Section

malabari-logo-mobile

പുസ്തകറിവ്യൂ

HIGHLIGHTS : പ്രണയത്തിന്റെ അളന്നു തീര്‍ക്കാനാവാത്ത കടലാഴങ്ങള്‍. പ്രസാദ് കൊടിഞ്ഞി. തന്റെ പ്രതിഭയുടെ ഔന്നത്യത്തില്‍ , 1920-കളിലും 1930-കളിലും വിശ്വസാഹിത്യ...

പ്രണയത്തിന്റെ അളന്നു തീര്‍ക്കാനാവാത്ത കടലാഴങ്ങള്‍.
പ്രസാദ് കൊടിഞ്ഞി.


തന്റെ പ്രതിഭയുടെ ഔന്നത്യത്തില്‍ , 1920-കളിലും 1930-കളിലും വിശ്വസാഹിത്യരംഗത്ത് നക്ഷത്രദീപ്തിയോടെ ജ്വലിച്ചു നിന്ന എഴുത്തുകാരനാണ് സ്‌റ്റെഫാന്‍ സൈ്വഗ്. 1881-ല്‍ ആസ്ത്രിയയില്‍ ജനിച്ച സ്റ്റെഫാന്‍ സൈ്വഗ് നോവലിസ്റ്റും നാടകകൃത്തും ജീവചരിത്രകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു The Refugee, The Royal Game, Letter from an Unknown Woman, Beware of Pity, The Invisible Collection, The Love of Erika Ward എന്നിവയാണ് സൈ്വഗിന്റെ പ്രശസ്ത കൃതികള്‍. അദ്ദേഹത്തിന്റ Letter from an unknown women  എന്ന നോവലിന്റെ മലയാള പരിഭാഷയാണ് ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച ‘അജ്ഞാതകാമുകിയുടെ അവസാനത്തെ കത്ത്’ എന്ന പുസ്തകം. മലയാളത്തില്‍ ഗൃഹാതുരതകളുടെ എഴുത്തിലൂടെ സവിശേഷമായ ഒരു ഇടം കണ്ടെത്തിയ സുള്‍ഫിയാണ് പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ളത്
ഏകപക്ഷീയമായ പ്രണയത്തിന്റെ വിസ്മയിപ്പിക്കുന്ന ആഴങ്ങളെ അടയാളപ്പെടുത്തുകയാണ് സ്റ്റെഫാന്‍ സൈ്വഗ് ഈ നോവലില്‍.

sameeksha-malabarinews

 

ഫഌറ്റില്‍ അമ്മയോടൊപ്പം തനിച്ചു താമസിക്കുന്ന ഒരു പതിമൂന്നുകാരി പെണ്‍കുട്ടിക്ക് തങ്ങളുടെ ഫഌറ്റിന് അഭിമുഖമായുള്ള ഫഌറ്റില്‍ പുതുതായി താമസത്തിനെത്തുന്ന എഴുത്തുകാരനോട് തോന്നുന്ന കൗമാരസഹജമായ പ്രണയം, അവളുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ സ്വാധീനമായി മാറുകയും അവളുടെ ജീവിതത്തിന്റെ ഗതിവിഗതികളെ തന്നെ നിയന്ത്രിക്കുന്ന തീക്ഷ്ണാഭിനിവേശമായി ജീവിതാന്ത്യം വരെ തുടരുകയും ചെയ്യുന്നതിന്റെ ഹൃദ്യമായ ചിത്രീകരണമാണ് ‘അജ്ഞാത കാമുകിയുടെ അവസാനത്തെ കത്ത്’.
തന്റെ കാമുകനോട് ഒരിക്കലും വെളിപ്പെടുത്താതെ തന്റെ ഹൃദയത്തോടു ചേര്‍ത്തു പിടിച്ച തീക്ഷ്ണ പ്രണയം തന്റെ ജീവിതത്തിലും ശരീരത്തിലും ആത്മാവിലും വിടര്‍ത്തിയ വസന്തങ്ങളെയും വര്‍ഷങ്ങളെയും ശിശിരങ്ങളെയും ഗ്രീഷ്മങ്ങളെയും അവസാനം ഒരു എഴുത്തിലൂടെ തുറന്നു പറയുകയാണ് നായിക. തന്റെ മരണശേഷം മാത്രം തന്റെ കാമുകന്റെ കൈയില്‍ എത്തിചേരും എന്ന് ഉറപ്പു വരുത്തിയ ഒരെഴുത്തിലൂടെ. ഏകാന്തവും ഏകപക്ഷീയവുമായ പ്രണയത്തെ താന്‍ ഉടലിലും ആത്മാവിലും വഹിച്ചതും അനുഭവിച്ചതും എങ്ങനെയെന്ന നായികയുടെ തുറന്നുപറച്ചിലിലൂടെ പ്രണയം സാഗരത്തേക്കാള്‍ അഗാധമാകുന്നതിന്റെ വിസ്മയിപ്പിക്കുന്ന സൗന്ദര്യമാണ് വായനക്കാരനു മുന്നില്‍ ഇതള്‍ വിരിയുന്നത്.
ഏകാന്തവും ഏകപക്ഷീയവും വേദനാജനകവും തിരസ്‌കൃതവുമായ തീക്ഷ്ണപ്രണയത്തിന് സ്റ്റെഫാന്‍ സൈ്വഗ് വാക്കുകള്‍ കൊണ്ടു തീര്‍ത്ത നിത്യസ്മാരകമാണ്  Letter from an unknown women  എന്ന നോവല്‍. ജര്‍മ്മന്‍ഭാഷയില്‍ സ്‌റ്റെഫാന്‍ സൈ്വഗ് തീര്‍ത്ത പ്രണയത്തിന്റെ ഈ അനശ്വര സ്മാരകത്തെ ശില്‍പഭംഗി ഒട്ടും ചോര്‍ന്നു പോകാതെ മലയാളത്തില്‍ പുനര്‍ നിര്‍മ്മിക്കുന്നതില്‍ പരിഭാഷാകാരനായ സുള്‍ഫി തീര്‍ത്തും വിജയിച്ചിരിക്കുന്നു. പ്രണയത്തെ അറിയുകയും വായിക്കുകയും അനൂഭവിക്കുകയും ചെയ്യുന്നതുപോലെ സൂക്ഷ്മവും അഗാധവുമായി വായിക്കപ്പെടേണ്ടതുണ്ട് ഈ പ്രണയപുസ്തകം.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!