വപ്‌നപദ്ധതിയെ നഷ്ടമാക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.




